യാത്രയുടെ തിളക്കം കെടുത്താന്‍ ആസൂത്രിത നീക്കം; പാര്‍ട്ടി പത്രത്തിലെ അട്ടിമറിക്കെതിരെ കേസുമായ് മാനേജ്‌മെന്റ്
കാസര്‍ഗോഡ്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ലഭിക്കുന്ന പൊതുസ്വീകാര്യതയുടെയും രാഷ്ട്രീയ പ്രാധാന്യത്തിന്റെയും തിളക്കം കെടുത്താന്‍ ആസൂത്രിത നീക്കം. സിപിഎമ്മുമായ് ചേര്‍ന്ന് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും കെപിസിസി മുഖപത്രത്തില്‍ അട്ടിമറി ശ്രമം നടത്തുകയും ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് മാനേജ്‌മെന്റ്.
യാത്രയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സപ്ലിമെന്റിലാണ് ആശംസകള്‍ എന്നതിന് പകരം മറ്റൊരു വാക്ക് കടന്നുവന്നത്. പേജ് ഫൈനല്‍ പ്രൂഫ് വായന കഴിഞ്ഞ് അംഗീകാരം നല്‍കിയ ശേഷമാണ് ഇത്തരമൊരു അട്ടിമറി നടന്നത്. പിഡിഎഫ് എടുക്കുന്നതിനിടയിലാണ് ഡിസൈനര്‍ കൂടിയായ ഡിടിപി ഓപ്പറേറ്റര്‍ പേജിലെ ആശംസകള്‍ എന്നത് മാറ്റി മറ്റൊരു വാക്ക് പകരം ചേര്‍ത്തത്. പത്രം പ്രിന്റ് ചെയ്ത ശേഷമാണ് ചതി മനസ്സിലായത്.
വീക്ഷണത്തിനെതിരെ സിപിഎമ്മിന് വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്ന വ്യക്തിയാണ് ഇത് ചെയ്തതെന്നും ഇദ്ദേഹത്തെ പുറത്താക്കിയെന്നും നിയമനടപടി സ്വീകരിച്ചെന്നും വീക്ഷണം വ്യക്തമാക്കി. സിപിഎമ്മിനുവേണ്ടിയാണ് ഇത്തരമൊരു തരംതാണ വേല ചെയ്തത്. അംഗീകരിച്ച് വിട്ട മാറ്ററില്‍ തിരുത്ത് വരുത്തിയ ശേഷം അയാള്‍ സ്ഥാപനം വിട്ടുപോകുകയും ചെയ്തു.
യാത്രയുടെ ശോഭ കെടുത്താന്‍ തലേ ദിവസം തന്നെ ദേശാഭിമാനിയില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ബന്ധപ്പെടുത്തിയായിരുന്നു ഈ വ്യാജ വാര്‍ത്ത. ഇത്തരം വ്യാജ വാര്‍ത്ത നല്‍കിയതിന് പിന്നിലും കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് പാര്‍ട്ടിയും പത്രവും ചൂണ്ടിക്കാട്ടി.
അതേസമയം ദുരുദ്ദേശത്തോടെയാണ് ഡിടിപി ഓപ്പറേറ്റര്‍ പ്രസ്തുത തിരുത്ത് വരുത്തിയതെങ്കിലും പ്രയോഗപരമായി തെറ്റല്ലെന്ന അഭിപ്രായം ഭാഷാ വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്. ആദരവോടെയുള്ള കൂപ്പുകൈ എന്നര്‍ത്ഥത്തിലാണ് സാധാരണ അത്തരം പ്രയോഗങ്ങള്‍ നടത്താറുള്ളത്. ബഹുമാനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഫൈനല്‍ പ്രൂഫിന് ശേഷം അത്തരമൊരു തിരുത്ത് വരുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും നിയമനടപടിയുമായ് മുന്നോട്ടു പോകുമെന്നും പത്രം ഉറപ്പിച്ചു പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."