വിവാഹ വസ്ത്രമില്ലേ സബിതയുണ്ട് സഹായവുമായി
കെ. മുബീന
ഒരുപാടു പേരുടെ മധുരസ്വപ്‌നങ്ങള്‍ ചിറകുവിരിക്കുന്ന നിമിഷമാണ് വിവാഹം. അതു മനോഹരമാക്കാന്‍ തയാറായി മഴവില്ലഴകുള്ള വലിയൊരു സംരംഭത്തിന്റെ ഉടമയുണ്ട് കണ്ണൂര്‍ പാപ്പിനിശേരിയില്‍. വിലകൂടിയതും മനോഹരവുമായ വിവാഹവസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞുള്ള വിവാഹം സ്വപ്‌നംകാണുന്ന നിര്‍ധന പെണ്‍കുട്ടികള്‍ക്കു മാലാഖയാണ് 40കാരിയായ എ.കെ സബിത.
എട്ടു വര്‍ഷമായി വീടിനോട് ചേര്‍ന്ന് നടത്തുന്ന റെയിന്‍ബോ ദി വിമന്‍ ഔട്ട്ഫിറ്റ് എന്ന ബൂട്ടീക് വഴി നിര്‍ധനരായ പെണ്‍കുട്ടികള്‍ക്കും വിവാഹ വസ്ത്രങ്ങള്‍ നല്‍കാറുണ്ടായിരുന്നു. എന്നാല്‍ പലര്‍ക്കും എത്തിക്കുന്ന വസ്ത്രങ്ങള്‍ പാകമാകാത്തതിന്റെയും മറ്റും പ്രശ്‌നമുണ്ടായിരുന്നു. അവര്‍ക്കായി ഒരു ബൂട്ടീക് തന്നെ ഒരുക്കാമെന്ന ആശയത്തിലേക്ക് എത്തിയത് ലോക്ക്ഡൗണ്‍ കാലത്ത് വന്ന ഒരു ഫോള്‍വിളിയില്‍ നിന്നാണ്.
ആ ഫോണ്‍ വിളി...
കൊവിഡ് ലോക്ക്ഡൗണ്‍ മൂലം കടകളെല്ലാം പൂര്‍ണമായി അടഞ്ഞുകിടന്നിരുന്ന സമയത്ത് ഒരു പെണ്‍കുട്ടി വിവാഹവസ്ത്രം ആവശ്യപ്പെട്ടു വിളിച്ചു. എന്നാല്‍ അന്നതു ലഭ്യമാക്കാന്‍ യാതൊരു വഴിയുമുണ്ടായിരുന്നില്ല. എത്തിക്കാനും കഴിയാത്ത അവസ്ഥ. ഉടനെ ഇക്കാര്യം വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പങ്കുവച്ചതോടെ നിരവധിപേര്‍ പുത്തന്‍ വസ്ത്രങ്ങള്‍ നല്‍കാന്‍ തയാറായി വന്നു. പിറ്റേന്നു സബിതയുടെ വീടിനു മുന്നില്‍ എത്തിയത് നിരവധി വസ്ത്രങ്ങള്‍. വിലയേറിയ വിവാഹവസ്ത്രങ്ങള്‍ വിവാഹദിവസം മാത്രം ഉപയോഗിക്കുന്നവരാണ് പലരും. പിന്നീട് അവ തിരിഞ്ഞുനോക്കാതെ അലമാരകളില്‍ സൂക്ഷിച്ചുവച്ചു നശിപ്പിക്കും.
വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതും വൃത്തിയുമുള്ള ഇത്തരം വസ്ത്രങ്ങളും മറ്റും ശേഖരിക്കുകയും ആവശ്യക്കാര്‍ക്ക് നേരിട്ടെത്തി തിരഞ്ഞെടുക്കാന്‍ സൗകര്യം ഒരുക്കുകയും ചെയ്യുകയെന്ന ആശയം സബിതയില്‍ മുളപൊട്ടി. ഇതോടെ വീട്ടില്‍ റെയിന്‍ബോ ഫ്രീ ബ്രൈഡല്‍ ഔട്ട്ഫിറ്റ് എന്ന പേരില്‍ മറ്റൊരു മുറി തയാറാക്കുകയായിരുന്നു. ഇവിടെ എത്തിയാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഇഷ്ടമുള്ളതും പാകമായതുമായ വസ്ത്രം തിരഞ്ഞെടുത്തു പോകാം. കഴിഞ്ഞ രണ്ടുമാസത്തിനകം സബിതയുടെ വനിതാ സുഹൃത്തുക്കളുടെ സഹായത്തോടെ കണ്ണൂരില്‍ നിന്ന് ഇതര ജില്ലകളിലേക്കും ഈ സഹായ ബൂട്ടീകുകള്‍ വ്യാപിച്ചു. 4,000 പെണ്‍കുട്ടികളുടെ വിവാഹത്തിനു സഹായമെത്തി.
