പഞ്ഞമില്ലാതെ പ്രഖ്യാപനങ്ങൾ; പണവഴി കണ്ടിട്ടുണ്ടോ?
സ്വന്തം ലേഖകൻ
തിരുവനന്തപുരം
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ പദ്ധതികൾ ഇഷ്ടം പോലെ പ്രഖ്യാപിച്ചെങ്കിലും ഇതൊക്കെ നടപ്പാക്കാൻ ഇനിയും കടമെടുത്ത് മുടിയേണ്ടി വരും. സംസ്ഥാനത്തിന്റെ സാമ്പത്തിക നില അതീവ ഗുരുതരമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാലിന് ഇന്നലെ ബജറ്റ് പ്രസംഗത്തിൽ തുറന്നുസമ്മതിക്കേണ്ടി വന്നു.
സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു നിർദേശവും ധനമന്ത്രി ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലില്ല. ഏതാനും പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ നടപ്പാക്കാനുള്ള പണം എവിടെനിന്ന് കണ്ടെത്തുമെന്ന് ബജറ്റിൽ വ്യക്തമല്ല. കൊവിഡ് മഹാമാരിക്കാലത്ത് സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് ഉഴലുന്ന സാധാരണ ജനങ്ങൾക്ക് ആശ്വാസമേകുന്ന പ്രായോഗിക പദ്ധതികളൊന്നും തന്നെ ബജറ്റിലില്ല. സർക്കാരിന്റെ ധൂർത്തും അഴിമതിയും മൂലം കാലിയായ പൊതുഖജനാവിലേക്ക് പണമെത്തിക്കാനായി നികുതി ഭാരം കൂടി ജനങ്ങളുടെ ചുമലിൽ ചാരിയാണ് ധനമന്ത്രി രണ്ടേകാൽ മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്. 1,34,097.80 കോടി വരവും 1,57,065.89 കോടി ചെലവും 22,968.09 കോടി റവന്യൂ കമ്മിയും 27,856.03 കോടിയുടെ പൊതുകടവുമാണ് ബജറ്റ് എസ്റ്റിമേറ്റിലുള്ളത്. അതേസമയം, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമ്പോഴും രണ്ടു ലക്ഷം കോടി രൂപയോളം ബാധ്യത വരുന്ന സിൽവർ ലൈൻ പദ്ധതിക്കാണ് ബജറ്റിൽ പ്രാമുഖ്യം നൽകിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി കിഫ്ബിയിൽനിന്ന് 2000 കോടി അനുവദിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
സ്വകാര്യ മേഖലയ്ക്ക് വഴിവെട്ടി
സ്വകാര്യ മേഖലയ്ക്ക് കൂടുതൽ പ്രാമുഖ്യം നൽകിക്കൊണ്ട് സി.പി.എം സ്വീകരിക്കുന്ന നയം മാറ്റവും ബജറ്റിൽ പ്രകടമാണ്. വിദ്യാഭ്യാസ രംഗത്തെ ആധുനികവൽക്കരണം ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങളിൽ സ്വകാര്യമേഖലയുടെ പിന്തുണയാണ് ലക്ഷ്യമിടുന്നത്. സർവകലാശാലാ കാംപസുകളോട് ചേർന്ന് സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂനിറ്റ്, സർവകലാശാലകളിലെ സ്റ്റാർട്ട് അപ് സംരംഭങ്ങൾ, മെഡിക്കൽ ടെക് ഇന്നോവേഷൻ കേന്ദ്രം, സ്‌കിൽ പാർക്കുകൾ തുടങ്ങിയ പദ്ധതികളിൽ പലതിലും സ്വകാര്യ മേഖലയുടെ പിന്തുണ തേടും. പൊതുമേഖലക്കൊപ്പം നീങ്ങുകയെന്ന സി.പി.എമ്മിന്റെ പരമ്പരാഗത നയത്തിൽനിന്നു കൃത്യമായുള്ള നയംമാറ്റത്തിന്റെ തുടക്കം ഈ ബജറ്റിൽ കാണാം.
ആംനെസ്റ്റി സ്‌കീം തുടരും
മുമ്പ് പ്രഖ്യാപിച്ച ആംനെസ്റ്റി സ്‌കീമുകൾ പരാജയപ്പെട്ട പശ്ചാത്തലം നിലനിൽക്കെ, നികുതി കുടിശ്ശിക പിരിച്ചെടുക്കാനുള്ള ആംനെസ്റ്റി സ്‌കീം തുടരുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. നികുതി പിരിവിലെ കാര്യക്ഷമത ഇല്ലായ്മ മൂലം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രതീക്ഷിച്ചതിനേക്കാൾ 72,608 കോടി രൂപയുടെ കുറവാണുണ്ടായത്. 2020- 21ൽ ആംനെസ്റ്റി സ്‌കീം പ്രകാരം 9,642 കോടി രൂപ പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും സംസ്ഥാനത്തിന് ലഭിച്ചത് 270 കോടി രൂപ മാത്രമാണ്. അതേ സ്‌കീം ഈ വർഷവും തുടരാനാണ് തീരുമാനം.
റീബിൽഡ് കേരളക്ക് വീണ്ടും തുക
റീബിൽഡ് കേരളക്ക് വേണ്ടി ഇക്കുറിയും 1600 കോടി വകയിരുത്തി. പ്രളയ സെസിലൂടെ പിരിച്ചെടുത്ത 2190 കോടിയിൽ ഒരു രൂപ പോലും റീ ബിൽഡ് കേരളയ്ക്ക് വേണ്ടി ചെലവഴിക്കാതെയാണ് വീണ്ടും പ്രഖ്യാപനം. ലോകബാങ്കിൽനിന്നു ലഭിച്ച ആദ്യ ഗഡുവായ 1780 കോടി രൂപയും പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി ചെലവഴിച്ചില്ല. റീ ബിൽഡ് കേരളയുടെ നാലായിരത്തോളം കോടി ശമ്പളം കൊടുക്കാൻ വേണ്ടി വകമാറ്റുകയായിരുന്നു. കഴിഞ്ഞ ബജറ്റിൽ റീബിൽഡ് കേരളയ്ക്കു വേണ്ടി നീക്കിവച്ച 1,830 കോടി രൂപയിൽ 388 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."