സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോള്‍...
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറകളിലൊന്നായ ഭരണകൂടങ്ങളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ് തെരഞ്ഞെടുപ്പ്. സംസ്ഥാനം ആര് ഭരിക്കണമെന്ന് ഇന്ന് ജനം വിധിയെഴുതുകയാണ്. പൗരര്‍ എന്ന നിലയില്‍ നിര്‍ബന്ധമായും വിനിയോഗിക്കേണ്ടതാണ് സമ്മതിദാനാവകാശം. നമ്മെ ആര് ഭരിക്കണമെന്ന തീരുമാനത്തില്‍ പങ്കാളികളായിട്ടില്ലെങ്കില്‍ ആ ഭരണാധികാരികള്‍ അന്യായങ്ങള്‍ ചെയ്യുമ്പോള്‍ ഖേദിച്ചതുകൊണ്ട് പ്രയോജനമുണ്ടാവില്ല. ഏറെ കരുതലോടെയും ഉത്തരവാദിത്വത്തോടെയുമാണ് വോട്ടവകാശം വിനയോഗിക്കേണ്ടത്. തെറ്റായ തീരുമാനത്തിലൂടെ നമുക്ക് നഷ്ടമാവുക അനുഭവിക്കേണ്ടിയിരുന്ന വികസനത്തിന്റെ അഞ്ചു വര്‍ഷങ്ങളാണ്. തിരുത്താന്‍ പറ്റുന്നതല്ല ഇത്തരം കൈയബദ്ധങ്ങള്‍. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ പ്രാപ്തരായ, വികസനത്തിന് കരുത്തുപകരുന്നവര്‍ക്കായിരിക്കണം നാം അംഗീകാരം നല്‍കേണ്ടത്. നൈമിഷിക താല്‍പര്യങ്ങള്‍ക്കപ്പുറം സുസ്ഥിരമായ വികസനവും സമാധാനവും സൗഹാര്‍ദവും കാത്തുസൂക്ഷിക്കുന്നവരുടെ കൂടെയാണ് ചേര്‍ന്നുനില്‍ക്കേണ്ടത്.
ഇന്ത്യ നൂറ്റാണ്ടുകളിലൂടെ നേടിയെടുത്ത സൗഹാര്‍ദ അന്തരീക്ഷങ്ങള്‍ മങ്ങലേറ്റിട്ടുണ്ട്. ഒരുമയോടെയുള്ള കൈകോര്‍ക്കലുകളെ അടര്‍ത്തിമാറ്റാന്‍ പലരും നിര്‍ബന്ധിക്കുകയും അതിനായി ഒരു വിഭാഗം ശ്രമവും നടത്തുന്നുണ്ട്. കേരളവും അത്തരം കുത്സിത വഴികളിലേക്ക് നീങ്ങുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച്, നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചിലര്‍ വിഭജനത്തിന്റെയും വര്‍ഗീയതയുടെയും വിത്തുകള്‍ വിതറിയിട്ടുണ്ട്. അത്തരക്കാരെ കരുതിയിരിക്കണം.
മറവിയുടെ ആനുകൂല്യത്തിലാണ് ഫാസിസം വളരുന്നത്. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകര്‍ത്തും ഭരണഘടനാ സ്ഥാപനങ്ങളെ കൈയടക്കിയും അധികാരത്തില്‍ തുടരാനുള്ള ശേഷി ഇപ്പോള്‍ ഇന്ത്യന്‍ ഫാസിസം കൈവരിച്ചിട്ടുണ്ട്. അതിനു നുണകളെ മാത്രം ആശ്രയിക്കേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ കേവലമായ താര്‍ക്കിക യുക്തികൊണ്ട് മാത്രം അതിനെ നേരിടാമെന്നും ലളിതമായി അതിനെ തോല്‍പ്പിക്കാമെന്നും കരുതുന്നത് തെറ്റിദ്ധാരണയാവും. ഇന്ത്യയെപ്പോലൊരു ബഹുസ്വര സമൂഹത്തില്‍ ഫാസിസത്തെ നേരിടാന്‍ നിതാന്തമായ ജാഗ്രതയും ചെറുത്തുനില്‍പ്പും ആവശ്യമാണ്. ഓരോ വോട്ടെടുപ്പും അതിനെ താഴെയിറക്കാനുള്ള അവസരമാണെന്ന ബോധ്യം അനിവാര്യമാണ്. വലിയ നുണകള്‍ സത്യമാണെന്ന് തെറ്റിദ്ധരിച്ചവരാണ് ഫാസിസത്തെ അധികാരത്തിലെത്തിച്ചതെന്ന സത്യം മറന്നു പോകരുത്. ആ നുണകളാണ് അവരിപ്പോഴും വിശ്വസിക്കുന്നതെന്നും ഓര്‍ക്കേണ്ടതാണ്.
