വൃദ്ധസദനങ്ങളിൽ പെരുകുന്ന ശരണാർഥികൾ
സംസ്ഥാനത്തെ വൃദ്ധസദനങ്ങളിൽ വർഷം കഴിയുന്തോറും അന്തേവാസികളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പതിനായിരം അന്തേവാസികളാണ് സംസ്ഥാനത്തെ വൃദ്ധസദനങ്ങളിൽ പുതുതായി എത്തിപ്പെട്ടത്. വൃദ്ധസദനങ്ങൾ എന്നത് മലയാളി അത്ഭുതത്തോടെ മാത്രം കേട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. പാശ്ചാത്യൻ രാജ്യങ്ങളിൽ ഇത്തരം ഏർപ്പാടുകൾ നടക്കുന്നുണ്ടെന്നറിഞ്ഞ മലയാളി, ബന്ധങ്ങൾക്ക് വില കൽപിക്കാത്തവരാണ് പാശ്ചാത്യരെന്ന് വിധിയെഴുതുകയും ചെയ്തിരുന്നു. വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുകയോ എന്ന് അത്ഭുതപ്പെടുമായിരുന്നു മലയാളി മൂന്ന് പതിറ്റാണ്ട് മുമ്പുവരെ. അന്തരിച്ച പ്രശസ്ത കഥാകാരൻ ടി.വി കൊച്ചുബാവയുടെ വൃദ്ധസദനമെന്ന നോവൽ കേരളീയ പശ്ചാത്തലത്തിൽ എഴുതപ്പെട്ട കൃതിയായിരുന്നു. അങ്ങനെ ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴാണ് വൃദ്ധസദനങ്ങൾ എന്ന യാഥാർഥ്യത്തെ മലയാളി ഉൾക്കൊള്ളാൻ തുടങ്ങിയത്.
വൃദ്ധസദനങ്ങൾ ഇപ്പോൾ സാധാരണമായിരിക്കുന്നു. മലയാളി വൃദ്ധസദനങ്ങളുമായി സമരസപ്പെടാൻ തുടങ്ങിയിരിക്കുന്നു. മാത്രമല്ല, സ്വന്തം മാതാപിതാക്കളെ ഇത്തരം കേന്ദ്രങ്ങളിൽ തള്ളുന്നതിൽ ഒരു മനഃസാക്ഷിക്കുത്ത് പോലും അനുഭവപ്പെടാത്തവരായും മലയാളികൾ പുതിയ കാലത്ത് മാറിക്കഴിഞ്ഞു. 2016-17 വർഷങ്ങളിൽ സംസ്ഥാനത്തെ വൃദ്ധസദനങ്ങളിൽ അന്തേവാസികളുടെ എണ്ണം 19,149 ആയിരുന്നെങ്കിൽ 2020-21 ലെത്തിയപ്പോൾ അത് 28,788 ആയി വർധിച്ചു. സർക്കാർ നേരിട്ടുനടത്തുന്ന 16 വൃദ്ധസദനങ്ങളിലും സർക്കാർ സഹായത്തോടെ നടത്തപ്പെടുന്ന 82 വൃദ്ധസദനങ്ങളിലും അന്തേവാസികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. പണം കൊടുത്ത് ഉപയോഗിക്കുന്ന 523 വൃദ്ധസദനങ്ങളിലും വൃദ്ധജനങ്ങൾ പെരുകുകയാണ്.
വാർധക്യത്തിൽ മാതാപിതാക്കൾക്ക് മക്കൾ തണലാകണം എന്ന നിലയിൽ നിരന്തര ബോധവൽക്കരണങ്ങൾ ഉണ്ടായിട്ടുപോലും ശരണാലയങ്ങളിൽ എത്തുന്ന വൃദ്ധജനങ്ങളുടെ എണ്ണത്തിന് കുറവില്ല. മാതാപിതാക്കളെ വൃദ്ധ സദനങ്ങളിൽ കൊണ്ടുവിടുന്ന മക്കളും തനിക്കും ഇത്തരമൊരു കാലം വരുമെന്ന തികഞ്ഞ ബോധ്യമുള്ളവരായിരുന്നിട്ടും കൂടി വൃദ്ധസദനങ്ങളിലേക്ക് വൃദ്ധരായ മാതാപിതാക്കളുമായി എത്തുന്ന അവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നു.
