ശവങ്ങളുടെ താഴ്‌വര
നടപ്പാതയിലേക്ക് ചാഞ്ഞുകിടക്കുന്ന പുല്ലുകള്‍ വകഞ്ഞുമാറ്റി ഞങ്ങള്‍ നടന്നു. മുള്ളുവള്ളികള്‍ തോളിലെ സഞ്ചി പിറകോട്ടു ആഞ്ഞു വലിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
ഇരുള്‍ നിറഞ്ഞ ഊടു വഴികള്‍.
പരിചയമുള്ള വഴിയായതുകൊണ്ടാവാം അയാള്‍ക്ക് വേഗത കൂടുതലായിരുന്നു. ഇടയ്ക്കിടക്കു അയാളെന്നെ തിരിഞ്ഞു നോക്കികൊണ്ടിരുന്നു. അപ്പോഴെല്ലാം അയാളുടെ മുഖത്ത് ആ നിഗൂഢത മറഞ്ഞിരുന്നു.
ചെറുപ്പം മുതലേ അയാളെ എനിക്ക് പേടിയായിരുന്നു. അനുസരണയില്ലാത്ത ചെമ്പിച്ച നീണ്ട ജഡപിടിച്ച താടിയും കുഴിഞ്ഞ കണ്ണുകളില്‍ നിറഞ്ഞിരുന്ന നിര്‍വികാരതയും അയാളെ എന്റെയും നാട്ടുകാരുടെയും ഇടയില്‍ ഒരു നിഗൂഢ ജീവിയാക്കി. എങ്കിലും അയാളുടെ കരനിര്‍മിതി ഞങ്ങളില്‍ അത്ഭുതം ജനിപ്പിച്ചിരുന്നു. അയാളുടെ നിര്‍മിതികളിലും നിഗൂഢതയുണ്ടെന്നാണ് നാട്ടുകാരുടെ സംസാരം. ഉറപ്പിലും ഈടിലും ഭംഗിയിലും അയാളുടെ നിര്‍മിതിയെ വെല്ലാന്‍ ആരും ഉണ്ടായിരുന്നില്ല. ആഭരണങ്ങള്‍, പാത്രങ്ങള്‍, ആയുധങ്ങള്‍ അങ്ങനെ അങ്ങനെ പലതും അയാളുടെ കരസ്പര്‍ശത്തില്‍ രൂപംകൊണ്ടു.
ഒരു പണിയുമില്ലാതെ അലഞ്ഞുനടക്കുന്നത് കണ്ടിട്ടാണ് അമ്മാവന്‍ അയാളുടെ സഹായിയായി നിര്‍ത്തിയത്. അധികമാരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു അയാളുടേത്. ഇങ്ങോട്ടു പുറപ്പെട്ടപ്പോഴും സഞ്ചി എന്റെ മുന്നിലേക്ക് നീട്ടിയെന്നല്ലാതെ ഒന്നും പറഞ്ഞില്ല. അയാള്‍ വീണ്ടും എന്നെ ഒന്ന് തിരിഞ്ഞുനോക്കി. ഞാന്‍ മുന്നോട്ടാഞ്ഞു നടന്നു. താഴ്‌വര അടുക്കുന്തോറും എന്റെ ഉള്ളില്‍ ഭീതി പടര്‍ന്നു.
കത്തിയെരിയുന്ന മാംസ ഗന്ധവും മനുഷ്യ ജഡങ്ങളുടെ ചീഞ്ഞളിഞ്ഞ ദുര്‍ഗന്ധവും നാസിക തുളഞ്ഞ് പോയിക്കൊണ്ടിരുന്നു. കാലന്‍കോട്ടയുടെ മുന്നില്‍ അയാള്‍ നിന്നു, കൂടെ ഞാനും. അവിടുത്തെ കാഴ്ചകള്‍ എന്നിലുണ്ടായിരുന്ന ഭയത്തെ പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ പോന്നവയായിരുന്നു. കുമിഞ്ഞ് കൂടിയ അഴുകിയ ശവങ്ങള്‍, അതിന് ചുറ്റും വലംവയ്ക്കുന്ന ഈച്ചകളുടെ ഇരമ്പല്‍, താഴ്‌വരക്ക് ചുറ്റും വളര്‍ന്നുനില്‍ക്കുന്ന കാട്ടുതെച്ചിക്കും ശവംനാറിപൂക്കള്‍ക്കും കൂട്ടിരിക്കുന്ന വിഷതുമ്പികളുടെ മൂളലുകല്‍, ശൂന്യതയില്‍ നിന്ന് കണ്ണുകള്‍ ചൂഴ്‌ന്നെടുക്കാന്‍ വരുന്ന പരുന്തിന്‍ കാലുകള്‍, മനുഷ്യ ശരീരത്തിന്റെ ഉള്ളറകള്‍ തേടുന്ന ശവംതീനികള്‍, എരിഞ്ഞു തീരാറായ ചിതയില്‍ നിന്ന് ഉയരുന്ന പുകപടങ്ങള്‍...
