ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ജീവന്‍മരണപ്പോരാട്ടം; പി.എസ്.ജിയും ബയേണും നേര്‍ക്കുനേര്‍
പാരിസ്: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ജീവന്‍മരണപ്പോരാട്ടം. ക്വാര്‍ട്ടറിലെ രണ്ടാംപാദ മത്സരത്തില്‍ കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക് പി.എസ്.ജിയുമായി കൊമ്പുകോര്‍ക്കുമ്പോള്‍ ഇരുവരുടേയും ലക്ഷ്യം ഒന്നുതന്നെ- സെമി ഫൈനല്‍. മറ്റൊരു മത്സരത്തില്‍ ചെല്‍സി എഫ്.സി പോര്‍ട്ടോയെ നേരിടും. ഇന്നു രാത്രി 12.30ന് സോണി ലൈവില്‍ മത്സരം തത്സമയം കാണാം.
പി.എസ്.ജിയുടെ തട്ടകമായ ഫ്രാന്‍സിലാണ് മത്സരം. ആദ്യപാദ മത്സരത്തില്‍ 3-2ന്റെ ജയം സ്വന്തമാക്കിയ പി.എസ്.ജി സ്വന്തം മൈതാനത്ത് ജയിച്ചു കയറാമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍, താരനിരയാല്‍ സമ്പന്നമായ ബയേണ്‍ ഒരുങ്ങിയുള്ള വരവാണ്. കഴിഞ്ഞ തവണ നേടിയ കിരീടം ഒരിക്കല്‍ കൂടി ഉയര്‍ത്താനായി ബയേണും ഇറങ്ങുമ്പോള്‍ മത്സരം കാണികളെ ഹരംകൊള്ളിക്കും. വെറും ഒരു പോയിന്റ് വ്യത്യാസമാണ് ഇരുടീമും തമ്മിലുള്ളത്.
ബയേണിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദത്തില്‍ ആതിഥേയര്‍ക്കായിരുന്നു ആധിപത്യമെങ്കിലും കിട്ടിയ അവസരം മുതലെടുക്കാന്‍ പി.എസ്.ജിക്ക് കഴിഞ്ഞു. ഇന്ന് പി.എസ്.ജിക്ക് വിജയം തുടരാനായാല്‍ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് ഫൈനലിലേറ്റ തോല്‍വിക്ക് മധുരപ്രതികാരം ചെയ്യാന്‍ പി.എസ്.ജിക്ക് കഴിയും. മുന്നേറ്റ താരങ്ങളായ നെയ്മര്‍, കൈലിയന്‍ എംബാപ്പെ എന്നിവര്‍ മികച്ച ഫോമിലായതിനാല്‍ പി.എസ്.ജിക്ക് ഇന്ന് ജയം പ്രതീക്ഷിക്കാം.
കൂടാതെ സ്വന്തം മൈതാനത്ത് മത്സരം നടക്കുന്നുവെന്ന പ്ലസ് പോയിന്റും പി.എസ്.ജിക്ക് കരുത്താകും. അതേസമയം പരുക്കാണ് ബയേണിന്റെ പ്രധാന പ്രശ്‌നം. കോസ്റ്റ, നാബ്രി, ലെവന്‍ഡോസ്‌കി, സുലെ, ടോളിസോ എന്നീ താരങ്ങള്‍ പരുക്കിന്റെ പിടിയിലാണ്. ടീമിലെ നിര്‍ണായക സാന്നിധ്യങ്ങളായ ലെവന്‍ഡോസ്‌കി, കോസ്റ്റ, നാബ്രി എന്നിവരുടെ നഷ്ടം ബയേണ്‍ മ്യൂണിക്കില്‍ നിഴലിച്ച് കാണും.
ആദ്യപാദ മത്സരത്തില്‍ പോര്‍ട്ടോയ്‌ക്കെതിരേ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയം സ്വന്തമാക്കിയ ചെല്‍സി ഇന്ന് കാര്യങ്ങള്‍ എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ്. പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന ചെല്‍സിക്ക് ആത്മവിശ്വാസം ആവോളമുണ്ട്. പോര്‍ട്ടോയുടെ ഹോമിലായിരുന്നു ആദ്യപാദ മത്സരം നടന്നത്. അതിനാല്‍ ചെല്‍സിക്ക് രണ്ട് എവേ ഗോളിന്റെ ആനുകൂല്യമുണ്ട്. പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെതിരേ നേടിയ 4-1 ന്റെ വിജയമാണ് ചെല്‍സിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."