പുതിയ കാലത്തെ മക്കളിൽ പലരും സ്നേഹ ശൂന്യരായി മാറുന്നു എന്നത് ഒരു യാഥാർഥ്യമാണ്. രക്ഷിതാക്കൾ തന്നെയാണ് അതിന് വലിയൊരളവോളം കാരണക്കാർ. കുട്ടികൾക്ക് മേന്മയേറിയ വിദ്യാഭ്യാസം നൽകാൻ വരുമാനം നോക്കാതെ മത്സരിച്ച രക്ഷിതാക്കൾ അതിനൊപ്പം മക്കൾക്ക് ധാർമിക വിദ്യാഭ്യാസം നൽകാൻ മറന്നുപോയതിൻ്റെ ഫലം.
ഇന്നത്തെ കാലത്ത് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീ യുവാക്കളെല്ലാം പാശ്ചാത്യ രാജ്യങ്ങളെയാണ് മികച്ച ജോലിക്കായി ആശ്രയിക്കുന്നത്. മെച്ചപ്പെട്ട ജീവിത സാഹചര്യം കൈവരുന്ന അവരിൽ പലരും കാലക്രമേണ അവിടങ്ങളിൽ തന്നെ സ്ഥിര താമസമാക്കുകയാണ് പതിവ്. ഇത്തരമൊരു സന്ദർഭത്തിൽ നാട്ടിലുള്ള വൃദ്ധരായ മാതാപിതാക്കൾ അവർക്കൊരു ബാധ്യതയായി മാറുന്നു. അതാണ് വൃദ്ധസദനങ്ങൾ തേടിപ്പോകാൻ അവരെ പ്രേരിപ്പിക്കുന്നത്.
ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളുടെ ഫലമായി വസൂരി, ക്ഷയം, കുഷ്ഠം പോലുള്ള മാരക രോഗങ്ങൾ ഏതാണ്ട് നിർമാർജനം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഇത് കാരണം ആളുകളുടെ ആയുർദൈർഘ്യവും കൂടിയിട്ടുണ്ട്. നാൽപ്പതുകളിൽ ശരാശരി ആയുർദൈർഘ്യം 35 വയസ് ആയിരുന്നെങ്കിൽ ഇന്നത്തെ വൃദ്ധ ജനങ്ങളിൽ ഏറിയപങ്കും എൺപത് കഴിഞ്ഞവരാണ്. കേരളത്തിൽ 60 വയസിൽ കൂടുതലുള്ളവർ ഇന്നു 40 ലക്ഷത്തിൽ അധികം വരും. ഇവരിൽ പലരും രോഗികളും അവശരുമാണ്. 2050 ഓടെ 83 വയസിന് മുകളിലെത്തുന്നവരുടെ എണ്ണം വർധിക്കു മെന്നാണ് പറയപ്പെടുന്നത്. ഇവരെ പരിചരിക്കുന്നവരുടെ എണ്ണവും കുറഞ്ഞ് വരികയാണ്. കാരണം അവർക്ക് തൊഴിലിന് പോകേണ്ടതുണ്ട്. ഈ കാരണത്താലും വൃദ്ധസദനങ്ങൾ നിറയുന്നുണ്ട്.
എൺപതുകൾക്ക് ശേഷമാണ് മനുഷ്യരുടെ ആയുർദൈർഘ്യം കൂടാൻ തുടങ്ങിയത്. അമ്പത്തിയഞ്ച് വയസിൽ പെൻഷനാകുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ പിന്നെയും എത്രയോ വർഷങ്ങൾ ജീവിക്കുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായപരിധി വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നത്, വിരമിച്ച വലിയൊരു വിഭാഗം ഉദ്യോഗസ്ഥർക്ക് പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും നൽകുക എന്നത് വലിയൊരു ബാധ്യതയായി മാറുന്നതു കൊണ്ടുകൂടിയാണ്.
