ഉത്തരേന്ത്യന്‍ വോട്ടര്‍മാരെ കുറിച്ച പ്രസ്താവനയില്‍ രാഹുല്‍ വ്യക്തമാക്കണം; കപില്‍ സിബലിന് പിന്നാലെ വിമര്‍ശനവുമായി ആനന്ദ് ശര്‍മയും
ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍മാര്‍ വടക്കേ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമാണ് എന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ശക്തമാവുന്നു. മുതിര്‍ന്ന നേതാവ് കപില്‍ സിബലിന് പിന്നാലെ പ്രസ്താവനയെ വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മയും രംഗത്തെത്തി. തന്റെ പ്രസ്താവനയില്‍ രാഹുല്‍ വ്യക്തത വരുത്തണമെന്നു തന്നെയാണ് ശര്‍മ്മയും ആവശ്യപ്പെടുന്നത്.
'രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികരിച്ചതാകാം. ഏതു സാഹചര്യത്തിലാണ് അദ്ദേഹം അത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയത് എന്ന് അദ്ദേഹത്തിന് മാത്രമേ വ്യക്തമാക്കാനാകൂ. പ്രസ്താവന സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ ഉണ്ടാകരുത്' ആനന്ദ് ശര്‍മ്മ പറഞ്ഞു.
'സ്വാതന്ത്ര്യത്തിന് ശേഷം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, ലാല്‍ ബഹദൂര്‍ ശാസ്ത്രി, അടല്‍ ബിഹാരി വാജ്‌പേയി തുടങ്ങിയ പ്രധാനമന്ത്രിമാരെല്ലാം യുപിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഈയിടെ മന്‍മോഹന്‍ സിങ്ങും ഉത്തരേന്ത്യയില്‍ നിന്നാണ് രാജ്യസഭയിലെത്തിയത്. കോണ്‍ഗ്രസ് ഒരു മേഖലയെ ഒരിക്കല്‍ പോലും അവമതിച്ചിട്ടില്ല' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുലിന്റെ പരമാര്‍ശം അമേത്തിയിലെ ജനങ്ങളോടുള്ള നന്ദികേടാണ് എന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിമര്‍ശനത്തിനും ശര്‍മ മറുപടി നല്‍കി. രാഹുല്‍ എല്ലായ്‌പ്പോഴും അഖണ്ഡ ഇന്ത്യക്കു വേണ്ടിയാണ് നില കൊണ്ടിട്ടുള്ളത് എന്ന് ശര്‍മ്മ ചൂണ്ടിക്കാട്ടി.
പരാമര്‍ശത്തിനെതിരെ കപില്‍ സിബലും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഉത്തരേന്ത്യയായാലും ദക്ഷിണേന്ത്യയായാലും വോട്ടര്‍മാരുടെ വിവേകത്തെ ബഹുമാനിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്നും എന്തുകൊണ്ടാണ് വോട്ട് ചെയ്യേണ്ടതെന്നും അവര്‍ക്ക് നന്നായി അറിയാമെന്ന് ചൂണ്ടിക്കാട്ടിയ കപില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയെ കുറിച്ച് പറയാന്‍ താനാരുമല്ലെന്നും കൂട്ടിച്ചേര്‍ത്തു. ഏത് സാഹചര്യത്തിലാണ് അത് പറഞ്ഞതെന്ന് അദ്ദേഹത്തിന് തന്നെ വിശദീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. 'പതിനഞ്ചു വര്‍ഷം ഞാന്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള എംപിയായിരുന്നു. ഞാന്‍ വിവിധ തരത്തിലുള്ള രാഷ്ട്രീയം കണ്ടിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലേക്ക് വരുന്നത് വളരെ ആഹ്ലാദകരമായിരുന്നു. ഇവിടത്തെ ജനങ്ങള്‍ കാര്യങ്ങളെ ഉപരിപ്ലവമായി മാത്രമല്ല കാണുന്നത്. വിശദമായി തന്നെ അവര്‍ക്ക് കാര്യങ്ങള്‍ അറിയാം' എന്നാണ് രാഹുല്‍ പറഞ്ഞത്.
പ്രസ്താവന ഉത്തരേന്ത്യന്‍ വിരുദ്ധമാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്. ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നേതാവ് നടത്തുന്നത് എന്നും ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."