ഇത് ശവങ്ങളുടെ താഴ്‌വര
വിജനം... അല്ലെങ്കിലും ശവങ്ങളുടെ താഴ്‌വരയില്‍ കാവലാളെന്തിന്.
താഴ്‌വരയിലെ ഇടിഞ്ഞുപൊളിഞ്ഞ കാലന്‍ കോട്ടയുടെ തിണ്ണയില്‍ ഞങ്ങള്‍ ഇരുന്നു.
കോട്ടക്കകത്തു നിറയെ ഭീതി ജനിപ്പിക്കുന്ന മുഖമുള്ള കടവാവലുകള്‍. അവയുടെ ചിറകടി ശബ്ദവും കരച്ചിലും കോട്ടക്കുള്ളില്‍ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. ശവങ്ങളുടെ താഴ്‌വരയില്‍ ആദ്യമായിട്ടാണ് ഞാന്‍ വരുന്നത്. മുത്തശ്ശനെ ദഹിപ്പിച്ചതും ഇവിടെയായിരുന്നു.
താഴ്‌വരയിലേക്ക് തിരിയുന്ന ഊടുവഴിവരെ അന്ന് വരാന്‍ അനുവദിച്ചുള്ളൂ.
പിന്നെ അച്ഛനും ചെറിയച്ചനും രണ്ട് സഹായികളും മാത്രേ പോയുള്ളൂ. പോവാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അച്ഛന്‍ തടഞ്ഞു.
താഴ്‌വരയിലെ കാലന്‍ കോട്ടയെക്കുറിച്ച് മുത്തശ്ശന്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. നാട്ടുരാജാക്കന്മാരുടെ ഭരണകാലത്ത് തടവുപുള്ളികളെ പാര്‍പ്പിച്ചിരുന്ന തടവറയായിരുന്നു ഈ കോട്ട. പട്ടിണിക്കിട്ട് കൊല്ലുന്നതായിരുന്നു അന്നത്തെ ശിക്ഷാരീതി. വിശന്നു മരണമടയുന്നവരെ താഴ്‌വരയിലെ കഴുകന്മാര്‍ക്കും, പരുന്തുകള്‍ക്കും ഇട്ടുകൊടുക്കും. അങ്ങനെയാണ് ഈ കോട്ടക്ക് കാലന്‍ കോട്ട എന്ന് പേര് വീണത്.
പിന്നീട് നാട്ടുകാരും തങ്ങളുടെ ആരെങ്കിലും മരണപ്പെട്ടാല്‍ താഴ്‌വരയില്‍ ഉപേക്ഷിക്കാന്‍ തുടങ്ങി. ചിലര്‍ ദഹിപ്പിക്കും. രാജഭരണം അവസാനിച്ചെങ്കിലും നാട്ടുകാര്‍ ഇത് തുടര്‍ന്നുപോന്നു. ഇപ്പൊ ഇവിടുത്തെ ഒരു ആചാരമായി മാറിയിട്ടുണ്ട്.
