ആ വി.ഐ.പി ശരത്ത്; പാസ്‌പോർട്ട് പിടിച്ചെടുത്തു
സ്വന്തം ലേഖകൻ
കൊച്ചി
നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ 'വി.ഐ.പി' ആരെന്ന് ഒടുവിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം കണ്ടെത്തി. ആലുവയിലെ സൂര്യ ഹോട്ടൽസ് ആൻഡ് ട്രാവൽസിന്റെ ഉടമ ശരത് ജി. നായർ ആണ് ആ വി.ഐ.പിയെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതി ദിലീപിന്റെ സുഹൃത്താണ് ശരത് ജി. നായർ. ശരത്തിനെ പ്രതിചേർത്തുള്ള സത്യാവാങ്മൂലം ക്രൈംബ്രാഞ്ച് കോടതിയിൽ നൽകും.
സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വി.ഐ.പിയെ തേടി രണ്ടുപേരിലേക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നത്. കോട്ടയം സ്വദേശിയും ഖത്തറിൽ ദിലീപിന്റെ ദേ പുട്ടുകടയുടെ പങ്കാളിയുമായ മെഹബൂബ് അബ്ദുല്ലയിലാണ് ആദ്യം ചെന്നെത്തിയത്. എന്നാൽ നിഷേധിച്ച് വ്യവസായി രംഗത്തുവന്നു. തുടർന്നാണ് രണ്ടാമത് സംശയ നിഴലിലായിരുന്ന ശരത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. പിന്നീട് ശരത്തിന്റെ ശബ്ദ സാംപിൾ ശേഖരിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചെങ്കിലും കിട്ടിയില്ല. ശരത് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയി.
ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം ശരത്തിന്റെ ആലുവയിലെ വീട്ടിൽ എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ ആറു മണിക്കൂറോളം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ശരത്തിന്റെ ജീവനക്കാരുടെ ഫോണിലെ ശബ്ദ സാംപിളുകൾ ക്രൈംബ്രാഞ്ച് പരിശോധിച്ചാണ് ബാലചന്ദ്ര കുമാർ നൽകിയ ഓഡിയോ ക്ലിപ്പിലെ ശബ്ദം ശരത്തിന്റേതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചത്. ജില്ലയിൽ നിന്നുള്ള ഒരു മന്ത്രിയുടെയും പ്രതിപക്ഷ നേതൃത്വത്തിലുള്ള മറ്റൊരാളുടെയും അടുത്ത സുഹൃത്താണ് ശരത്.
ശരത്ത് രാജ്യം വിടാതിരിക്കാൻ അദ്ദേഹത്തിന്റെ പാസ്‌പോർട്ട് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ദിലീപിന്റെ സഹോദരീ ഭർത്താവ് സൂരജിന്റെ ഫ്‌ളാറ്റിലും ശരത്തിന്റെ വസതിയിലും നടത്തിയ റെയ്ഡിൽ സിം കാർഡുകളും മൊബൈൽ ഫോണുകളും മെമ്മറി കാർഡുകളും ബിസിനസ് ഇടപാടുകളുടെ രേഖകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."