ചെരുപ്പ്, ബെഡ്ഷീറ്റ്, അനുബന്ധ സാധനങ്ങള്‍, വിവാഹം കഴിഞ്ഞു വിരുന്ന് പോകുമ്പോള്‍ അണിയേണ്ട വസ്ത്രം തുടങ്ങിയവയെല്ലാം തിരഞ്ഞെടുക്കാം. കൊവിഡ് കാലത്ത് നേരിട്ടു വരാന്‍ സാധിക്കാത്തവര്‍ക്ക് ഇവ എത്തിച്ചുനല്‍കുകയും ചെയ്തിട്ടുണ്ട്. ലഭിച്ച വസ്ത്രങ്ങളെല്ലാം പുതുമയുടെ കാര്യത്തിലും വിലയുടെ കാര്യത്തിലും ഉയര്‍ന്നവയായിരുന്നുവെന്നും ഒരുലക്ഷം രൂപയുടെ വിവാഹവസ്ത്രം വരെ ലഭിച്ചിട്ടുണ്ടെന്നും സബിത പറയുന്നു.
കടല്‍ കടന്ന് സഹായങ്ങള്‍
ലണ്ടനില്‍നിന്നു വന്ന വിവാഹഗൗണുകള്‍ വരെ സബിതയുടെ ബൂട്ടീകില്‍ ഉണ്ട്. വളരെ മനോഹരവും വൃത്തിയുമുള്ള ഇത്തരം വസ്ത്രങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ഓരോ കുടുംബത്തിന്റെയും വലിയ സ്വപ്‌നങ്ങളാണ് യാഥാര്‍ഥ്യമാകുന്നത്. പയ്യന്നൂര്‍, കോഴിക്കോട്, കാസര്‍കോട്, തിരൂര്‍, മഞ്ചേരി, വയനാട്, കൊല്ലം, കൊച്ചി, ചാവക്കാട്, കൂര്‍ക്കഞ്ചേരി, ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, മംഗളൂരു, ബീഹാര്‍, ഡല്‍ഹി, സഊദി, ദമ്മാം എന്നിവിടങ്ങളിലായി ബൂട്ടീകുകളുടെ കൂടെ ഫ്രീ ബ്രൈഡല്‍ സെക്ഷന്‍ വ്യാപിച്ചിരിക്കുകയാണ്്. അടുത്തമാസം കൂര്‍ഗിലും തുടങ്ങും.
ഫ്രീ ബ്രൈഡല്‍ സെക്ഷന്‍ എന്ന ആവശ്യവുമായി നിരവധിപേര്‍ സബിതയെ ദിവസേന സമീപിക്കാറുണ്ട്. ഔട്ട്‌ലെറ്റുകള്‍ തുറന്നെങ്കിലും സബിതയ്ക്ക് സാധനങ്ങള്‍ നേരിട്ടെത്തിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ സാധനങ്ങള്‍ പരിശോധിച്ചു വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുമെന്നു കണ്ടാല്‍ അവ പൊതിഞ്ഞു ആവശ്യമുള്ള ബൂട്ടീകില്‍ എത്തിക്കും. സാധനങ്ങള്‍ എത്തിക്കാന്‍ ബുദ്ധിമുട്ടറിയിച്ചാല്‍ പിന്നെ സ്വന്തം കാറില്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു എവിടെയാണെങ്കിലും എത്തി സാധനങ്ങള്‍ സ്വീകരിക്കുകയും ഔട്ട്‌ലെറ്റുകളില്‍ ആവശ്യാനുസരണം എത്തിക്കുകയും ചെയ്യും. ഇതുകൊണ്ട് തന്നെ മിക്ക ദിവസങ്ങളിലും സബിത യാത്രയിലായിരിക്കും.
