കല്ലിടൽ നിർത്തിവച്ചാലും യു.ഡി.എഫ് സമരം തുടരും: സതീശൻ
പൊന്മുണ്ടം (മലപ്പുറം) സിൽവർ ലൈൻ പദ്ധതിയുടെ സർവേക്കല്ലിടൽ നടപടികൾ നിർത്തിവച്ചാലും യു.ഡി.എഫ് സമരം തുടരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കെ റെയിൽ പദ്ധതിയിൽനിന്ന് സംസ്ഥാന സർക്കാർ പൂർണമായും പിൻമാറുന്നതുവരെ സമരം നിർത്തില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെ റെയിൽ കോർപറേഷൻ പറയുന്നത് സർവേ നടപടികൾ നിർത്തിവയ്ക്കില്ലെന്നാണ്. എന്നാൽ അറിയാൻ കഴിഞ്ഞത് പാർട്ടി കോൺഗ്രസ് തീരുന്നതു വരെ വിവാദം വേണ്ടെന്ന സർക്കാരിൻ്റെ അനൗദ്യോഗിക തീരുമാനത്തിൻ്റെ ഭാഗമായാണ് കല്ലിടൽ താൽകാലികമായി നിർത്തിയതെന്നാണ്. പദ്ധതിക്കെതിരേ സമരം നടത്തുന്ന ജനപ്രതിനിധികളെയും നേതാക്കളെയും പരിഹസിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയും തങ്ങളുടെ ഭൂതകാലം മറക്കരുത്. മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയായിരിക്കുമ്പോഴാണ് ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നിയമസഭ അടിച്ചുതകർത്തത്. വേണ്ടിവന്നാൽ പൊലിസ് സ്റ്റേഷൻ്റെ അകത്തും ബോംബ് നിർമിക്കുമെന്നു പറഞ്ഞ നേതാവാണ് കോടിയേരി. ഇവരാണ് കേരളത്തിലെ എം.പിമാരെ പരിഹസിക്കുന്നത്. കോർപറേറ്റുകളുടെയും ജന്മിമാരുടെയും ഭാഷയിലാണ് ഇവർ സംസാരിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് ഇടതുപക്ഷത്തുനിന്ന് തീവ്ര വലതുപക്ഷ വ്യതിയാനത്തിലേക്കാണ് പോകുന്നതെന്നാണ്. മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും റെയിൽവേ മന്ത്രിയെയും കണ്ടത്തിനു ശേഷവും റെയിൽവേ മന്ത്രി രാജ്യസഭയിൽ പറഞ്ഞത് കേരളത്തിലെ പ്രതിപക്ഷമുയർത്തുന്ന ഉൽക്കണ്ഠകൾ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."