HOME
DETAILS

അത് ക്ഷമയോടെ കേള്‍ക്കാന്‍ ഇനി ആറ്റപ്പു ഇല്ലല്ലോ

  
backup
March 06 2022 | 17:03 PM

i-do-not-know-what-to-do-with-it

 

ഡോ. ശഫീഖ് റഹ്മാനി വഴിപ്പാറ

ഹൈദര്‍ എന്ന അറബിപദത്തിനര്‍ഥം ധീരന്‍, സിംഹം എന്നൊക്കെയാണ്. അലി എന്നത് ഇസ്‌ലാമിക ചരിത്രത്തിലെ ധീരനായ നാലാം ഖലീഫയുടെ പേരും. ഉന്നതന്‍ എന്ന അര്‍ഥമാണ് അതിന് അറബിയില്‍. രണ്ടു വാക്കും ഒരുമിച്ചു ചേര്‍ന്നാല്‍ ഹൈദരലി എന്നായി. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ അഞ്ചു ആണ്‍മക്കളിലെ മൂന്നാമത്തെ കണ്‍മണിക്ക് ഹൈദരലി എന്ന പേരു നല്‍കുമ്പോള്‍ പിതാവ് മനസില്‍ ഒരുപാട് നന്മകള്‍ വിചാരിച്ചിട്ടുണ്ടാകണം. മറ്റു നാലു കണ്‍മണികളെയും പോലെത്തന്നെ പിതാവിന്റെ നന്മവിചാരങ്ങളുടെ പൂര്‍ത്തീകരണമായി ഹൈദരലി എന്ന കുറിയ മനുഷ്യനും മനുഷ്യര്‍ പാര്‍ക്കുന്ന ലോകത്തിന്റെ നന്മയുടെ നിലാവായി. ഭൂമിയില്‍ നനവുതൊട്ട മനുഷ്യരുടെ പായ്യാരങ്ങള്‍ക്കു ചെവികൊടുത്ത പിതാക്കളെ പോലെ ജീവിതം മുഴുവന്‍ മനുഷ്യര്‍ക്കു സമര്‍പ്പിച്ച ആ മനുഷ്യന്‍ ഇനി നമ്മോടൊപ്പമില്ല.
2015ല്‍ ഹൈദരലി തങ്ങളുടെ ജന്മദിനത്തോടനുബന്ധിച്ച് അങ്ങയുടെ ജീവിതമെഴുതാന്‍ ആഗ്രഹിക്കുന്നുവെന്നും അതു പറഞ്ഞുതരണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ആ ദിനം എന്നായിരുന്നുവെന്ന് തിരിച്ചുചോദിച്ച ഓര്‍മ മുന്നില്‍ നില്‍ക്കുന്നു. പാസ്‌പോര്‍ട്ടിലെ ജനന തീയതി നോക്കി 'ആ അന്നാണല്ലേ...' എന്ന പുഞ്ചിരിയിലാണ് ആ ഓര്‍മ തെളിഞ്ഞത്.


