ഉയിഗര്‍ പീഡനം: ചൈനക്കെതിരേ ഉപരോധമേര്‍പ്പെടുത്തി പാശ്ചാത്യരാജ്യങ്ങള്‍; തിരിച്ചടിച്ച് ചൈന
ബ്രെസല്‍സ്: ഉയിഗര്‍ മുസ്ലിംകളോട് സ്വീകരിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച് ചൈനയ്ക്കെതിരേ കടുത്ത പരോധവുമായി പാശ്ചാത്യരാജ്യങ്ങള്‍. യൂറോപ്യന്‍ യൂണിയനും ബ്രിട്ടണ്‍, കാനഡ, യു.എസ് എന്നീ രാജ്യങ്ങളാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഉപരോധമേര്‍പ്പെടുത്തിയത്. പൊതുസുരക്ഷാ ബ്യൂറോ ഡയറക്ടര്‍ ചെന്‍ മിന്‍ഗ്വാ, മുതിര്‍ന്ന ഉദ്യോഗസ്ഥരായ വാങ് മിങ്ഷാന്‍, വാങ് ജുന്‍ ഷെങ് തുടങ്ങിയവര്‍ക്കാണ് ഉപരോധം.
1989ലെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ സംഭവത്തിന് ശേഷം ഇതാദ്യമായാണ് യൂറോപ്യന്‍ യൂനിയന്‍ ചൈനക്കെതിരേ ഉപരോധമേര്‍പ്പെടുത്തുന്നത്. മനുഷ്യാവകാശ സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് യൂറോപ്യന്‍ യൂനിയന്റെ ഇപ്പോഴത്തെ നടപടി.
ഈ കാലഘട്ടത്തിലെ ഏറ്റവും ഭീകരമായ മനുഷ്യാവകാശ പ്രതിസന്ധികളിലൊന്നാണ് സിന്‍ജിയാങ് പ്രവിശ്യയിലെ ഉയിഗര്‍ മുസ്ലിങ്ങളുടേതെന്നാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞത്. ഉപരോധമേര്‍പ്പെടുത്തുകയല്ലാതെ അന്താരാഷ്ട്ര സമൂഹത്തിന് മുന്‍പില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും ഡൊമിനിക് പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായാണ് ചൈന രംഗത്തെത്തത്തിയത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാശ്ചാത്യരാജ്യങ്ങള്‍ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ചൈന പറഞ്ഞു. തങ്ങള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് 10 യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികള്‍ക്കും നാല് സ്ഥാപനങ്ങള്‍ക്കും ചൈന ഉപരോധമേര്‍പ്പെടുത്തി.
മതന്യൂനപക്ഷമായ ഉയിഗര്‍ മുസ്ലിങ്ങള്‍ക്കെതിരേ ചൈന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്ത് ലക്ഷത്തിലേറെ ഉയിഗര്‍ മുസ്ലിംകള്‍ ചൈനയില്‍ അനധികൃത തടങ്കല്‍ പാളയങ്ങളില്‍ കഴിയുന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."