ഓണപ്പരീക്ഷയെത്തിയിട്ടും ജില്ലയിലെ അണ്‍എയ്ഡഡ് സ്കൂളുകളില്‍ പാഠപുസ്തകമില്ല
കൊച്ചി: ജില്ലയിലെ അണ്‍എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണപ്പരീക്ഷയായിട്ടും പാഠപുസ്തകമെത്തിയിട്ടില്ല. എട്ടാം ക്ലാസിലെ ഇംഗ്ലീഷ് മീഡിയം അടിസ്ഥാന ശാസ്ത്രം, ഒമ്പത്, പത്ത് ക്ലാസുകളിലെ ഐ.ടി എന്നീ പാഠപുസ്തകങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് ഇനിയും ലഭിക്കാനുള്ളത്. ഈ മാസം 29നാണ് ഓണപ്പരീക്ഷ ആരംഭിക്കുന്നത്.
അണ്‍എയ്ഡഡ് സ്കൂളുകളില്‍ പാഠപുസ്തകം ലഭിക്കുന്നതിനായി സര്‍ക്കാരിലേക്ക് ഫീസ് അടക്കേണ്ടതുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ വരും അധ്യയന വര്‍ഷത്തിലേക്കുള്ള ഫീസ് അടച്ചിട്ടും ഇതുവരെയും മുഴുവന്‍ പുസ്തകങ്ങളും ലഭിച്ചിട്ടില്ല. എറണാകുളം ജില്ലയിലെ അണ്‍എയ്ഡഡ് സ്കൂളുകളിലേക്കുള്ള അച്ചടിച്ച പാഠപുസ്തകങ്ങള്‍ കാക്കനാട് കെ.പി.പി.എസ് ഹബ്ബില്‍ നിന്ന് ആലുവയിലാണ് സ്റ്റോക്ക് ചെയ്യുന്നത്. തുടര്‍ന്ന് ടെക്സ്റ്റ് ബുക്സ് ഓഫീസറുടെ റിലീസിംഗ് ഓര്‍ഡര്‍ ലഭിക്കുന്ന മുറയ്ക്ക് സ്കൂള്‍ അധികൃതര്‍ ആലുവയിലെത്തി പുസ്തകങ്ങള്‍ ശേഖരിക്കും.
അധ്യയന വര്‍ഷം ആരംഭിച്ചത് മുതല്‍ സ്കൂള്‍ അധികൃതര്‍ ആലുവ ഡിപ്പോ ആയി ബന്ധപ്പെട്ടെങ്കിലും പുസ്തകങ്ങള്‍ സ്റ്റോക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഉയര്‍ന്ന തസ്തികയിലുള്ളവരുമായും ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി നാളിതുവരെ ലഭിച്ചിട്ടില്ലെന്ന് സ്കൂള്‍ അധികൃതര്‍ ആരോപിക്കുന്നു.
സര്‍ക്കാര്‍ സ്കൂളുകളിലെ പാഠപുസ്തകം ഫോട്ടോസ്റ്റാറ്റ് എടുത്താണ് നിലവില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. എന്നാല്‍, പാഠപുസ്തകങ്ങള്‍ എണ്ണത്തില്‍ മാത്രമാണ് കുറവെന്നും, പുസ്തകമില്ലാത്തത് പരീക്ഷയെ ബാധിക്കില്ലെന്നും, ഈ വിഷയത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷന്‍ എം.കെ ഷൈന്മോന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."