കഷ്ടതകളിലും യാതനകളിലും ആനന്ദങ്ങളിലും ആഘോഷങ്ങളിലുമെല്ലാം സമൂഹത്തോടൊപ്പം ചേര്‍ന്നുനിന്ന ഒരു ജീവിതത്തിന്റെ പേരായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പ്രതിസന്ധികള്‍ നിറഞ്ഞ കാലത്തിന്റെ ഇരുള്‍ വഴികളിലൂടെയാണ് ഹൈദരലി ശിഹാബ് തങ്ങള്‍ ജീവിതം നടന്നുതുടങ്ങുന്നത്. പുതിയ മാളിയേക്കല്‍ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങളുടെയും ആയിശ ബീവിയുടെയും മൂന്നാമത്തെ മകന്‍ ഇന്ത്യാ മഹാരാജ്യം സ്വാതന്ത്ര്യം നേടുന്നതിന്റെ രണ്ടുമാസം മുമ്പ് പിറന്നുകൃത്യമായി പറഞ്ഞാല്‍ 1947 ജൂണ്‍ 15ന്. രാജ്യം മാത്രമല്ല, സമുദായവും തീക്ഷ്ണമായ വഴികളിലൂടെ കടന്നുപോകുന്ന കാലം. കലാപങ്ങള്‍ നല്‍കിയ വറുതിയും പട്ടിണിയും ജീവിതത്തിനുമേല്‍ ദുരിതം പണിതപ്പോള്‍ ജനത ആശ്രയവും ആശ്വാസവും തേടിച്ചെന്നത് സമുദായ നേതാക്കളുടെ സന്നിധാനങ്ങളില്‍. അവിടങ്ങളില്‍ പറഞ്ഞാല്‍ തീരുന്ന പ്രശ്‌നങ്ങളേ തങ്ങള്‍ക്കുള്ളൂ എന്ന് അവര്‍ വിശ്വസിച്ചു. കൊടപ്പനക്കല്‍ തറവാട്ടിന്റെ വരാന്തയില്‍ രാപ്പകലുകളില്‍ ആശ്വാസവും പരിഹാരവും പെയ്തുകൊണ്ടിരുന്നു. ഹൈദരലി എന്ന കുട്ടിക്ക് പ്രായം രണ്ട്. ഹൈദരാബാദ് ആക്ഷന്റെ പേരില്‍ പിതാവിനെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് പുലര്‍ച്ചെ വീട്ടില്‍. ഉമ്മ ക്ഷയരോഗം ബാധിച്ച് കിടക്കുന്നു. ചികിത്സ കോയമ്പത്തൂരിലെ ഗാന്ധിപുരത്ത്. മഞ്ചേരി സബ്ജയിലില്‍ രണ്ടുദിവസവും കോഴിക്കോട് ജയിലില്‍ രണ്ടാഴ്ചയുമായി പിതാവ് പൂക്കോയ തങ്ങള്‍ കഴിഞ്ഞു. തൊട്ടടുത്ത വര്‍ഷം ഉമ്മ മരിച്ചു. സ്‌നേഹത്തിന്റെയും മാതൃവാത്സല്യത്തിന്റെയും ലാളന പിന്നീട് ഹൈദരലി തങ്ങളറിയുന്നത് ഉപ്പയുടെ സഹോദരി മുത്തുബീവിയിലൂടെ. മക്കളില്ലാത്ത മുത്തുബീവി കൊടപ്പനക്കലായിരുന്നു താമസം.


ഓര്‍മകള്‍ പിച്ചവച്ചു തുടങ്ങുന്നതോടെ വീട്ടിലെ തിരക്കുകളിലും കാര്യങ്ങളിലും ഹൈദരലി തങ്ങളും ഒരു കണ്ണിയായി. മുതിര്‍ന്ന ജ്യേഷ്ഠന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ വിദേശത്ത് പഠിക്കുന്നു. ഉമറലി തങ്ങളും ഹൈദരലി തങ്ങളും കൊടപ്പനക്കലെ വരാന്തക്കടുത്ത മുറിയിലിരിക്കും. സഹചാരിയായി ഏതു സമയത്തും പാണ്ടിക്കടവത്ത് ഹൈദ്രു ഹാജിയും അവിടെയുണ്ടാകും. ബാപ്പ വട്ടമേശയ്ക്കു മുന്നിലിരുന്ന് ജനങ്ങളുടെ ആധികളും വേദനകളും കേട്ടുകൊണ്ടിരിക്കുമ്പോള്‍ അപ്പുറത്തെ മുറിയിലിരുന്ന് സഹോദരങ്ങള്‍ സഹായങ്ങള്‍ ചെയ്തുകൊടുത്തു. കണ്ണീരിന്റെയും വേദനയുടെയും നനവുള്ള പായ്യാരങ്ങള്‍ അവിടെ പൊട്ടിയൊഴുകിയപ്പോള്‍ അതുകണ്ട ആ സഹോദരങ്ങളും പാകപ്പെടുകയായിരുന്നു, ഒരു ജനതയെ നയിക്കാനുള്ള മനസിന്റെയും ശരീരത്തിന്റെയും പാകപ്പെടല്‍.


