സഊദിയിൽ വൈറസ് വ്യാപനം കൂടുതൽ ചെറുകിട സ്ഥാപനങ്ങളിൽ നിന്ന്
റിയാദ്: രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം ഏറ്റവും കൂടുതൽ ജനവാസ മേഖലയിലെ ചെറുകിട സ്ഥാപനങ്ങളിൽ നിന്നാണെന്ന് മന്ത്രാലയം. മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്സ് മന്ത്രാലയ വക്താവ് അഹ്മദ് ഖത്താൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏറ്റവും കൂടുതൽ വൈറസ് വ്യാപനം നടക്കുന്നത് ജനവാസ കേന്ദ്രങ്ങളിലെ ചെറുകിട സ്ഥാപനങ്ങളിൽ നിന്നാണെന്നാണ് മന്ത്രാലയത്തിന്റെ കണ്ടെത്തലെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടങ്ങളിലെ ബേക്കറി, ബഖാലകൾ, ബാർബർഷോപ്പുകൾ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വൈറസ് വ്യാപനം നടക്കുന്നത്. ചെറുകിട സ്ഥാപനങ്ങളുടെ ഉടമകൾ ഇതിനെതിരെ ജാഗരൂകരാകണമെന്നും ശക്തമായ മന്ത്രാലയ നടപടികൾ പൂർണ്ണമായും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, രാജ്യത്ത് ശക്തമായ പരിശോധനകളാണ് നടക്കുന്നത്. വൈറസ് വ്യാപന നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. മുൻകരുതൽ നടപടികൾ പാലിക്കാത്ത നൂറുകണക്കിന് സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യവ്യാപകമായി പരിശോധനകൾ ശക്തമായി നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."