പി.എം ശ്രീയിലെ അതൃപ്തി ദേശീയതലത്തിലേക്ക്; ഡൽഹിയിൽ ഡി. രാജ - എം.എ ബേബി കൂടിക്കാഴ്ച
ന്യൂഡൽഹി: കേന്ദ്ര സർക്കാർ അജണ്ടയായ പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതിലുള്ള അതൃപ്തി ദേശീയതലത്തിലും പ്രകടമാക്കി സിപിഐ. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയുമായി വിഷയത്തിൽ കൂടിക്കാഴ്ച നടത്തുകയാണ്. സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിലാണ് ഇരുവരുടെയും കൂടിക്കാഴ്ച.
സിപിഐ ദേശീയ എക്‌സിക്യുട്ടീവ് ഡൽഹിയിൽ ചേരുന്നതിനിടെയാണ് രാജ എകെജി ഭവാനിലെത്തിയത്. എം.എ ബേബിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഉച്ചയ്ക്ക് 1.50ഓടെയാണ് ഡി. രാജ എകെജി സെന്ററിലെത്തിയത്. മുന്നണി മര്യാദകൾ പാലിക്കാതെയും സിപിഐയുടെ എതിർപ്പ് അവഗണിച്ചും സിപിഎം വിഷയത്തിൽ ഏകപക്ഷീയമായി തീരുമാനമെടുത്തതിലുള്ള അതൃപ്തിയും ഡി. രാജ അറിയിക്കും. കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്നും കൂടിക്കാഴ്ചയിൽ പ്രതീക്ഷയുണ്ടെന്നും ഡി. രാജ യോഗത്തിന് മുൻപ് പറഞ്ഞു.
ചെന്നൈയിലായിരുന്ന എം.എ ബേബി ഇന്നാണ് ഡൽഹിയിലേക്ക് മടങ്ങിയെത്തിയത്. ഡൽഹിയിലെത്തി മണിക്കൂറുകൾക്കുള്ളിലാണ് ഡി. രാജ എകെജി ഭവനിലേക്ക് എത്തുന്നത്. എം.എ ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡി. രാജ മാധ്യമങ്ങളെ കണ്ടേക്കും.
അതേസമയം, സിപിഐയെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മന്ത്രി വി. ശിവൻകുട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ടു. സിപിഐ പാർട്ടി ആസ്ഥാനമായ എംഎൻ സ്മാരകത്തിലെത്തിയാണ് മന്ത്രി, ബിനോയ് വിശ്വത്തെ കണ്ടത്. ചർച്ചയെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് മന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. വൈകീട്ട് പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. ചർച്ചയിൽ രമ്യതയായില്ലെന്നാണ് വിവരം.
ചർച്ച ചെയ്ത കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും മന്ത്രി വ്യക്തമാക്കി. പിഎം ശ്രീപദ്ധതിയുമായി മുന്നോട്ട് പോകുമോയെന്ന് ആവർത്തിച്ചുള്ള ചോദ്യത്തിന് മൗനമായിരുന്നു മന്ത്രിയുടെ മറുപടി. കൂടിക്കാഴ്ചയിൽ മന്ത്രി ജി.ആർ അനിലും ഒപ്പമുണ്ടായിരുന്നെന്ന് ശിവൻകുട്ടി പറഞ്ഞു. ധാരണാപത്രം ഒപ്പിടാനുള്ള സാഹചര്യങ്ങൾ കൂടിക്കാഴ്ചയിൽ മന്ത്രി ബിനോയ് വിശ്വത്തിനോട് വിശദീകരിച്ചതായാണ് വിവരം.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച വിഷയം മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചിട്ടില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഇക്കാര്യം താൻ മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്നും മന്ത്രിസഭയിൽ ഇത് ചർച്ച ചെയ്യപ്പെട്ടപ്പോൾ തന്റെ അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഒക്ടോബർ 27ന് ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറി അത് അറിയിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."