ലീഗ് കപ്പ് ; ചാംപ്യൻ ലിവർപൂൾ
വെംബ്ലി
അത്യന്തം നാടകീയത നിറഞ്ഞ പോരാട്ടത്തിനൊടുവിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ ചെൽസിയെ വീഴ്ത്തി ലീഗ് കപ്പ് കിരീടം സ്വന്തമാക്കി ലിവർപൂൾ.
120 മിനുട്ട് കളിച്ചിട്ടും വിജയ ഗോൾ നേടാൻ ഇരുടീമുകൾക്കുമായില്ല. ഒടുവിൽ ചെൽസിയും ലിവർപൂളും 11 പെനാൽട്ടി കിക്കുകൾ വീതം തൊടുത്ത പോരാട്ടത്തിൽ വിജയവും കിരീടവും ലിവർപൂളിനെ തേടി എത്തുകയായിരുന്നു.
ഒൻപത് തവണ കിരീടം ഉയർത്തിയ റെക്കോഡും ലിവർപൂൾ സ്വന്തമാക്കി. ആവേശകരമായ പോരാട്ടത്തിൽ ഇരുടീമുകളും നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും സമനില പാലിച്ചു.
കിരീട ജേതാവിനെ കണ്ടെത്താൻ ഒടുവിൽ പെനാൽട്ടി ഷൂട്ടൗട്ട്. ഓരോ കിക്കും ലക്ഷ്യത്തിൽ എത്തിച്ചു ഇരുടീമുകളുടെയും താരങ്ങൾ വീറും വാശിയും പ്രകടമാക്കി. ചെൽസി ഗോൾ കീപ്പർ കെപയുടെ അവസാന കിക്ക് ബാറിന് മുകളിലൂടെ പറന്നു. കിരീടം ലിവർപൂളിന് സ്വന്തം.
വാറും ഗോൾ കീപ്പർമാരുമായിരുന്നു കളിയുടെ പൂർണ സമയത്ത് ഗോൾ പിറവിക്ക് തടസമായി നിന്നത്. ഇരുടീമുകളും ഗോളുകൾ വീഴ്ത്തിയെങ്കിലും വാർ ഇടപെടൽ തിരിച്ചടിയായി. ഇതോടെയാണ് ജേതാവിനെ നിശ്ചയിക്കാൻ കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. ആ സമയവും ഗോൾ പിറക്കാതെ കടന്നു പോയി. ഒടുവിൽ പെനാൽട്ടി ഷൂട്ടൗട്ടിലെ ഒരൊറ്റ പിഴവിൽ ചെൽസിക്ക് കിരീടം നഷ്ടമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."