ഫാസിസത്തെ നേരിടുകയെന്നത് നമുക്കുവേണ്ടി നാം തന്നെ ചെയ്യേണ്ട ദൗത്യമാണ്. ജനാധിപത്യത്തിന്റെ മുഖംമൂടിയിട്ടാണ് ജര്‍മ്മനിയില്‍ ഫാസിസം അധികാരത്തിലെത്തിയതെന്നും മറക്കരുത്. ഹിറ്റ്‌ലര്‍ അധികാരത്തിലെത്തിയത് തെരഞ്ഞെടുപ്പിലൂടെയായിരുന്നു. അക്കാലത്ത് ഫാസിസത്തിന്റെ ഗൗരവത്തെക്കുറിച്ച് ആര്‍ക്കും ബോധ്യവുമുണ്ടായിരുന്നില്ല. ഒരു വ്യവസ്ഥകളെയും പാലിക്കാത്ത സംവിധാനമാണ് ഫാസിസം. അത് വിയോജിപ്പിനെ വിശ്വാസവഞ്ചനയായി ചിത്രീകരിക്കുകയും ധൈഷണിക ചര്‍ച്ചകളെയും യുക്തിചിന്തയേയും അവമതിച്ച് അതിനെ വിശ്വാസവഞ്ചനയായി പ്രചരിപ്പിക്കുകയും ചെയ്യും. വ്യത്യസ്തതയെയും നാനാത്വത്തെയും ഭയക്കും. വംശവെറിയുടേയോ മത, ജാതിസ്പര്‍ധയുടെയോ രൂപത്തില്‍ അവയെ ഭിന്നിപ്പിക്കുവാനും തമ്മിലടിപ്പിക്കുവാനുമുള്ള പ്രേരണ സമൂഹത്തില്‍ വിതയ്ക്കും. ഫാസിസത്തിന്റെ ഈ ലക്ഷണങ്ങളെല്ലാം ഇന്ത്യന്‍ ഫാസിസത്തിനുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. സമ്പത്തും അധികാരവും കുറച്ച് കുത്തകക്കാരിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന വ്യവസ്ഥ കൂടിയാണ് ഫാസിസം. രാജ്യത്തെ കരാറുകളും മികച്ച തൊഴിലുകളും സ്വന്തക്കാരിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടുന്നു. ഡല്‍ഹിയിലെ തെരുവില്‍ മാസങ്ങളായി കര്‍ഷകര്‍ അതിജീവനത്തിനായുള്ള പോരാട്ടം ഇന്നും തുടരുകയാണ്. കുത്തകകളില്‍നിന്ന് രാജ്യത്തെ മോചിപ്പിച്ച് സര്‍വര്‍ക്കും അന്നം എത്തിക്കുന്നതിനാണ് അവര്‍ പോരാടുന്നതെന്ന് നാം മറന്നുപോകരുത്.
