സ്‌നേഹത്താൽ തോൽപ്പിച്ച ആറ്റാക്ക
നവാസ് പൂനൂർ
വിക്ടർ ഹ്യൂഗോ പറഞ്ഞു:'ചുണ്ടും ഹൃദയവും തുറന്നുള്ള ചിരി ഞാൻ ഇഷ്ടപ്പെടുന്നു. അത് ഒരേ സമയം മുത്തുകളെയും ആത്മാവിനെയും കാണിച്ചുതരുന്നു'. ഹൈദരലി തങ്ങളുടെ ചിരി ഒരിക്കൽ പോലും ചുണ്ടുകൊണ്ടായിരുന്നില്ല. മനസ് കൊണ്ടായിരുന്നു.
കൊടപ്പനക്കൽ തറവാടുമായി അറുപതുകളിൽ തുടങ്ങിയ ബന്ധമാണ്. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളെ കാണാൻ ബാപ്പയോടൊപ്പം പലപ്പോഴും പോയിരുന്നു. ഉമറലി തങ്ങളെയും ഹൈദരലി തങ്ങളെയുമൊക്കെ പലപ്പോഴും കണ്ടിരുന്നു. ഒരിക്കൽ മാത്രം ശിഹാബ് തങ്ങളെയും പരിചയപ്പെട്ടു. ഹൈദരലി തങ്ങളെ പക്ഷേ, പരിചയപ്പെടാനായില്ല. 1976 മാർച്ചിൽ ചന്ദ്രിക സഹപത്രാധിപരായി നിയമിതനാവുന്നതുമായി ബന്ധപ്പെട്ട് മുഹമ്മദലി ശിഹാബ് തങ്ങളെ കാണാൻ പോയപ്പോഴാണ് പരിചയപ്പെടുന്നത്. കൊടപ്പനക്കലെ വലിയ വരാന്തയിൽ നിലത്ത് വിരിച്ച പായയിലിരുന്ന് ഊണ് കഴിച്ചപ്പോൾ കൂടെ ഹൈദരലി തങ്ങളും ഉമറലി തങ്ങളും സാദിഖലി തങ്ങളും എല്ലാവരുമുണ്ടായിരുന്നു. അന്നാണ് പരിചയപ്പെടുന്നത്. സാദിഖ് മോൻ അന്ന് വളരെ ചെറിയ കുട്ടിയാണ്. ഹൈദരലി തങ്ങളെ പരിചയപ്പെട്ടെങ്കിലും അടുക്കുന്നത് 1981 മുതലാണ്. എന്റെ കല്യാണത്തിന് ശിഹാബ് തങ്ങളെ ക്ഷണിക്കാൻ പോയപ്പോൾ ഹൈദരലി തങ്ങളെയും ഉമറലി തങ്ങളെയും ക്ഷണിച്ചു. അവരിരുവരും വരുമെന്നൊന്നും കരുതിയല്ല ക്ഷണിച്ചത്. അവരുടെ പ്രാർഥനയാണ് പ്രതീക്ഷിച്ചത്. ശിഹാബ് തങ്ങളും ഭാര്യയും വരണമെന്നേ ആഗ്രഹിച്ചുള്ളൂ. അവർ വളരെ സജീവമായി പങ്കെടുക്കുകയും ചെയ്തു. ഹൈദരലി തങ്ങൾക്ക് 1981 മെയ് 7ന് ഷൊർണൂരിൽ എന്തോ പരിപാടിയുള്ളതിനാൽ വരാനുള്ള പ്രയാസം അറിയിച്ചിരുന്നു. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മെയ് 6 ന് ഹൈദരലി തങ്ങൾ വന്നു. കൊയിലാണ്ടിയിൽ ഒരു പരിപാടിക്ക് പോയതായിരുന്നുവത്രെ. ഞങ്ങൾക്കൊക്കെ വല്ലാത്ത സന്തോഷമായി. അതിൽ പിന്നെയാണ് തങ്ങളുമായി അടുക്കുന്നത്. തങ്ങളുടെ ഗൃഹപ്രവേശനത്തിനും മക്കളുടെ കല്യാണത്തിനുമൊക്കെ പോയിരുന്നു. റിട്ട. ചീഫ് എൻജിനീയർ കുഞ്ഞി മുഹമ്മദ് സാഹിബുമായും ഉറ്റ ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ നോമ്പുതുറക്കാൻ ഒന്നിലേറെ തവണ തങ്ങൾ വന്നപ്പോൾ ഞാനും ഉണ്ടായിരുന്നു. പലപ്പോഴും നോമ്പിനും അല്ലാതെയും ഞങ്ങൾ തങ്ങളുടെ വീട്ടിലും പോയിരുന്നു.
