ഒരു മനുഷ്യന്‍ മാഞ്ഞുപോകുമ്പോള്‍...
ശുഐബുല്‍ ഹൈതമി
ആകാശത്തു നിന്നും ഭൂമിയിലേക്ക്, ഇന്ത്യയിലേക്ക്, കേരളത്തിലേക്ക് സൂക്ഷ്മദര്‍ശിനിയായ ഒരു കാമറ വെച്ച് നോക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക. മലയാളത്തില്‍ വര്‍ത്തമാനം പറയുന്ന മനുഷ്യരിലേക്ക് സൂംചെയ്ത്, ഏറ്റവുമധികം മനുഷ്യരുടെ നിരന്തര സഞ്ചാരങ്ങളുടെ ദിശ തിരിയുന്നത് ഏത് മനുഷ്യനിലേക്കാണെന്ന് നോക്കിയാല്‍, ഒരു വ്യാഴവട്ടക്കാലമായി അതൊരു കുറിയ വലിയ മനുഷ്യനായിരുന്നുവെന്ന് തെളിയും.
ശാസ്ത്രം കുറേക്കൂടി വികസിച്ച് മനുഷ്യന്റെ മനോവ്യാപാരങ്ങളെ ഒപ്പിയെടുക്കുന്ന യന്ത്രം വികസിപ്പിച്ചിരുന്നുവെങ്കില്‍ അപ്പറഞ്ഞ മനുഷ്യരില്‍ ഏറ്റവും ഏറിയപേര്‍ക്ക് ഹൃദയമന്ത്രമാവുന്ന ഏകപേരിന്റെ ഉടമസ്ഥനും അതേ മനുഷ്യന്‍ തന്നെയാവും- സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
സമുദായം വിവിധ തുറകളിലും തലങ്ങളിലും വെളിച്ചം കൊളുത്തിക്കൊണ്ടിരിക്കുന്ന നക്ഷത്രഗംഗകളൊഴുകുന്ന വലിയ ആകാശങ്ങളെ ചുമന്ന കൊച്ചു ചുമലായിരുന്നു അദ്ദേഹം.
തങ്ങള്‍
തന്‍ എന്നാല്‍ ശരീരം എന്നാണര്‍ഥം. ആ പദത്തെ ആദരപൂര്‍വം ബഹുവചനമാക്കുമ്പോള്‍ തന്‍കള്‍ എന്നും ഉച്ചാരണത്തില്‍ തങ്ങള്‍ എന്നുമാവുന്നു. പുണ്യപ്രവാചകന്റെ (സ്വ) ശരീരിക രക്താംശം കലര്‍ന്നതിനാലാണ് ആ ശരീരത്തെ ബഹുവചനമായി വന്ദിക്കുന്നത്. നബി എന്ന ആശയം മാത്രമല്ല, ശരീരം തന്നെ പുണ്യമാണ്. ആ വഴിയൊഴുക്കിന്റെ നടുക്കാണ് നമ്മളും നമ്മുടെ ഹൈദരലി തങ്ങളും കാലബിന്ദുക്കളാവുന്നത്. നാം സാക്ഷികളാണെങ്കില്‍,
തങ്ങള്‍ മിണ്ടാന്‍ വായ തുറക്കുമ്പോള്‍ സമുദായം കാത് തുറന്നു. തങ്ങള്‍ മൗനംപാലിച്ചപ്പോള്‍ സമുദായം ആദ്യം പറഞ്ഞതോര്‍ത്തു. പറഞ്ഞ് പോവാതെ തങ്ങള്‍ സമുദായത്തിന് പറഞ്ഞുതന്നു. തങ്ങള്‍ പറയുന്നേടത്തേക്ക് കറങ്ങിത്തിരിഞ്ഞ് കാര്യങ്ങള്‍ വന്നുനിന്നു. കലങ്ങിമറിയുന്ന യോഗങ്ങള്‍ക്ക് തങ്ങളുടെ നിയോഗത്തോടെ അടക്കം കിട്ടി. ആയിരം നാക്കുകള്‍ക്ക് മീതെ അരവാക്ക് മുഴങ്ങി നിന്നു.
നേതാവ്
വലിയൊരു വേദി സമുദായം എവിടെയൊരുക്കിയാലും തങ്ങള്‍ അതില്‍ കാല്കുത്തുമ്പോഴേ അത് പൂര്‍ണമായിരുന്നുള്ളൂ. മതം, ആത്മീയം, ധാര്‍മികം, രാഷ്ട്രീയം, സാംസ്‌കാരികം തുടങ്ങി സംഘാടക സൗകര്യത്തിന് വേണ്ടി ഉമ്മത്ത് ഭാഗിച്ചുവെച്ച സാമുദായിക മേഖലകള്‍ നദികള്‍ കടലിലേക്ക് വഴിവെട്ടിപ്പായുംപോലെ ഹൈദരലി ശിഹാബിലേക്ക് പാഞ്ഞണഞ്ഞു.