ഇല്ലാത്ത ശത്രുവിനെ സാങ്കല്‍പികമായി സൃഷ്ടിച്ചാണ് ഫാസിസം അതിന്റെ അജന്‍ഡകള്‍ നടപ്പാക്കുക. നാസികള്‍ 1930കളില്‍ ജര്‍മനിയില്‍ പ്രചരിപ്പിച്ച ജൂതവിരോധം ഒരുദാഹരണമാണ്. പിന്നോക്ക ന്യൂനപക്ഷങ്ങളുടെ ഉന്മൂലനമാണ് ഇന്ത്യന്‍ ഫാസിസത്തിന്റെ ജീവവായു. സ്വാതന്ത്ര്യകാലം മുതല്‍ ഡല്‍ഹി വംശഹത്യവരെ നീളുന്ന ദലിത്, മുസ്‌ലിം കൂട്ടക്കൊലകളും ബാബരി മസ്ജിദ് തകര്‍ക്കലും കൈയടക്കലുകളും പിടിച്ചടക്കലുകളും പശുവിന്റെ പേരിലുള്ളതും അല്ലാത്തതുമായ ആള്‍ക്കൂട്ട അതിക്രമങ്ങളും അതിനുദാഹരണമാണ്. ബാബരി കൈയടക്കിയശേഷം മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദും വരാണസിയിലെ ഗ്യാന്‍വ്യാപി മസ്ജിദ് എന്നിവയ്ക്ക് നേരെയും ഫാസിസം അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ആള്‍ക്കൂട്ട അക്രമങ്ങളിലൂടെ ഉത്തരേന്ത്യന്‍ മുസ്‌ലിം സമൂഹത്തെ ഭീതിപ്പെടുത്തിയിരിക്കുകയാണ്. പള്ളികള്‍ അമ്പലങ്ങളാക്കി മാറ്റാന്‍ തടസമാകുന്ന 1991ലെ പ്ലേസ് ഓഫ് വോര്‍ഷിപ്പ് ആക്ട് ഇല്ലാതാക്കാന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഏക സിവില്‍കോഡ് നടപ്പാക്കുന്നതിന് ഒരുപിടി ഹരജികളുമായി ഫാസിസ്റ്റുകള്‍ സുപ്രിംകോടതിയില്‍ കാത്തിരിക്കുകയാണ്.
രാഷ്ട്രീയമായും നിയമപരമായും ഫാസിസത്തെ ചെറുക്കേണ്ടതുണ്ട്. ഇതിനായി മതേതര സമൂഹത്തിന്റെ പിന്തുണയോടെ ആസൂത്രിതമായ നീക്കങ്ങള്‍ അനിവാര്യമാണ്. ദീര്‍ഘകാലത്തേക്കുള്ള പദ്ധതികള്‍ വേണ്ടിവരും. അതില്‍ അനിവാര്യ ഘടകമാണ് മതേതര പാര്‍ട്ടികളുടെ ഐക്യം. എല്ലാ മത വിഭാഗങ്ങള്‍ക്കും തുല്യ പ്രധാന്യമുള്ള രാജ്യമാണ് നമ്മുടേത്. ഏതെങ്കിലും മതത്തിനു പ്രത്യേക പ്രാധാന്യം ഭരണഘടന വിഭാവനം ചെയ്യുന്നില്ല. വര്‍ഗീയതയെ തടയുന്നതിനായി പരസ്പരം കൈകോര്‍ത്തതാണ് രാജ്യത്തിന്റെ ചരിത്രം. പ്രത്യേക മതത്തിന് മാത്രം പ്രാധാന്യം നല്‍കുന്നതിനെ മുന്‍ ഭരണാധികാരികള്‍ എതിര്‍ത്തിരുന്നു. 1951ല്‍ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി രാജേന്ദ്ര പ്രസാദിനും ഉപപ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിനും ക്ഷണം ലഭിച്ചിരുന്നു. ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതില്‍ വിമര്‍ശനമുന്നയിച്ച് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഡോ. രാജേന്ദ്ര പ്രസാദിനെഴുതിയ കത്തിലെ വരികള്‍ ഇങ്ങനെയാണ്. 'സോമനാഥ് ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് താങ്കള്‍ പങ്കെടുക്കുന്നത് എനിക്ക് ഉചിതമായി തോന്നുന്നില്ല. ഇത് ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കുന്നതിന്റെ വിഷയം മാത്രമല്ല. അത് തീര്‍ച്ചയായും ആര്‍ക്ക് വേണമെങ്കിലും ചെയ്യാം. പക്ഷേ ഇതിന് മറ്റ് അര്‍ഥതലങ്ങള്‍ കൂടിയുണ്ട്. മതേതര ഇന്ത്യയ്ക്ക് അത് തെറ്റായ സന്ദേശം നല്‍കും'. രാജേന്ദ്ര പ്രസാദ് ഉദ്ഘാടനത്തിനു പോയെങ്കിലും നെഹ്‌റു ഉയര്‍ത്തിപ്പിടിച്ചിരുന്ന സന്ദേശമാണ് മതേതരത്വ നേതൃത്വത്തെ വഴിനടത്തേണ്ടത്.
