ഉക്രൈനില്‍ നിന്ന് ഒരു വിമാനം കൂടി ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി: മരണം മണക്കുന്ന യുദ്ധഭൂമിയില്‍ നിന്ന് ഒരു വിമാനം കൂടി ഇന്ത്യയിലെത്തി. ബുഡാപെസ്റ്റില്‍ നിന്നുള്ള 269 യാത്രക്കാരാണ് വിമാനത്തിലുള്ളത്. കേന്ദ്രമന്ത്രി ജിതേന്ദ്ര കുമാര്‍ ഇവരെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഉക്രൈനില്‍ നിന്ന് ഇന്ത്യയിലെത്തുന്ന പതിനൊന്നാമത്തെ വിമാനമാണിത്.
24 മണിക്കൂറിനിടെ ആറ് വിമാനങ്ങളാണ് ഇന്ത്യക്കാരുമായി നാട്ടിലേക്ക് പറക്കുന്നത്. 1377 പേര്‍ ഇന്ന് നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്ന് ദിവസത്തിനുള്ളില്‍ 26 വിമാനങ്ങള്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് അയക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. വ്യോമസേന വിമാനം നാളെ രാവിലെ റൊമാനിയയിലേക്ക് പോകും. അതേ സമയം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം റൊമേനിയിലേക്ക് പുറപ്പെട്ടു. പുലര്‍ച്ചെ നാല് മണിയോടെ ഹിന്‍ഡന്‍ സൈനികത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. ഇതുവരെ 2500 ലധികം ഇന്ത്യക്കാര്‍ മിഷന്റെ ഭാഗമായി തിരികെ എത്തിയിട്ടുണ്ട്. അതേസമയം കര്‍ക്കിവില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ക്കുള്ള പദ്ധതി ഊര്‍ജ്ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കീവില്‍ ഇന്ത്യക്കാര്‍ ആരും തന്നെ ഇല്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കീവ് പിടിക്കാന്‍ റഷ്യ കടുത്ത പോരാട്ടമാണ് നടത്തുന്നത്. ഉക്രൈന്‍ സൈന്യം ശക്തമായ ചെറുത്തുനില്‍പ്പാണ് കീവില്‍ കാഴ്ചവെയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."