പിതാവ് മരണപ്പെട്ടതോടെ രാഷ്ട്രീയരംഗത്ത് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കും മത രംഗത്ത് ഉമറലി ശിഹാബ് തങ്ങള്‍ക്കും കൂടുതല്‍ ചുമതലകളുണ്ടായി. ചെറുതല്ലാത്ത ചുമതലകളും ജ്യേഷ്ഠന്‍മാരുടെ സഹായിയും അനുസരണയുള്ള ഒരു അനുജനുമായി ഹൈദരലി തങ്ങള്‍ അപ്പോഴും അവിടെയുണ്ടായിരുന്നു. വ്യക്തിവൈരാഗ്യങ്ങള്‍, കുടുംബ കലഹങ്ങള്‍, സാമുദായിക സംഘര്‍ഷങ്ങള്‍ തുടങ്ങിയവ മുഹമ്മദലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ തീര്‍പ്പാക്കുമ്പോള്‍, ഇന്നത് തീര്‍പ്പാക്കി എന്ന് എഴുതിക്കൊടുത്തിരുന്നത് ഹൈദരലി തങ്ങള്‍. അങ്ങനെയൊരു രീതി അവിടെയുണ്ട്. തീര്‍പ്പാക്കുന്ന വിഷയങ്ങള്‍ കക്ഷികളുടെ സാന്നിധ്യത്തില്‍ എഴുതിവയ്ക്കും. അത്തരം പുസ്തകങ്ങള്‍ ഇപ്പോഴും കൊടപ്പനക്കലില്‍ കാണാം.


തറവാട്ടില്‍ ഒരുമിച്ചുകഴിഞ്ഞിരുന്ന കാലത്ത് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്തെങ്കിലും ആവശ്യം വരുമ്പോഴേക്ക് 'ആറ്റേ, ആറ്റേ' എന്നു വിളിക്കും. കുടുംബക്കാര്‍ക്കും നാട്ടുകാര്‍ക്കും ഹൈദരലി തങ്ങള്‍ 'ആറ്റപ്പൂ' ആണ്. ബഹുമാനിച്ച് 'ആറ്റാക്ക' എന്നും. പരിപാടികള്‍ക്കു പോകാന്‍ എന്തെങ്കിലും തടസം ശിഹാബ് തങ്ങള്‍ക്കുണ്ടായാല്‍, തന്റെ പരിപാടി പോലും മാറ്റിവച്ച് ആ പരിപാടിക്കായിരുന്നു ഹൈദരലി തങ്ങള്‍ പ്രാധാന്യം നല്‍കിയിരുന്നത്.


