ശബരിമലയില്‍ കരട് നിയമവുമായി യു.ഡി.എഫ്; അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന നിയമം പുറത്തുവിട്ടു
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കരട് നിയമം പ്രഖ്യാപിച്ച് യു.ഡി.എഫ്. കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇതുമായി ബന്ധപ്പെട്ട കരട് നിയമം പുറത്തുവിട്ട് വീണ്ടും ശബരിമല വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കിയത്. യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ശബരിമലയില്‍ നടപ്പാക്കാന്‍ പോകുന്നകാര്യങ്ങളാണ് കരടില്‍ വ്യക്തമാക്കുന്നത്.
ആചാരലംഘനം നടത്തിയാല്‍ രണ്ടുവര്‍ഷംവരേ തടവ് ശിക്ഷവരെ ലഭിക്കുമെന്ന് കരടില്‍ പറയുന്നു. തന്ത്രിയുടെ അനുമതിയോടെ പ്രവേശന നിയന്ത്രണം നടപ്പാക്കുമെന്നും കരടില്‍ പറയുന്നു. എന്നാല്‍ ശബരിമലവിഷയത്തിലെ യു.ഡി.എഫ് നിലപാട് തട്ടിപ്പാണെന്ന് ബി.ജെ.പി പ്രതികരിച്ചു. ഇതില്‍ ഒരു ആത്മാര്‍ഥതയുമില്ലെന്നും വോട്ടുതട്ടാനുള്ള തന്ത്രം മാത്രമാണെന്നും എം.ടി രമേശ് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് അവ്യക്തതകളില്ലെന്നും ആവശ്യമായ സമയത്ത് സുവ്യക്തമായ നടപടിയുണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചിലര്‍ രണ്ടു വോട്ടുകിട്ടുമോ എന്നുനോക്കാന്‍ ഇപ്പോള്‍ ശബരിമലയുടെ സംരക്ഷകരായി മാറിയിട്ടുണ്ട്. ഇതൊന്നും കേരളത്തില്‍ ചെലവാകില്ല. തദ്ദേശതിരഞ്ഞെടുപ്പിലും മറ്റും ഇതൊക്കെ എത്രകണ്ടതാണെന്നും എന്നിട്ടെന്തുണ്ടായെന്നും അദ്ദേഹം ചോദിച്ചു.
സുപ്രിം കോടതിയുടെ റിവ്യു ഹരജിയുടെ ഭാഗമായി എന്തെങ്കിലും വിധിയുണ്ടായാല്‍ അതനുസരിച്ചുള്ള നിലപാടുകള്‍ സര്‍ക്കാര്‍ അപ്പോള്‍ സ്വീകരിക്കും. അതപ്പോള്‍ എടുക്കേണ്ട തീരുമാനമാണ്. ഇപ്പോള്‍ പറയേണ്ടതല്ല.
നേരത്തെ സുപ്രീംകോടതി വിധി പ്രസ്താവിച്ചു. പിന്നീട് ആ വിധി റിവ്യൂ ചെയ്യാന്‍ തീരുമാനിച്ചു. ശബരിമലയില്‍ കാര്യങ്ങളൊക്കെ സാധാരണ നിലയില്‍ പുരോഗമിക്കുന്നത്. സുപ്രീംകോടതി വിധി പുനഃപരിശോധിക്കാന്‍ തീരുമാനിച്ച ശേഷം എന്തേലും പ്രശ്നം ശബരിമലയില്‍ ഉണ്ടായോ? അപ്പോഴാണ് യുഡിഎഫിലെ ചിലര്‍ക്ക് ശബരിമല വിഷയം എടുത്തിട്ടാല്‍ കുറച്ചു വോട്ടു കിട്ടും എന്നു തോന്നിയത്. കോടതിവിധി വന്നാലാണ് ഇനി ഞങ്ങള്‍ക്ക് റോള്‍ വരുന്നത്.
ആ ഘട്ടത്തില്‍ മാത്രമേ സര്‍ക്കാര്‍ നിലപാട് എടുക്കേണ്ട കാര്യമുള്ളൂ. ഇപ്പോള്‍ അതില്‍ തന്നെ ഒരു വിവാദവും ഉണ്ടാക്കാന്‍ ഞങ്ങള്‍ നില്‍ക്കേണ്ട കാര്യമില്ല. എല്ലാവരുമായും കൂടിയാലോചിക്കേണ്ട സമയം ഇതല്ല. ഇപ്പോള്‍ അവിടെ ഒരു പ്രശ്നവുമില്ല. പിന്നെ എന്താണ് ശബരിമലയില്‍ ചെയ്യേണ്ടത്? അവിടെ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍, അതല്ലെങ്കില്‍, സുപ്രീംകോടതിയില്‍ നിന്നും ഒരു വിധി വരുന്നുവെങ്കില്‍ അപ്പോള്‍ ചര്‍ച്ച ചെയ്യാം. സുപ്രീംകോടതിയില്‍ നിന്നും ചര്‍ച്ച ചെയ്യേണ്ടതായ ഒരുവിധി വന്നാല്‍ അപ്പോള്‍ പൊതുസമൂഹത്തിന്റെ അഭിപ്രായം ആരായാം. ഞങ്ങള്‍ ഇപ്പോ നിയമം കൊണ്ടു വരും എന്നു പറഞ്ഞു നടന്നവരില്ലേ? എന്നിട്ട് എവിടെ നിയമം? ഇതൊരു തെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റാനാണ് ശ്രമമെന്നുമായിരുന്നു ഇന്നലെ
പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."