എരിഞ്ഞുതീരുന്ന ചിതയില്‍ നിന്നു പുകച്ചുരുളുകള്‍ അന്തരീക്ഷത്തില്‍ പല രൂപങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ചിലത് ശരീരത്തില്‍ നിന്നു വിട്ടുപോകുന്ന ആത്മാവാണെന്ന് തോന്നിപ്പിച്ചു. പെട്ടെന്നാണ് തന്നെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന പുക വമിക്കുന്ന ആ രണ്ടു തീക്ഷ്ണമായ കണ്ണുകള്‍ ഞാന്‍ കണ്ടത്. വലിയൊരു ചിറകടി ശബ്ദത്തോടെ അത് പറന്നിറങ്ങി. കോട്ടയുടെ ഇടിഞ്ഞുവീണ ഒരു തൂണിലിരുന്നു ചിറകുകള്‍ ചികയുന്നിതിനിടെ എന്നെയൊന്നു ചെരിഞ്ഞുനോക്കി, രൂക്ഷമായി. അല്ലെങ്കിലും കഴുകന്‍മാരുടെ കണ്ണുകളില്‍ എപ്പോഴും ആ തീക്ഷ്ണത കാണാം. ലോകത്തോട് മുഴുവന്‍ പകയുള്ളത് പോലെ..
മനുഷ്യന്‍ അവന്റെ കിതപ്പ് അവസാനിപ്പിക്കുന്നത് ഇവിടെയാണ്, ഈ താഴ്‌വരയില്‍. എല്ലാ ഓട്ടങ്ങളും ഇവിടെ അവസാനിക്കുന്നു. ഞാന്‍ ആ ശവകൂനയിലേക്ക് അല്‍പനേരം നോക്കിയിരുന്നു. ചിത എരിഞ്ഞു തീര്‍ന്നിരിക്കുന്നു. അയാള്‍ തന്റെ കയ്യിലുള്ള ഇരുമ്പ് ദണ്ഡുമായി എണീറ്റു. ദണ്ഡ് കൊണ്ട് ചിതയില്‍ തിരയാന്‍ തുടങ്ങി. കിതപ്പിന്റെ അവശേഷിപ്പുകള്‍ തേടി ദണ്ഡ് കനലിനിടയിലൂടെ ഇഴഞ്ഞു. തടയുന്ന ഓരോ എല്ലിന്‍ കഷ്ണങ്ങളും അയാള്‍ നീക്കിനിര്‍ത്തി. ഞാന്‍ അവയെല്ലാം പെറുക്കി സഞ്ചിയിലിട്ടു. പിന്നെ അയാള്‍ ശവകൂനയുടെ അടുത്തേക്ക് നടന്നു. ആയാളുടെ കുഴിഞ്ഞ കണ്ണുകള്‍ ശവങ്ങള്‍ക്കിടയിലൂടെ എന്തോ പരതികൊണ്ടിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അത്രേം പഴക്കമെത്താത്ത അഴുകാന്‍ തുടങ്ങിയ ഒരു ശരീരത്തില്‍ കണ്ണുകള്‍ ഉടക്കി. ശവക്കൂനയില്‍ നിന്ന് അതിനെ വലിച്ചെടുത്ത് അതിന്റെ അസ്ഥികള്‍ ഊരിയെടുക്കാന്‍ തുടങ്ങി. ഞാന്‍ സ്തംഭിച്ചുനിന്നു. സഞ്ചിയിലേക്കു പെറുക്കിയിടാന്‍ അയാള്‍ ദേഷ്യത്തോടെ എന്നോട് ആംഗ്യം കാണിച്ചു. ഓരോന്ന് പെറുക്കിയിടുന്നതിനിടയിലാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. ശവക്കൂനയിലെ പഴകിയ ഒരു ശരീരത്തിലും അസ്ഥികളുണ്ടായിരുന്നില്ല. അയാളില്‍ നിന്നു നിഗൂഢതയുടെ മുഖംമൂടി എനിക്കുമുന്നില്‍ അഴിഞ്ഞുവീണു. ഓരോ അസ്ഥികളും ഞാന്‍ പെറുക്കിയിട്ടു, മനുഷ്യാസ്ഥിയുടെ മറ്റൊരു പരിണാമത്തിനായി, കിതപ്പില്ലാത്ത... തുടിപ്പില്ലാത്ത...
തിരിച്ച് നടക്കുമ്പോള്‍ പാതി ചിതല്‍ വിഴുങ്ങിയ മരത്തടിയിലിരുന്ന് കഴുകന്‍ എന്നെ വീണ്ടുമൊന്നു ചെരിഞ്ഞുനോക്കി. ആ നോട്ടത്തില്‍ പകക്കപ്പുറം പുച്ഛവും നിഴലിച്ചിരുന്നു. അപ്പോഴും, എരിഞ്ഞടങ്ങിയ ചിത വീശുന്ന കാറ്റില്‍ നീറിക്കൊണ്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."