നാട്ടിലെ പ്രാഥമിക പഠനത്തിനു ശേഷം, ഹൈദരലി തങ്ങളുടെ ഹൈസ്‌കൂള്‍ പഠനം കോഴിക്കോട്ടായിരുന്നു. ആ ഭാഗത്ത് അന്ന് മലപ്പുറത്ത് മാത്രമാണ് ഹൈസ്‌കൂള്‍ ഉണ്ടായിരുന്നത്. ശൈഖ് പള്ളിക്കു സമീപം അമ്മായിയുടെ 'കോയ വീട് ' എന്ന വീട്ടില്‍ താമസിച്ച്, കോഴിക്കോട് മദ്‌റസത്തുല്‍ മുഹമ്മദിയ്യയില്‍ നിന്നും എസ്.എസ്.എല്‍.സി നേടി. തുടര്‍ന്ന് ആ കുടുംബത്തിന്റെ താവഴിപോലെ ഹൈദരലി തങ്ങളും ദര്‍സ് പഠനം ആരംഭിച്ചു. മലപ്പുറം ജില്ലയിലെ തിരുന്നാവായക്കടുത്ത കോന്നല്ലൂര്‍, പൊന്നാനി മഊനത്ത് അറബിക് കോളജ് എന്നിവിടങ്ങളില്‍ നിന്ന് മതവിദ്യാഭ്യാസത്തിന്റെ അടിസ്ഥാനവും ആഴവും അന്വേഷിച്ചു. അല്‍ഫിയയും ഫത്ഹുല്‍ മുഈനുമടങ്ങുന്ന ഗ്രന്ഥങ്ങള്‍ ചൊല്ലിക്കൊടുത്തത് പ്രശസ്ത പണ്ഡിതനും സാത്വികനുമായിരുന്ന കുഞ്ഞാലന്‍ മുസ്‌ലിയാര്‍ കാട്ടിപ്പരുത്തിയായിരുന്നു. ജ്ഞാന വഴിയില്‍ കൂടുതല്‍ അന്വേഷണത്തിനു ദാഹിച്ച ആ മനസ് ഉപരിപഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ ചേര്‍ന്നു. ശംസുല്‍ ഉലമയും ശൈഖുനാ കോട്ടുമലയുമടക്കമുള്ള പണ്ഡിത ലോകത്തെ ഇരുത്തം വന്ന വിളക്കുകളായിരുന്നു അവിടെ ഉസ്താദുമാര്‍.


ഹൈദരലി തങ്ങള്‍ക്ക് ജാമിഅയിലെ കാലം പഠനത്തിന്റേതു മാത്രമായിരുന്നില്ല, സംഘാടനത്തിന്റെയും സമുദായപ്രവര്‍ത്തനത്തിന്റെയും തീക്ഷ്ണകാലം കൂടിയായിരുന്നു. മത വിദ്യാര്‍ഥികള്‍ക്കൊരു സംഘടന സംസ്ഥാനതലത്തില്‍ രൂപീകൃതമായപ്പോള്‍, പണ്ഡിതന്‍മാരുടെ ആശീര്‍വാദത്തോടെ അതിന്റെ പ്രഥമ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് ഹൈദരലി തങ്ങള്‍ നിയോഗിക്കപ്പെട്ടു 1973ല്‍. പക്വതയും ആര്‍ജവവുമുള്ള ഒരു വിദ്യാര്‍ഥി നേതാവിനെ അന്ന് സമുദായം കണ്ടു. പൊന്നാനി മഊനത്തിലെ സഹപാഠി നാട്ടിക മൂസ മൗലവിയും ജാമിഅയിലെ സഹപാഠി ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാടും ഹൈദരലി തങ്ങളുടെ അക്കാലത്തെ സഹപ്രവര്‍ത്തകരായിരുന്നു. 1974ല്‍ തങ്ങള്‍ ഫൈസി ബിരുദധാരിയായി. സൂഫിവര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരില്‍ നിന്നാണ് സനദ് വാങ്ങിയത്.
പഠനകാലം അവസാനിച്ചതോടെ അധ്യാപനം നടത്താന്‍ മനസ് ആഗ്രഹിച്ചിരുന്നു. വിദേശത്തുപോയി പഠിക്കണമെന്ന ഒരാഗ്രഹവും ഉണ്ടായിരുന്നു. പിതാവിന്റെ കാലത്ത് പ്രമുഖ മതപണ്ഡിതന്‍ അസ്ഹരി തങ്ങള്‍ വീട്ടില്‍ വന്നപ്പോള്‍ അങ്ങനെയൊരു കാര്യം പിതാവിനോടു സംസാരിക്കുകയും ചെയ്തു. മദീനയില്‍ പോയി പഠിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, സമൂഹത്തിന്റെ ജീവിത യാഥാര്‍ഥ്യങ്ങളില്‍ തന്റെ സാന്നിധ്യം അനിവാര്യമാണെന്ന തിരിച്ചറിവ്, ആഗ്രഹങ്ങളും മോഹങ്ങളുമെല്ലാം മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിച്ചു. നാടിന്റെയും സമുദായത്തിന്റെയും ദൈനംദിന കാര്യങ്ങളില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും അങ്ങനെ ഇഴകിച്ചേര്‍ന്നു.