കൂട്ടു കുടുംബങ്ങൾ ഇന്നൊരു പഴയ കഥയാണ്. എല്ലാവരും അണുകുടുംബമായി മാറുന്നു. കുട്ടികളെ സ്കൂളുകളിലാക്കി ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്നവരാണ്. അപ്പോൾ പ്രായമായവരെ പരിചരിക്കാൻ ആർക്കാണ് സമയം? എന്നാൽ നാലും അഞ്ചും മക്കളുള്ള മാതാപിതാക്കളെ വരെ ശരണാലയങ്ങളിൽ സംരക്ഷിക്കപ്പെടാനെന്ന പേരിൽ ഉപേക്ഷിക്കുന്നത് പ്രായമായ രക്ഷിതാക്കളോട് ചെയ്യുന്ന കൊടുംക്രൂരതയാണ്, മഹാപാതകമാണ്. കരുണ വറ്റിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ പരിഛേദമായി മാത്രമേ അതിനെ കാണാനാകൂ.
ജനന നിരക്ക് കുറയുകയും ആയുർദൈർഘ്യം കൂടുകയും ചെയ്യുമ്പോൾ സ്വഭാവികമായും വൃദ്ധ ജനങ്ങൾ വർധിക്കും. അപ്പോൾ അവരെ സംരക്ഷിക്കാൻ മക്കളല്ലാതെ മറ്റാരാണ് ഉണ്ടാവുക. രണ്ടിൽ കൂടുതൽ മക്കളുള്ളവർ പോലും മാതാപിതാക്കളെ തിരിഞ്ഞുനോക്കാൻ മെനക്കെടാതെ ഉപേക്ഷിക്കുന്നത് ശിക്ഷാർഹമാകേണ്ടതാണ്. നിയമമുണ്ടായിട്ടും പരിപാലിക്കാത്ത മക്കൾക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ പല രക്ഷിതാക്കളും വിമുഖരാണ്. ആ കരുതലിന്റെ പത്തിലൊരംശം വൃദ്ധരായ മാതാപിതാക്കളോട് മക്കൾ കാണിച്ചിരുന്നുവെങ്കിൽ ഇത്രമേൽ വൃദ്ധ ജനങ്ങൾക്ക് വൃദ്ധ സദനങ്ങളെ ആശ്രയിക്കേണ്ടി വരില്ലായിരുന്നു.
2സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൃദ്ധ സദനങ്ങൾ ഉള്ളത് എറണാകുളം ജില്ലയിലും ഏറ്റവും കുറവ് മലപ്പുറത്തുമാണ്. വാർധക്യം ഒരു ശാപമല്ല. ഭൂമിയിൽ പിറന്ന എല്ലാവരെയും അത് തേടിയെത്തും. എന്നാൽ പുതിയ കാലത്തെ മനുഷ്യർ അത് ബോധപൂർവം വിസ്മരിക്കുന്നു. അതിന്റെ തെളിവുകളാണ് സംസ്ഥാനത്ത് പെരുകിക്കൊണ്ടിരിക്കുന്ന വൃദ്ധ സദനങ്ങളും അവിടെ ശരണാർഥികളാകുന്ന വൃദ്ധരുടെ എണ്ണത്തിലെ വർധനയും. ഇപ്പോൾ അഭിമാനിക്കുന്ന യുവത്വം ഏറെക്കാലം നിലനിൽക്കില്ല എന്ന യാഥാർഥ്യ ബോധം സ്വന്തം മാതാപിതാക്കൾക്ക് കനിവിന്റെ തണലേകാൻ രക്ഷിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് ഉൾപ്രേരണയാകേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."