ചന്ദ്രികയിൽ നിന്ന് വിരമിച്ചപ്പോഴാണ് സമസ്ത സുപ്രഭാതം പത്രം തുടങ്ങാൻ തീരുമാനിച്ചത്. കോട്ടുമല ബാപ്പു മുസ്‌ലിയാർ എന്നെ വിളിച്ച് അതിന്റെ അഡ്മിനിസ്‌ട്രേറ്ററാക്കിയപ്പോൾ ഞാൻ തങ്ങളെ കണ്ട് അനുമതി ചോദിച്ചു. തങ്ങൾ പറഞ്ഞു:' പറയാം'. ഞാൻ പ്രതീക്ഷിച്ച മറുപടിയല്ല കിട്ടിയത്. എനിക്കാകെ വിഷമമായി. തങ്ങൾ എതിരായി എന്തെങ്കിലും പറയുമോ. ഇല്ല, എന്റെ ടെൻഷൻ ഏറെ നീണ്ടുനിന്നില്ല, അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ തങ്ങൾ വിളിച്ചു: 'അങ്ങനെ ചെയ്തോളു. അതാണ് ഹൈറെ'ന്ന് പറഞ്ഞു. ശേഷം ദുആ ചെയ്തു.
എനിക്ക് സന്തോഷമായി. ആദ്യം സുപ്രഭാതത്തിൽ വന്നപ്പോൾ വിളിച്ച് വിശേഷങ്ങളൊക്കെ ചോദിച്ചു. പത്രം ഇറങ്ങിയ ശേഷം ഒരു പരിപാടിക്കെത്തിയപ്പോൾ ഞാൻ ആവശ്യപ്പെട്ട പ്രകാരം എന്റെ മുറിയിൽ വന്നു, എന്റെ സീറ്റിലിരുന്ന് ദുആ ചെയ്തു.
തങ്ങളും മിതഭാഷിയായിരുന്നു, മുഹമ്മദലി ശിഹാബ് തങ്ങളെപ്പോലെ. ഇക്കാര്യം ഒരവസരം കിട്ടിയപ്പോൾ എറണാകുളത്തിനടുത്ത് ഒരു ബന്ധുവിന്റെ നികാഹിനുള്ള യാത്രയിൽ ചോദിച്ചു. തങ്ങൾ ഹൃദ്യമധുരമായി ചിരിച്ചു. എന്നിട്ട് മെല്ലെ പറഞ്ഞു. 'ഇക്കാക്കയാണ് ഞങ്ങളുടെ മോഡൽ (റോൾ മോഡൽ). വായനാശീലം കിട്ടിയത് ഇക്കാക്കയിൽ നിന്നാണ്. വേഷം വൃത്തിയാവണമെന്ന് ഇക്കാക്കക്ക് നിർബന്ധമായിരുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് മുൻഗണന വേണമെന്നതും മൂപ്പരുടെ നിർദേശമാണ് '. 'വീട്ടിലെത്തുന്നവർക്ക് ചായയും മറ്റും കഴിയുന്നതും നേരിട്ട് കൊടുക്കണമെന്നതും ഇക്കാക്കയുടെ നിർദേശമായിരുന്നോ '- ഞാൻ ചോദിച്ചു; 'അല്ല, അത് ഞങ്ങളെയെല്ലാം പഠിപ്പിച്ചത് ബാപ്പയായിരുന്നു. ഒന്ന് നിർത്തി തങ്ങൾ തുടർന്നു.
' വീട്ടിൽ സഹായിക്കാൻ ആളുകൾ ധാരാളമാണ് ആ കാലത്ത്. എന്നാലും അതിഥികൾക്ക് ചായ കൊടുക്കേണ്ട ചുമതല ഞങ്ങൾക്കാണ്. സ്‌കൂളിലല്ലെങ്കിൽ ഞങ്ങൾ, ഞാനും മുത്തുക്കാക്കയും അതിനായി മത്സരിക്കും. കോയക്കാക്ക (ശിഹാബ് തങ്ങൾ) വല്ലപ്പോഴുമേ ഉണ്ടാവൂ. ഈജിപ്തിലും മറ്റുമായിരുന്നുവല്ലോ'.