മഴയെ പുഴ പുണരുംപോലെ വൈവിധ്യങ്ങളുടെ ഉമ്മത്തിനെ ഏറ്റവും നന്നായി കൊണ്ടതും നനഞ്ഞ് പൊതിര്‍ന്നതും തങ്ങളായിരുന്നു. പദവികളുടെ പേരുകള്‍ തങ്ങളുടെ കാര്യത്തില്‍ തമാശയായിരുന്നു. കാരണം വന്നുവന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നത് തന്നെ പദവികള്‍ തീരുന്ന ഘട്ടത്തിന്റെ പേരായി മാറിപ്പോയിരുന്നു. അത് കഴിഞ്ഞിട്ടേ പദവികള്‍ തുടങ്ങിയിരുന്നുള്ളൂ എന്നര്‍ഥം.
തങ്ങളുടെ മേശപ്പുറത്തെ ഡയറിയിലുണ്ട് കേരള മുസ്്‌ലിംകള്‍ നടന്നുതീര്‍ത്ത നാള്‍വഴികള്‍, പുതുതായി പൊക്കിയ മന്ദിരങ്ങളുടെയും പരിഹരിച്ച പ്രശ്‌നങ്ങളുടെയും ചരിത്രങ്ങള്‍.
അനക്കം
അദ്ദേഹത്തേക്കാള്‍ വടിവൊത്ത് വാക്കുകള്‍ ചേര്‍ക്കുന്നവരായിരിക്കും ചിലപ്പോള്‍ വേദിയിലെ മറ്റുള്ളവര്‍. അദ്ദേഹത്തേക്കാള്‍ ആകാരം കൊണ്ട് അടയാളമാവാന്‍ കണ്‍നിറവുള്ളവര്‍ അക്കൂട്ടത്തില്‍ ഉണ്ടായെന്നും വരും. പക്ഷെ അങ്ങനെയൊരു ആള്‍ക്കൂട്ടം അങ്ങനെയൊരിടത്തൊരിക്കല്‍ വന്നുപോയെന്നതിനെ വാര്‍ത്തയും ചരിത്രവുമാക്കുന്നത് ആരാണെന്ന് നോക്കിയാണ് സമുദായം നേതാവിനെ നിശ്ചയിച്ചത്.
തങ്ങള്‍ക്ക് നിശ്ചയിച്ച കസേരയില്‍ തങ്ങളിരുന്ന് കാര്യം തുടങ്ങുക എന്ന കാലങ്ങളുടെ സങ്കല്‍പത്തില്‍ ബദലുകളില്ല. വേരുകള്‍ വിസ്മരിച്ച് പൂക്കളില്‍ വിസ്മയിക്കുന്ന ഡിസ്‌പ്ലേജനിക് പ്രവണതകള്‍ക്ക് ഹൈദരലി തങ്ങളുടെ അളവില്‍ വരുന്ന മാപിനികള്‍ കിട്ടിയെന്ന് വരില്ല.
മുഴക്കം
കാലങ്ങളുടെ പ്രതിനിധി എന്ന പദവി വഹിക്കുന്ന നേതാക്കളുടെ അടിസ്ഥാന കണ്ണിയായിരുന്നു അദ്ദേഹം. കാല്‍നടയായി, റാലികളായ്, വാഹനങ്ങളില്‍ തൂങ്ങി, കോളാമ്പിക്കാളങ്ങളില്‍ ശബ്ദിച്ച്, പന്തങ്ങള്‍ കൊളുത്തി, ഉമ്മത്ത് നിയ്യത് വെച്ച് ഇറങ്ങിത്തിരിച്ച പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടു പോവുന്ന ചെരിഞ്ഞ നോട്ടങ്ങളും വിന്‍ഡേജ് ചിത്രങ്ങളും തങ്ങളിലുണ്ടായിരുന്നു. നൊസ്റ്റാള്‍ജിയയുടെ പെരുന്നാളായിരുന്നു തങ്ങള്‍.
സമുദായം തരാതരങ്ങള്‍ നിരന്നുനില്‍ക്കുന്ന കമ്പോളങ്ങളെ വീട്ടിനുള്ളില്‍ കെട്ടിപ്പൊക്കുന്ന കാലത്തിലെത്തിയിട്ടും മാസമുറപ്പിക്കാന്‍ ആദ്യം തങ്ങള്‍ വേണമെന്ന നിയമത്തിന് മാത്രം മാറ്റമില്ല.
