'എന്റെ മകനെ അവര്‍ എടുത്തു കളഞ്ഞല്ലോ, അവന്‍ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല, അവന് ആരോടും വിദ്വേഷവുമില്ല. എന്നിട്ടും അവനെ അവര്‍ കൊന്നുകളഞ്ഞു. ഒരു പിതാവിനും ഈ ഗതി ഉണ്ടാവരുത് ' വിതുമ്പി മന്‍സൂറിന്റെ പിതാവ്
പെരിങ്ങത്തൂര്‍ (കണ്ണൂര്‍): 'എന്റെ മകനെ അവര്‍ എടുത്തു കളഞ്ഞല്ലോ, അവന്‍ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല, അവന് ആരോടും വിദ്വേഷവുമില്ല. എന്നിട്ടും അവനെ അവര്‍ കൊന്നുകളഞ്ഞു.' തെരഞ്ഞെടുപ്പ് ദിവസം കൊല്ലപ്പെട്ട പുല്ലൂക്കര മുക്കിലെപിടീകയിലെ മന്‍സൂറിന്റെ പിതാവ് സുപ്രഭാതത്തോടു പങ്കുവച്ച വാക്കുകളാണിത്. 'എന്റെ മകന്‍ ഒരു സ്‌പോര്‍ട്‌സ് പ്രേമിയാണ്.
അവന്‍ ഷട്ടിലും ക്രിക്കറ്റും ഫുട്‌ബോളുമൊക്കെ കളിക്കും, കഴിഞ്ഞദിവസവും അവന്‍ ഷട്ടില്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ആര്‍ക്കും അവനോട് ഒരു വെറുപ്പുമില്ലായിരുന്നു, എന്നിട്ടെന്തിന് അവര്‍ എന്റെ മകനെ കൊന്നുകളഞ്ഞു?. ഇനി ഒരു പിതാവിനും ഈ ഗതി ഉണ്ടാവരുത്. എന്റെ കണ്‍മുന്നിലാണവര്‍ അവനെ ബോംബെറിഞ്ഞ് വീഴ്ത്തിയത്, എന്നിട്ടും അവര്‍ പിരിഞ്ഞുപോയില്ല. ജ്യേഷ്ഠന്‍ മുഹസിനെ ലക്ഷ്യംവച്ചതായിരുന്നു, അവനെ ആക്രമിക്കുമ്പോള്‍ ബഹളംകേട്ടാണു മന്‍സൂറും ഞാനും പുറത്തിറങ്ങിയത്. ഞങ്ങള്‍ക്ക് ഇനി അവനില്ല, ഇത് എങ്ങനെ സഹിക്കാനാവും', പിതാവ് പാറാല്‍ മുസ്തഫയുടെ വിതുമ്പല്‍ അടക്കാനാവാതെ പ്രയാസപ്പെടുകയാണു നാട്ടുകാരും ബന്ധുക്കളും. അഞ്ചു മക്കളില്‍ നാലാമത്തേയാളാണു മന്‍സൂര്‍. മന്‍സൂറിന്റെ വിയോഗം അറിഞ്ഞതു മുതല്‍ പുല്ലൂക്കര മുക്കില്‍പീടികയിലെ അല്‍സഫയില്‍ നാടിന്റെ നാനാ ഭാഗത്തുള്ള ജനങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്. തന്റെ മകനുവേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും ഇനിയൊന്നും എനിക്ക് പറയാനാകുന്നില്ലെന്നും പറഞ്ഞ് മുഖംപൊത്തി മുസ്തഫ വിതുമ്പി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."