കേരളത്തില്‍ ക്രിസ്ത്യാനികളുടേയും ഹിന്ദുക്കളുടേയും അവകാശങ്ങള്‍ കവര്‍ന്ന് മുസ്‌ലിംകള്‍ വളരുന്നു, ഭാവിയില്‍ അവര്‍ ഭൂരിപക്ഷമാകുന്ന സാഹചര്യമാണുള്ളത് :വര്‍ഗീയ പരാമര്‍ശവുമായി ബി.ഗോപാലകൃഷ്ണന്‍
ഒല്ലൂര്‍: സ്ഥാനാര്‍ഥി പര്യടനത്തിനിടെ വര്‍ഗീയ പരാമര്‍ശവുമായി ഒല്ലൂര്‍ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണന്‍. ലോകത്താകമാനം ഇസ്ലാമിക വല്‍ക്കരണം നടക്കുകയാണെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തില്‍ മുസ്‌ലിംകള്‍ ക്രിസ്ത്യാനികളുടേയും ഹിന്ദുക്കളുടേയും അവകാശം കവര്‍ന്ന് വളരുകയാണെന്നും ഭാവിയില്‍ അവര്‍ ഭൂരിപക്ഷമാകുന്ന സാഹചര്യമാണുള്ളത്. ക്രൈസ്തവ സഭയ്ക്ക് വേണ്ടി സംസാരിക്കാന്‍ ബി.ജെ.പി മാത്രമാണുള്ളതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഒല്ലൂരിലെ സെന്റ് ആന്റണീസ് ഫെറോണ ചര്‍ച്ചിലെ ഫാദര്‍ ജോസ് കോണിക്കാരനുമായി ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശം ഉന്നയിച്ചത്. ഇതിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദമാവുകയാണ്.
ന്യൂനപക്ഷ അവകാശങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു പരാമര്‍ശം. ജനസംഖ്യാനുപാതത്തില്‍ 23 ശതമാനമാണ് ക്രൈസ്തവര്‍. 29 ശതമാനമാണ് മുസ്‌ലിംകള്‍. ക്രൈസ്തവര്‍ക്ക് ന്യൂനപക്ഷ അവകാശങ്ങളുടെ 40-44 ശതമാനം ലഭിക്കണം. മുസ് ലിംകള്‍ക്ക് 50-55 ശതമാനം ലഭിക്കണം. എന്നാല്‍ ന്യൂനപക്ഷ അവകാശം 20 ശതമാനം മാത്രമാണ് ക്രൈസ്തവര്‍ക്ക് ലഭിക്കുന്നതെന്നും ബാക്കിവരുന്ന 80 ശതമാനം മുസ്ലിംകള്‍ക്കാണ് ലഭിക്കുന്നതെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ക്രൈസ്തവര്‍ക്ക് വേണ്ടിയാണ് ബി.ജെ.പി സംസാരിച്ചതെന്നും എന്നാല്‍ അത് തിരിച്ചറിയാതെയാണ് നിങ്ങള്‍ സംസാരിക്കുന്നതെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിചേര്‍ത്തു. ഇതിനെല്ലാമെതിരെയാണ് താന്‍ പ്രശ്‌നം ഉന്നയിച്ചത്. ബി.ജെ.പിയുമായി ക്രൈസ്തവര്‍ അടുക്കരുത് എന്ന നയമാണ് മറ്റുരാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളത്. നിങ്ങളെ എതിര്‍ക്കുന്നവര്‍ക്കാണ് നിങ്ങള്‍ വോട്ട് കൊടുക്കുന്നത്. നിങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് വോട്ട് കൊടുക്കുന്നില്ല. വാസ്തവത്തില്‍ ശത്രുക്കളേത് മിത്രങ്ങളേത് എന്ന് തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നും ഗോപാലകൃഷ്ണന്‍ ഫാദറിനോട് പറഞ്ഞു.
ഫാദര്‍ പള്ളിയില്‍ ബൈബിള്‍ വായിക്കുന്നതിന് പെന്‍ഷന്‍ ലഭിക്കുന്നുണ്ടോ ,രാമായണം വായിക്കുന്നവര്‍ക്കും മഹാഭാരതം വായിക്കുന്നവര്‍ക്കും പെന്‍ഷനുണ്ടോ പിന്നെ ഖുറാന്‍ വായിക്കുന്നവര്‍ക്ക് എന്തിനാണ് പെന്‍ഷനെന്ന് ചോദിച്ച ഗോപാലകൃഷ്ണന്‍ അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് നിങ്ങളുടേയും എന്റേയും പണം കൊണ്ടാണെന്ന് പറഞ്ഞു. ഇത് ചോദ്യം ചെയ്യാന്‍ സിപിഎമ്മിനോ കോണ്‍ഗ്രസിനോ സാധിക്കില്ലെന്നും അവരെ നിയന്ത്രിക്കുന്നത് മുസ്‌ലിം ശക്തികളാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
വിഡിയോ
[video width="432" height="240" mp4="https://suprabhaatham.com/wp-content/uploads/2021/03/WhatsApp-Video-2021-03-30-at-5.30.27-PM.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."