ഈ യാത്രയിലാണ് ഒരുപക്ഷേ തങ്ങളുമായി സദീർഘമായി സംസാരിച്ചത്. ചെറുപ്പത്തിലേ ഉമ്മ നഷ്ടപ്പെട്ടതിന്റെ ദുഃഖം തങ്ങളുടെ വർത്തമാനത്തിലൂടെ വന്നു. ഉമ്മയുടെ അസുഖത്തെക്കുറിച്ചൊക്കെ പറഞ്ഞപ്പോൾ തങ്ങളുടെ ശബ്ദമൊന്ന് പതറിയോ, കണ്ണുകൾ ഈറനണിഞ്ഞോ. ഇല്ല, എനിക്ക് തോന്നിയതാണ്. ഉമ്മയില്ലാത്ത കുട്ടിയുടെ ബാല്യം. പ്രയാസമറിയാതിരിക്കാൻ അമ്മായി മുത്തു ബീവി ചേർത്തുപിടിച്ചു. 'അമ്മായിയിൽ നിന്ന് കഥകൾ കേട്ടാൽ മാറാൻ തോന്നില്ല. ബാപ്പ വീട്ടിലുണ്ടെങ്കിൽ പരിപാടികളൊക്കെ കഴിഞ്ഞ് വന്നാൽ അമ്മായിയുടെ അടുക്കൽ വന്ന് എടുത്തുകൊണ്ടുപോകും. പകൽ ചെറിയക്കാക്കയുടെ (മുത്തുമോൻ എന്ന ഉമറലി ശിഹാബ് തങ്ങൾ) വിരലിൽ തൂങ്ങി നടക്കും. രജിസ്‌ട്രേഷൻ വകുപ്പിലെ ജോലി രാജിവച്ച് ബാപ്പയുടെ നിഴലായ് കൂടിയ പാണക്കാട് അഹമ്മദ് ഹാജിയും ഒരു പാട് സ്‌നേഹവും പരിചരണവും തന്നു. ബാപ്പയുടെ മരണശേഷവും ഞങ്ങളുടെ പ്രത്യേകിച്ച് വലിയക്കാക്കയുടെ (ശിഹാബ് തങ്ങൾ) കാര്യങ്ങൾ ശ്രദ്ധിച്ചു'. ജനനം മുതൽ തന്നെ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചിരുന്ന കുട്ടിമ്മ എന്ന കുട്ടിപ്പാത്തുമ്മത്താത്തയെക്കുറിച്ചുമൊക്കെ തങ്ങൾ പറഞ്ഞു. ഈ യാത്ര കഴിഞ്ഞപ്പോൾ എനിക്ക് ബോധ്യമായി, നാല് പതിറ്റാണ്ടിലേറെ ഞാനറിഞ്ഞ തങ്ങളെ ഇനിയും ഒരുപാടറിയാനുണ്ടെന്ന്. ഞാനക്കാര്യം പറഞ്ഞപ്പോൾ ആറ്റാക്ക ചിരിച്ചു. പിന്നെ പറഞ്ഞു: 'ഒരു നീണ്ട യാത്ര കൂടി പോകാം. ബാക്കി അപ്പോൾ പറയാം'. ആ യാത്ര പിന്നെ നടന്നില്ല.
പ്രവാചക പരമ്പരയിലെ മുപ്പത്തി ഒമ്പതാമത് പൗത്രനാണ് ഹൈദരലി തങ്ങൾ. ജനാധിപത്യ കേരളത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത സാരഥി. മുസ്‌ലിം സമുദായത്തിന്റ അധികാരിക രാഷ്ട്രീയ പ്രസ്ഥാനമായമുസ്‌ലിം ലീഗിന്റെ അധ്യക്ഷൻ. സൗമ്യമായ, പ്രസന്നമായ മുഖഭാവത്തോടെയല്ലാതെ നമുക്ക് തങ്ങളെ കാണാനാവില്ല. സ്‌നേഹം കൊണ്ട് നമ്മെ തോൽപ്പിച്ചു കളയാനുള്ള മിടുക്കുണ്ടായിരുന്നു തങ്ങൾക്ക്. കാലമെത്ര കഴിഞ്ഞാലും ആ ദീപ്ത സൗമ്യഭാവം മനസിൽ നിന്ന് മായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."