1977ല്‍ മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂര്‍ മഹല്ല് പള്ളിമദ്‌റസയുടെ പ്രസിഡന്റ് സ്ഥാനമാണ് ഈ രംഗത്തെ ആദ്യചുമതല. പിന്നെ, കരുവാരക്കുണ്ട് ദാറുന്നജാത്ത് അനാഥഅഗതി മന്ദിരത്തിന്റെ പ്രസിഡന്റായി1979ല്‍. യതീംഖാനകളില്‍ ആദ്യത്തേത് ഇതാണ്. ആദ്യമായി ഖാസിയാകുന്നത് കൊണ്ടോട്ടി നെടിയിരുപ്പ് പഞ്ചായത്തിലെ പോത്തുവെട്ടിപ്പാറ മഹല്ല് ഖാസിയായാണ് 1994ല്‍.


സമൂഹത്തിലും നാട്ടിലും സമുദായത്തിലുമെല്ലാം പറഞ്ഞറിയിക്കാനാകാത്ത വിധം ചുമതലകള്‍ ഇന്ന് ഈ കുറിയ മനുഷ്യനില്‍ വന്നുചേര്‍ന്നിരിക്കുന്നു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെയോ, പൂക്കോയ തങ്ങളുടെയോ കാലത്ത് സമുദായ സംവിധാനങ്ങള്‍ ഇത്ര വിപുലപ്പെട്ടിരുന്നില്ല. സാമൂഹികചിന്താ മാറ്റത്തിന്റെയും ഭൗതിക സൗകര്യങ്ങളുടെയും ഫലമായി പള്ളികളും മദ്‌റസകളും യതീംഖാനകളും അറബിക് കോളജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും അക്കാലത്തേതില്‍ നിന്നും എത്രയോ ഇരട്ടി വര്‍ധിച്ചു. മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി തങ്ങളുമടക്കമുള്ളവര്‍ അതു പങ്കിട്ടു ചുമതലകള്‍ പുലര്‍ത്തിപ്പോന്നിരുന്നു. അവര്‍ വിടപറഞ്ഞപ്പോള്‍ മിക്ക ചുമതലകളുടെയും ഉത്തരവാദിത്വങ്ങളുടെയും ഭാരം വഹിക്കേണ്ടുന്ന വിധി ഈ സാത്വികനിലായിരുന്നു. സ്വന്തം നാട്ടിലെ മദ്‌റസയുടെയും പള്ളിയുടെയും മുതല്‍ കേരള മുസ്‌ലിം ആത്മീയ മണ്ഡലത്തിന്റെയും ഖാഇദേ മില്ലത്തിന്റെ രാഷ്ട്രീയ ആഹ്വാനങ്ങളും വീക്ഷണങ്ങളും നെഞ്ചേറ്റിയ ലക്ഷോപലക്ഷം വരുന്ന ജനതയുടെയും പ്രതീക്ഷ ഇവിടെ കാത്തിരിക്കുകയായിരുന്നു.


