ജനറല്‍ യോഗ്യത നേടിയാല്‍ സംവരണത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: സംവരണ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥി ജനറല്‍ വിഭാഗത്തില്‍ യോഗ്യത നേടിയാല്‍ സംവരണവിഭാഗത്തില്‍ ഉള്‍പ്പെടുത്തി നിയമനം നല്‍കരുതെന്ന് സുപ്രിംകോടതി. അവരെ ജനറല്‍ വിഭാഗത്തില്‍ തന്നെ ഉള്‍പ്പെടുത്തണം. ഇത്തരം കേസുകളില്‍ സംവരണ തസ്തിക പിന്നാലെ വരുന്നവര്‍ക്കായി ഒഴിച്ചിടണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
തമിഴ്‌നാട്ടിലെ 2018-19ലെ പോസ്റ്റ് ഗ്രാജ്വേറ്റ് അസിസ്റ്റന്റ് ഇന്‍ കെമിസ്ട്രി തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയുകയായിരുന്നു ജസ്റ്റിസുമാരായ എസ്.കെ കൗള്‍, ദിനേശ് മഹേശ്വരി, റിഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച്.
മെറിറ്റില്‍ യോഗ്യത നേടിയ പിന്നോക്ക വിഭാഗക്കാരെ പിന്നോക്കക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ സംവരണലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്നും അവരെ മെറിറ്റില്‍ നിന്നെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കെ. ശോഭന എന്ന വ്യക്തിയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
ഇതു സുപ്രിംകോടതി ശരിവയ്ക്കുകയായിരുന്നു. പോസ്റ്റ് ഗ്രാജ്വേറ്റ് അസിസ്റ്റന്റ് ഇന്‍ കെമിസ്ട്രിയില്‍ 356 സീറ്റുകളാണുണ്ടായിരുന്നത്. ഇതില്‍ 117 സീറ്റുകള്‍ കൂടുതല്‍ പിന്നോക്കമായവര്‍ക്കും അതത് കമ്മ്യൂണിറ്റി വിഭാഗങ്ങള്‍ക്കുമായി സംവരണം ചെയ്തിരുന്നു. ഇതിലേക്കായിരുന്നു മെറിറ്റില്‍ യോഗ്യത നേടിയ സംവരണ വിഭാഗക്കാരെ ഉള്‍പ്പെടുത്തിയത്.
ഓരോ വിഭാഗത്തിനും ഏതെല്ലാം രീതിയില്‍ നിയമനം നടത്തണമെന്നും കോടതി വിശദമായ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ഒഴിവുവരുന്ന സീറ്റുകളിലേക്ക് എങ്ങനെ നിയമനം നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."