20 വര്‍ഷം സര്‍വിസുള്ളവര്‍ക്ക് രണ്ടു വര്‍ഷത്തെ അധിക വെയിറ്റേജ് നല്‍കും
കൊല്ലം: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍കാരില്‍ 20 വര്‍ഷമോ അതില്‍ കൂടുതലോ സര്‍വിസ് ഉള്ളവര്‍ക്ക് രണ്ടു വര്‍ഷത്തെ അധിക വെയിറ്റേജ് നല്കാന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് ഉത്തരവായതായി എന്‍.കെ പ്രേമചന്ദ്രന് എം.പി അറിയിച്ചു. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ഉത്തരവ്.
വര്‍ഷങ്ങളായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍കാര്‍ ഉന്നയിക്കുന്ന ആവശ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. കഴിഞ്ഞ രണ്ടു പാര്‍ലമെന്റ് സമ്മേളനങ്ങളിലായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.കെ പ്രേമചന്ദ്രന് എം.പി നല്കിയ സ്വകാര്യ പ്രമേയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുകയാണ്.
പ്രമേയ ചര്‍ച്ചാവേളയില്‍ പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് നിരന്തരമായി ലോക്സഭയിലും പുറത്തും ഉയര്‍ന്നു വരുന്ന ആവശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. 1995ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീമിലും 1971ലെ ഫാമിലി പെന്ഷന് സ്കീമിലും ഉള്‍പ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭ്യമാകും. ഇതു സംബന്ധിച്ച ഉത്തരവ് സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മിഷനര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്കിയിട്ടുള്ളതായും എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."