സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ കമ്മിറ്റി മനുഷ്യ ജാലിക ഓൺലൈൻ സംഗമം നടത്തി
ജിദ്ദ: ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തിൽ 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ' എന്ന സന്ദേശം ഉയർത്തിപ്പിച്ചു എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന മനുഷ്യ ജാലികക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 'മനുഷ്യ ജാലിക 2021' ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ചു വെർച്വലായി നടത്തപ്പെട്ട പരിപാടി പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു. മനുഷ്യ ജാലിക ഉയർത്തിപ്പിടിക്കുന്ന മഹത്തായ സന്ദേശം രാജ്യ വ്യാപകമായി ഇന്ന് ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും പുതു തലമുറക്ക് രാജ്യത്തിന്റെ പൈതൃകവും ഭരണഘടനയുടെ പ്രാധാന്യവും ബോധ്യപ്പെടുത്തിക്കൊടുക്കാൻ ഇത്തരം പരിപാടികൾ ഏറെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുസ്‍ലിംകളടക്കമുള്ള മത ന്യുനപക്ഷങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികൾ മറികടക്കാനും അഭിമാനകരമായ അസ്തിത്വം നിലനിർത്താൻ ആവശ്യമായ തിരിച്ചറിവ് ലഭിക്കാനും ഇത് കൊണ്ട് സാധിക്കുമെന്നും തങ്ങൾ പറഞ്ഞു.
ഇന്ത്യൻ മുസ്‍ലിംകൾ വെല്ലുവിളികൾ നേരിടുമ്പോഴെല്ലാം അവയെ നേരിടുന്നതിൽ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ നേതൃപരമായ പങ്ക് വഹിക്കാറുണ്ടെന്നും ആസാം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുസ്ലിംകളുടെ പൗരത്വ പ്രശ്‌നം ഉൾപ്പെടെ നിയമ പ്രശ്‍നങ്ങൾ പരിഹരിക്കാൻ സമസ്ത നേതാക്കൾ നേതൃത്വം നല്കിക്കൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ല എസ് വൈ എസ് പ്രസിഡന്റ് സ്വലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ പ്രമേയ പ്രഭാഷണം നടത്തി. മത സൗഹാർദ്ദവും സഹിഷ്‌ണുതയും രാജ്യത്തിൻറെ പൈതൃകമാണെന്നും രാജ്യത്തിന് പുരോഗതി ഉണ്ടാവണമെങ്കിൽ പൗരന്മാർക്കിടയിൽ സൗഹൃദം നിലനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. മത സൗഹാർദ്ദവും സാഹോദര്യവും ആഗ്രഹിക്കുന്ന ഇന്ത്യൻ ജനത വർഗീയതക്കെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമപ്രവർത്തകൻ ഹസ്സൻ ചെറൂപ്പ (സഊദി ഗസറ്റ്), മുസ്തഫ ഹുദവി കൊടക്കാട് എന്നിവർ പ്രഭാഷണം നടത്തി. എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് അൻവരി മോളൂർ മനുഷ്യ ജാലിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു അബുബക്കർ അരിമ്പ്ര (കെഎംസിസി), കെ. ടി. എ മുനീർ (ഒ ഐ സി സി), ഷിബു തിരുവനന്തപുരം (നവോദയ), എസ് ഐ സി ഉന്നതാധികാര സമിതി അംഗം അസീസ് പറപ്പൂർ തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു. എസ് ഐ സി സെൻട്രൽ കമ്മിറ്റി ചെയർമാൻ നജ്മുദ്ധീൻ ഹുദവി സമാപന പ്രസംഗം നടത്തി. സി. എച്ച് നാസർ ജാലിക ഗാനവും യാസീൻ എടപ്പറ്റ ദേശഭക്തി ഗാനവും ആലപിച്ചു. എസ് ഐ സി സെൻട്രൽ കമ്മിറ്റി ട്രഷറർ അബൂബക്കർ ദാരിമി ആലമ്പാടി പ്രർത്ഥന നടത്തി. ഉസ്മാൻ എടത്തിൽ പരിപാടിയുടെ അവതാരകനായിരുന്നു. എസ് ഐ സി മീഡിയ വിങ് ചെയർമാൻ മുഹമ്മദ് റഫീഖ് കൂളത്ത് സ്വാഗതവും മജീദ് പുകയൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."