ആദ്യ സൗജന്യ
സൂപ്പര്‍ മാര്‍ക്കറ്റ്
കഷ്ടതകള്‍ ഏറെ അനുഭവിച്ചു സ്വന്തമായി വീടു പണിയുന്നവര്‍ക്ക് വീട്ടുസാധനങ്ങള്‍ ഇല്ലെന്ന ദുഃഖം മാറ്റാനായി മറ്റൊരു സംരംഭം കൂടി സബിത തുടങ്ങിയിട്ടുണ്ട്. മൊട്ടുസൂചി മുതല്‍ വീട്ടിലേക്ക് ആവശ്യമായ ഏത് സാധനങ്ങളും സബിതയുടെ സൗജന്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിക്കും. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു വനിതാ സംരംഭം ആരംഭിക്കുന്നത്. ഫ്രീ ബ്രൈഡല്‍ ബൂട്ടീകിനൊപ്പമാണ് പുതിയ സംരംഭവും നടത്തുന്നത്.
വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍, ചെരുപ്പ്, ആഭരണം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം ഒരുക്കി വലിയൊരു സൂപ്പര്‍ മാര്‍ക്കറ്റ് എന്ന ആശയം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് സബിത. ഇവിടെ ലഭിക്കാത്ത വീട്ടുസാധനങ്ങളില്ല. വീട്ടില്‍ ഉപയോഗിക്കാതെ വച്ചിരിക്കുന്ന പുതിയ വസ്തുക്കളെല്ലാം സബിതയുടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിക്കാം. കണ്ണൂരിലെ വിവിധ വീടുകളില്‍ സാധനങ്ങള്‍ ഇതിനകം സബിത രഹസ്യമായി എത്തിച്ചിട്ടുണ്ട്.
പ്രവര്‍ത്തനം
ബൂട്ടീകിനൊപ്പം
ഒന്‍പത് വര്‍ഷമായി വീടിനോട് ചേര്‍ന്ന് നടത്തിവരുന്ന റെയിന്‍ബോ ദി വിമന്‍ ഔട്ട് ഫിറ്റ് എന്ന ബൂട്ടീകിന്റെ കൂടെയാണ് രണ്ടു വര്‍ഷമായി ഫ്രീ ബ്രൈഡല്‍ സെക്ഷന് തുടക്കമിട്ടത്. പിന്നീട് ഫ്രീ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയതോടെ സബിതയുടെ മട്ടുപ്പാവില്‍ ഇതിനായി പ്രത്യേക സൗകര്യം ഒരുക്കി. പിന്നീടുള്ള ഔട്ട്‌ലെറ്റുകളിലെല്ലാം ബൂട്ടീകിന്റെ കൂടെ തന്നെയാണ് സൗകര്യം ഒരുക്കിയത്. ഇവര്‍ക്കായി പ്രത്യേകം സൗകര്യം ഒരുക്കിയാല്‍ വരുന്നവരില്‍ മാനസിക പ്രയാസമുണ്ടാക്കും. വരുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കാന്‍ കൂടിയാണ് ഇത്തരത്തില്‍ ബൂട്ടീകിന്റെ കൂടെ തന്നെ ഫ്രീ ബ്രൈഡല്‍ സെക്ഷന്‍ ഒരുക്കിയത്. പുറത്തുനിന്നു കാണുന്നവര്‍ക്കും മനസിലാകില്ല- സബിത പറയുന്നു.
