തലകാപ്പ്-ചൂനൂര്‍ ബൈപ്പാസ്: ആവശ്യം ശക്തമാകുന്നു
കോട്ടക്കല്‍: പൊന്മള പഞ്ചായത്തും കോട്ടക്കല്‍ നഗരസഭയും അതിര്‍ത്തി പങ്കിടുന്ന തലകാപ്പ്-ചൂനൂര്‍ ബൈപ്പാസ് നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ടു ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നതിനു കാലങ്ങളായി നടപ്പാലം മാത്രമാണുണ്ടായിരുന്നത്. കാലപ്പഴക്കം ചെന്നതിനാല്‍ ഇതു നിലംപൊത്തുകയും ചെയ്തു.
ഇപ്പോള്‍ ഇരു ഭാഗത്തുള്ളവര്‍ക്കും അക്കരെയെത്തണമെങ്കില്‍ കൈത്തോട്ടിലെ വെള്ളത്തിലൂടെ മുറിച്ചുകടക്കേണ്ട അവസ്ഥയാണ്. ചൂനൂര്‍ ഭാഗത്ത് രണ്ടടി വീതിയുള്ള നടപ്പാതയ്ക്കു മുകളില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് സ്ലാബ് പഴക്കംചെന്നതിനാല് പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. അതിനാല്‍ കാല്‍നടപോലും ദുസഹമാണ്. ബൈപ്പാസ് യാഥാര്‍ഥ്യമായാല്‍ ഇരുഭാഗങ്ങളിലെയും യാത്രാ ദൂരം പകുതിയിലേറെ കുറയും.
വാഹനങ്ങള്‍ക്കു ചൂനൂരില്നിന്നു തലകാപ്പിലെത്തണമെങ്കില് ഇന്ത്യനൂര്‍ കൂരിയാട് വഴി മൂന്നര കിലോമീറ്ററോളം സഞ്ചരിക്കണം. ചൂനൂര്‍ ഭാഗത്തുള്ളവര്‍ക്കു പഞ്ചായത്ത് ഓഫിസിലെത്തണമെങ്കില്‍ നാലു കിലോമീറ്ററോളം യാത്രചെയ്യേണ്ടിവരുന്നു. തലകാപ്പ് ചാപ്പനങ്ങാടി റോഡില്‍ സ്ഥിതിചെയ്യുന്ന റേഷന്കടയിലെത്തണമെങ്കിലും സ്ഥിതി വ്യത്യസ്തമല്ല. പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ സ്ഥലം എം.എല്‍.എക്കു നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."