കര്‍മം കൊണ്ട് നേടിയെടുക്കേണ്ട, നിലനിര്‍ത്തേണ്ട, രാകിമിനുക്കേണ്ട കലാശില്‍പ്പമാണ് ഹൃദയങ്ങളുടെ സിംഹാസനം. യോഗ്യരത് നേടലല്ല, യോഗ്യര്‍ക്കത് കിട്ടലാണ്. നേതാവ് സൃഷ്ടിക്കപ്പെടലോ തെരഞ്ഞെടുക്കപ്പെടലോ അല്ല; കാലാന്തരേണ രൂപപ്പെടലാണ്. ചരിത്രപരമായ കൈക്രിയകള്‍ കാലം നടത്തുമ്പോള്‍ മാറാത്ത സാന്നിധ്യമാവുന്ന നേതാവിന് ഉറച്ച ഉറപ്പുണ്ടാവണം, സകലമാനത്തിലും. മാനങ്ങളുടെ ഒരുമയാണ് ബഹുമാനം.
മുദ്ര
മുനിഞ്ഞു കത്തിയ, കാറ്റിനൊത്ത് ആളിപ്പടര്‍ന്ന സൂഫിയായിരുന്നു തങ്ങള്‍. ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരാളെ കണ്ടെത്തി അകത്ത് കൂട്ടിപ്പോയി വിളമ്പിക്കൊടുത്തിരുന്ന നൈര്‍മല്യമായിരുന്നു ആ ശ്രദ്ധ.
നേരമെത്രയിരുട്ടി വീടണഞ്ഞാലും ഫജ്‌റിന് പള്ളിയിലെത്തുന്ന തങ്ങള്‍, കൃത്യാന്തരങ്ങള്‍ എത്ര ബഹുലമായാലും വളഞ്ഞ വഴിയില്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നവനെ നിശ്വാസത്തില്‍ കണ്ടെത്തുന്ന തങ്ങള്‍ ജാഗ്രതയുടെ രണ്ടര്‍ഥങ്ങള്‍ക്ക് കാവല്‍നിന്നു. പുതുമയുടെ ലഹളകള്‍ വിസ്മൃതികളുടെ മയക്കങ്ങളായ് വളരുന്ന കാലത്ത് ഉച്ചരിക്കപ്പെടുന്ന പേരുകളില്‍ അര്‍ഹന്‍ വിട്ടുപോവാതിരിക്കുന്ന മന:സാന്നിധ്യമായിരുന്നു തങ്ങള്‍.
എഴുതിക്കൊടുക്കുന്ന പേരുകള്‍ക്കപ്പുറത്ത് തങ്ങള്‍ക്ക് ചില പേരുകളുണ്ടായിരുന്നു.
ഭൗതികമായ അള്‍ഷിമേഴ്‌സിനേക്കാള്‍ കഠിനമാണ് ധാര്‍മികമായ മറവിരോഗം. തങ്ങള്‍ അതിന് മരുന്നും തിരുത്തുമായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ജീവിതത്തില്‍ നിന്നും നിഘണ്ടുവിലേക്ക് തിരിച്ചുപോവേണ്ടിയിരുന്ന അത്തരം നല്ല പദങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്തിയ യുഗപുരുഷനാണ് നിശബ്ദനായത്.
കണ്ണാടി
ഉമ്മത്ത് തങ്ങളെ കണ്ടതും കൊണ്ടതും അങ്ങനെയൊക്കെയാണ്. തങ്ങള്‍ സമുദായത്തെ കണ്ടത് എങ്ങനെയെന്ന കൗതുകത്തിന്റെ സൗന്ദര്യമാണ് ആ മയ്യിത്ത്. തന്നെ കാണാന്‍, കൈ പിടിക്കാന്‍, തൊടാന്‍, മണക്കാന്‍ പിടിവലി കൂടുന്ന ജനതയെ ഇളംചിരിയോടെ നോക്കുന്ന തങ്ങളുടെ മനസ്സില്‍ അപ്പപ്പോള്‍ പാഞ്ഞുപോയ ചിന്തകള്‍ എന്തൊക്കെയായിരിക്കും. കൊടുത്തതിന്റെയിരട്ടി ഉമ്മത്തിനെ സ്‌നേഹിച്ചിട്ടുണ്ടാവണം തങ്ങള്‍. ഉമ്മത്തിന്റെ കരംപുണര്‍ന്ന് മണത്തിട്ടുണ്ടാവണം.
ഉമ്മത്തിനെ കാണാന്‍ കരുതിയാവണം കടപ്പുറങ്ങളിലേക്കും സമ്മേളനപ്പറമ്പുകളിലേക്കും വന്നിട്ടുണ്ടാവുക. ആ ഉമ്മത്തിന് മുമ്പില്‍ ഏതോ കിനാവ് കണ്ടെന്ന പോലെ ശാന്തമായ് കിടക്കുകയാണ് തങ്ങള്‍, നക്ഷത്രങ്ങള്‍ നിശ്ചലമായ ആകാശം പോലെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."