പണം വേണ്ട, സാധനങ്ങള്‍ മാത്രം
പണം സ്വീകരിച്ചുകൂടെ, സാധനങ്ങള്‍ വാടകയ്ക്ക് കൊടുത്തു വരുമാനം ഉണ്ടാക്കാമല്ലോ എന്നിങ്ങനെ പല അഭിപ്രായങ്ങളും സബിത നേരിടുന്നുണ്ട്. എന്നാല്‍ പണം വാഗ്ദാനം ചെയ്യുന്നവരോട് സാധനങ്ങള്‍ മതിയെന്ന മറുപടിയാണ് സബിതയ്ക്കുള്ളത്. ആവശ്യത്തിനു പണം സബിത റെയിന്‍ബോ ബൂട്ടീകിലൂടെ കണ്ടെത്തുന്നുണ്ട്. അതിലുപരി, പണം നല്‍കിയത് കൊണ്ട് സാധിക്കാത്ത കുറേയേറെ കാര്യങ്ങളുണ്ട്. സ്വന്തമായി സ്വപ്‌നം കാണാന്‍ പോലും മടിക്കുന്ന ചിലരുണ്ട്. അവര്‍ക്ക് ആരെയും ഭയപ്പെടാതെ താല്‍പര്യമുള്ള വിവാഹവസ്ത്രങ്ങളും അനുബന്ധ സാധനങ്ങളും വിവാഹശേഷം വിരുന്നിനായുള്ള വസ്ത്രങ്ങളും ചെരുപ്പ്, ആഭരണങ്ങള്‍ തുടങ്ങിയവയുമെല്ലാം സ്വയം തിരഞ്ഞെടുത്ത് മനസ് നിറഞ്ഞ് അണിയാം. വാടകയ്ക്ക് നല്‍കിയാല്‍ അന്നേ ദിവസം അതുപയോഗിക്കുമ്പോള്‍ തിരിച്ചുനല്‍കണമെന്ന ചിന്ത അവരെ അലട്ടും. സാധനങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കുമോയെന്ന തോന്നലില്‍ നല്ല നിമിഷം ഇല്ലാതാകും. അതിലൂടെ നമുക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നാണ് സബിത ചോദിക്കുന്നത്.
ഫ്രീ ബ്രൈഡല്‍ മേക്കപ്പും മെഹന്തിയും
സുന്ദരിയായി അണിയിച്ചൊരുക്കാന്‍ തയാറായി രണ്ടു ബ്യൂട്ടിഷന്‍മാരും സബിതയ്‌ക്കൊപ്പമുണ്ട്. 20,000 രൂപയിലധികം വരെ വരുന്ന പ്രത്യേക ബ്രൈഡല്‍ മേക്കപ്പും മെഹന്തിയും ഒക്കെ അണിയിച്ചു നിരവധി വിവാഹങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്.
മരണകിടക്കയില്‍ നിന്നു വിവാഹപന്തലിലേക്ക്
ഒരുദിവസം അച്ഛനും അമ്മയും പെണ്‍മക്കളുമടങ്ങിയ ഒരു കുടുംബം സബിതയെ തേടിയെത്തി. മകളുടെ വിവാഹത്തിനായി പണമില്ലാത്തതിന്റെ ആധിയില്‍ ആത്മഹത്യക്കു ശ്രമിച്ച അച്ഛനെ ആശുപത്രി കിടക്കയില്‍ നിന്നു കൂട്ടി നേരെ അവര്‍ കണ്ണൂര്‍ പാപ്പിനിശേരിയിലാണ് എത്തിയത്. അവര്‍ക്കാവശ്യമായതെല്ലാം തിരഞ്ഞടുത്തു പോകാന്‍ സബിത പറഞ്ഞു. അന്ന് ആ കുടുംബം കണ്ണീരോടെ മടങ്ങുമ്പോള്‍ ആ മകള്‍ പറഞ്ഞത് ഇന്നും സബിത ഓര്‍ക്കുന്നു. ഇത്തരമൊരു സംരംഭത്തെ കുറിച്ചു മുമ്പേ അറിഞ്ഞെങ്കില്‍ ആശുപത്രി കിടക്കയില്‍ അച്ഛനെ കാണേണ്ടിവരില്ലായിരുന്നല്ലോയെന്ന്. ഇങ്ങനെ മനസിനെ തട്ടിയ ഒരുപാട് അനുഭവങ്ങളിലൂടെ സബിത കടന്നുപോയിട്ടുണ്ട്. സാധനങ്ങള്‍ കൈമാറുമ്പോള്‍ അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി മാത്രം മതി തനിക്കെന്ന് സബിത പറയുന്നു. സബിതയുടെ സംരംഭത്തിലേക്ക് വസ്ത്രങ്ങളും മറ്റു സാധനങ്ങളും നല്‍കാനും അവ ആവശ്യമായവര്‍ക്കും 9746779965 എന്ന നമ്പറില്‍ വാട്ട്‌സാപ്പ് ചെയ്യുകയോ വിളിക്കുകയോ ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."