കോണ്‍ഗ്രസ് പട്ടിക നീളുന്നു; പ്രഖ്യാപനം നാളെ, എം.പിമാര്‍ മത്സരിക്കില്ല
ന്യൂഡല്‍ഹി: ആറാംദിവസത്തിലേക്ക് കടന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ച.
പാര്‍ട്ടി മത്സരിക്കുന്ന 91 സീറ്റില്‍ 81 എണ്ണത്തിലും തീരുമാനമായെന്നും നേമം ഉള്‍പ്പെടെ പത്തെണ്ണമാണ് ബാക്കിയുള്ളതെന്നും ഇന്നത്തെ ചര്‍ച്ചയ്ക്ക് ശേഷം നാളെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
നേമത്തെ ചൊല്ലിയും ഗ്രൂപ്പ് പ്രാതിനിധ്യത്തിന്റെ പേരിലും തര്‍ക്കം നീണ്ടതോടെയാണ് തിങ്കളാഴ്ച ഡല്‍ഹിയില്‍ തുടങ്ങിയ ചര്‍ച്ച ആറാംദിവസത്തിലേക്ക് കടന്നത്. സ്‌ക്രീനിങ് കമ്മിറ്റി തയാറാക്കിയ പട്ടിക ഇന്നലെ വൈകിട്ട് സോണിയ ഗാന്ധിയുടെ വസതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്ന് പരിശോധിച്ചു.
എം.പിമാര്‍ മത്സരിക്കേണ്ടെന്ന് ഈ യോഗത്തില്‍ തീരുമാനമായി. രാഹുല്‍ ഗാന്ധി, കെ.സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവരും സമിതിയോഗത്തില്‍ സംബന്ധിച്ചു. യോഗശേഷം ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കേരളത്തിലേക്ക് മടങ്ങി.
തീരുമാനമാകാതെ നേമം
പൊടുന്നനെ ശ്രദ്ധാകേന്ദ്രമായ നേമത്ത് അവസാനം ട്വിസ്റ്റോട് ട്വിസ്റ്റ്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുകേട്ട നേമത്ത് ഒടുവില്‍ കോണ്‍ഗ്രസിന്റെ ദേശീയ മുഖങ്ങളായ ഡോ. ശശി തരൂര്‍, കെ.സി വേണുഗോപാല്‍ എന്നിവരുടെ പേരുകളും പരിഗണനയില്‍ വന്നു.
അന്‍പത് വര്‍ഷത്തോളമായി പ്രതിനിധീകരിക്കുന്ന പുതുപ്പള്ളി വിട്ടുകൊടുക്കില്ലെന്ന് ഉമ്മന്‍ചാണ്ടി ഇന്നലെ കടുത്ത നിലപാടെടുത്തതാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നീളാന്‍ കാരണമായത്. നേമത്ത് പൊതുസ്വതന്ത്രനെ തേടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ഉമ്മന്‍ചാണ്ടി ഇല്ലെന്ന് തറപ്പിച്ച് പറഞ്ഞതോടെ നേമത്ത് മത്സരിക്കാന്‍ തയാറാണെന്ന് കെ.സി ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു. തരൂരിനെ നിര്‍ത്തുന്നതിനെ കുറിച്ചും ഹൈക്കമാന്‍ഡ് ഗൗരവമായി ആലോചിച്ചു. എന്നാല്‍, ഇതിനോട് തരൂര്‍ അനുകൂലനിലപാടെടുക്കാതിരുന്നതോടെ ഹൈക്കമാന്‍ഡ് അദ്ദേഹത്തിന് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തിയില്ല. ഒരുവേള നേമത്ത് മത്സരിക്കുന്നവരായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."