ന്യൂനപക്ഷങ്ങള്‍ രാജ്യത്താകെ മുന്‍പൊരിക്കലുമില്ലാത്ത വിധം വെല്ലുവിളി നേരിടുകയാണ്. ഫാസിസ്റ്റുകള്‍ ഉയര്‍ത്തുന്ന മാനവിക വിരുദ്ധമായ രാഷ്ട്രീയം തന്നെയാണ് ഇതിന് കാരണം. പിന്നോക്ക, ദലിത് വിഭാഗങ്ങളും മറ്റു ന്യൂനപക്ഷങ്ങളും ഭീഷണിയിലാണ്. കാലം ആവശ്യപ്പെടുന്നത് ഫാസിസത്തിനെതിരേ ജനാധിപത്യ, മതനിരപേക്ഷ വിഭാഗങ്ങളുടെ മുന്നേറ്റമാണ്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി പീഡിത വിഭാഗങ്ങള്‍ക്കെതിരേയുള്ള അക്രമങ്ങളില്‍ മൗനം പാലിക്കുന്നതും സമൂഹത്തെ ധ്രുവീകരിക്കുന്നതും ഒരിക്കലും ഭൂഷണമല്ല. സാമുദായിക സൗഹാര്‍ദം ഉറപ്പുവരുത്തുന്നതിനും വര്‍ഗീയ ധ്രുവീകരണം തടയുന്നതിനും മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മതേതരകക്ഷികള്‍ പ്രവര്‍ത്തിക്കേണ്ടതിനു പകരം വിദ്വേഷം പരത്തുന്ന നിലപാടുകള്‍ ഒരിക്കലും ഗുണകരമാകില്ല.
രാജ്യത്ത് വര്‍ധിക്കുന്ന സാമ്പത്തികമാന്ദ്യം, തൊഴിലില്ലായ്മ, വിലക്കയറ്റം ദാരിദ്ര്യം തുടങ്ങിയവ പരിഹരിക്കാന്‍ പ്രയത്‌നിക്കുന്ന ഭരണകൂടങ്ങളാണ് നമുക്കാവശ്യം. എന്നാല്‍, അത് മറച്ചുവയ്ക്കുന്നതിനും ജനകീയ പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനും വര്‍ഗീയമായ വേര്‍തിരിവുകള്‍ സൃഷ്ടിക്കപ്പെടുകയാണ്. ഭയരഹിതമായി അധ്വാനിച്ച് ജീവിക്കാനും അതനുസരിച്ച് വേതനം ലഭിക്കാനും ഉതകുന്ന ഭൗതികസാഹചര്യം ഒരുക്കാന്‍ ഭരണകൂടത്തിന് സാധിക്കണം.
ഗാന്ധിജിയുടെ ചിതാഭസ്മം ഗംഗയില്‍ ഒഴുക്കിയശേഷം നെഹ്‌റു പറഞ്ഞു; 'ഇപ്പോള്‍ ഇന്ത്യക്കാര്‍ ഒരുമിച്ചുനിന്ന് നമ്മുടെ യുഗത്തിലെ ഏറ്റവും മഹാനായ വ്യക്തിയുടെ വധത്തിനിടയാക്കിയ വര്‍ഗീയതയെന്ന മാരക വിഷത്തിനെതിരേ പേരാടണം'. ഇങ്ങനെയൊരു പോരാട്ടത്തിന് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന സുവര്‍ണാവസരമാണിത്. വിഭജനവാദികള്‍ അധികാര കേന്ദ്രങ്ങളിലെത്തുന്നത് നമ്മുടെ രാജ്യത്തിനായി പോരാടിയ മുന്‍ഗാമികളോട് ചെയ്യുന്ന അനീതിയായിരിക്കും. അത്തരം ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുത്. വിവേകത്തോടെ, വിവേചനാധികാരത്തോടെ നമ്മുടെ രാജ്യത്തിന്റെയും ഭരണഘടനയുടേയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശ്രമിക്കുന്നവര്‍ക്കാകട്ടെ നിങ്ങളുടെ സമ്മതിദാനാവകാശം!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."