ഒരു നിമിഷം പോലും വെറുതെയിരിക്കാനുള്ള നേരം ഈ ജീവിതത്തിനില്ലായിരുന്നു. പുലര്‍ച്ചെ സുബ്ഹി നിസ്‌കാരത്തിനു എണീറ്റാല്‍ തുടങ്ങുന്ന ഒരുദിനം വിവിധ പരിപാടികളിലൂടെയും ചടങ്ങുകളിലൂടെയും കടന്നുപോകും. തങ്ങളുടെ ഒരു സാന്നിധ്യം ആഗ്രഹിക്കുന്ന നൂറുകണക്കിന് ആളുകള്‍ കൊടപ്പനക്കലെത്തി ഹൈദരലി തങ്ങളുടെ ഒഴിവുനോക്കി പരിപാടിയുടെ ദിനം ഉറപ്പിക്കും. എല്ലാ ചൊവ്വാഴ്ചകളിലും വീട്ടില്‍ തന്നെയുണ്ടായിരുന്നു. ആ ദിവസം മുഴുവന്‍ വീട്ടില്‍ വരുന്നവര്‍ക്ക് മാത്രമുള്ളതാണ്. മറ്റു ദിവസങ്ങളില്‍ രാവിലെ വീട്ടില്‍ വന്ന സന്ദര്‍ശകരെയൊക്കെ കണ്ടു സംസാരിച്ച് പരിപാടികള്‍ക്കുള്ള യാത്ര തുടങ്ങും. പത്രങ്ങള്‍ കാറിനകത്തുണ്ടാകും. വായിക്കാന്‍ യാത്രയ്ക്കിടയില്‍ സമയം കണ്ടെത്തും. വായിക്കാന്‍ കൂടുതല്‍ സമയം കിട്ടാറില്ല. എങ്കിലും അതില്ലാതെ ഒരു നേതാവിന് ജീവിക്കാനാകില്ലല്ലോ! ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം ഏതെന്ന ചോദ്യത്തിന് ഇമാം ഗസ്സാലി എഴുതിയ 'ഇഹ്‌യാ ഉലൂമുദ്ദീനും' മൈക്കല്‍ എച്ച് ഹാര്‍ട്ടിന്റെ 'ദ ഹണ്‍ഡ്രഡു'മാണെന്നാണ് ഹൈദരലി തങ്ങള്‍ ഒരുക്കല്‍ നേരില്‍ പറഞ്ഞത്. തന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച ഒരു വ്യക്തി കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരാണെന്നും തങ്ങള്‍ പറഞ്ഞിരുന്നു. ആ ജീവിതത്തിന്റെ സൂക്ഷ്മതവും സത്യസന്ധതയും വിനയവുമാണ് ഹൈദരലി തങ്ങളെ അത്ഭുതപ്പെടുത്തിയതും ആകര്‍ഷിച്ചതും.

ജീവിതത്തില്‍ ഏറ്റവും ദുഃഖമുണ്ടാക്കിയ രണ്ടു നേരങ്ങളില്‍ ഒന്ന് പിതാവിന്റെ മരണവും മറ്റൊന്ന് കടലുണ്ടി ട്രെയിന്‍ ദുരന്തവുമാണ്. ഓര്‍മയില്‍ കുളിരണിഞ്ഞു നില്‍ക്കുന്ന യാത്ര ഒമ്പതാം വയസില്‍, കോഴിക്കോട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളോടൊപ്പം വയനാട്ടിലേക്ക് പോയതാണ്. കക്കോടന്‍ മൂസ ഹാജിയുടെ വീട്ടിലെ ഒരു ചടങ്ങിനാണ് പോക്ക്. ബാപ്പയാണ് ബാഫഖി തങ്ങളോടൊപ്പം പോകാന്‍ പറഞ്ഞത്. ആദ്യമായി ചുരം കാണുകയാണ്, കയറുകയാണ്. മുകളിലെവിടെയോ എത്തിയപ്പോള്‍ ബാഫഖി തങ്ങള്‍ ചുരത്തെക്കുറിച്ച് പറഞ്ഞുകൊടുത്തു. ഇടയ്ക്ക് പത്രം വായിച്ചുകൊടുക്കാന്‍ പറഞ്ഞു. ശബ്ദം പതുക്കെയായപ്പോള്‍ ഉറക്കെ വായിക്കാന്‍ പറഞ്ഞു. അതു കഴിഞ്ഞ് റേഡിയോയില്‍ വാര്‍ത്തയും കേള്‍ക്കുന്നുണ്ട്. ഒരു വലിയ മനുഷ്യനോടൊപ്പമുള്ള വയനാടന്‍ യാത്രയെ കുറിച്ച് തങ്ങള്‍ ആനന്ദത്തോടെ സംസാരിച്ചിരുന്നു.


റമദാന്‍ മാസം അധികവും നാട്ടിലും വീട്ടിലുമുണ്ടാകാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നു. പരിപാടികള്‍ കുറയ്ക്കും. കൊടപ്പനക്കലെ ഓരോരോ വീട്ടിലും നോമ്പുതുറ ഉണ്ടാകും. കുടുംബക്കാരാണ് അതില്‍ പങ്കെടുക്കുക. പെരുന്നാളുകള്‍ക്ക് നിസ്‌കാരം കഴിഞ്ഞാല്‍ എല്ലാവരും ഒരുമിച്ച് കൊടപ്പനക്കലെ കുടുംബ വീടുകളൊക്കെ സന്ദര്‍ശിക്കും. ഭക്ഷണം കഴിക്കും. പ്രാര്‍ഥിക്കും. ഒരു വര്‍ഷത്തിന്റെ മുഴുവന്‍ നേരവും നാടിനും നാട്ടുകാര്‍ക്കും വീതിച്ചു നല്‍കിയവരുടെ ആകെയുള്ള സ്വകാര്യദിനങ്ങള്‍.


ഭാരങ്ങളെല്ലാം വന്നുചേര്‍ന്നാലും സങ്കടങ്ങളെല്ലാം ജനത ഇറക്കിവച്ചാലും പതറാത്ത ഒരു മനസും വിശാലമായ ഒരു ഹൃദയവും നിഷ്‌കളങ്കമായ ഒരു പുഞ്ചിരിയും അവിടെയുണ്ടായിരുന്നു. ഇരുളിന്റെ കാര്‍മേഘങ്ങള്‍ എത്രമൂടിക്കെട്ടിയാലും വശ്യമായ പെരുമാറ്റത്തിലൂടെ എല്ലാം വകഞ്ഞുമാറ്റാനുള്ള ശാന്തത. പാതിരാത്രി സ്വന്തം കാര്യങ്ങള്‍ പറയാന്‍വന്ന ഒരാള്‍ക്ക് രാവിലെ വരെ കാത്തിരിക്കേണ്ടി വന്ന സാഹചര്യം അറിഞ്ഞ അന്നുമുതല്‍ തന്റെ ഉറക്കം വരാന്തയോടു ചേര്‍ന്ന മുറിയിലേക്കു മാറ്റുകയും ആരുവന്നാലും തന്നെ വിളിച്ചുണര്‍ത്തണമെന്നു പറയുകയും ചെയ്ത പൂക്കോയ തങ്ങളുടെ മകന് കഷ്ടതയനുഭവിക്കുന്നവരുടെയും വേദനയനുഭവിക്കുന്നവരുടെയും പ്രതീക്ഷകള്‍ക്കു മുന്നില്‍ ഒരിക്കലും വാതിലടച്ചിടാന്‍ കഴിയുമായിരുന്നില്ല.

 

പാതിരാത്രി, അടച്ചിടാത്ത ആ ഗേറ്റിന്റെ പടി അവസാനത്തെ ആളും കടന്നുപോയാലേ എന്നും അവിടെ രാത്രി ആരംഭിക്കാറുണ്ടായിരുന്നുള്ളൂ. നാലര പതിറ്റാണ്ടു കാലം ജനതയുടെ ആധികളും പരാതികളും ഉതിര്‍ന്നുവീണ ആ മേശക്കു മുന്നില്‍ ഒരു ജനത മനസിന്റെ നൊമ്പരങ്ങള്‍ കെട്ടഴിക്കുമ്പോള്‍ അത് ക്ഷമയോടെ കേള്‍ക്കാന്‍ ഇനി ആറ്റപ്പു ഇല്ലല്ലോ..



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  6 minutes ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  30 minutes ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  an hour ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  2 hours ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  2 hours ago
No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  2 hours ago
No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  3 hours ago
No Image

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  3 hours ago
No Image

കസ്റ്റംസ് നടപടികൾക്കായി ഹുഖൂഖ് പ്ലാറ്റ്ഫോം ആരംഭിച്ച് ഖത്തർ

qatar
  •  3 hours ago
No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  4 hours ago