HOME
DETAILS

പൊന്ന് കായ്ക്കുന്ന മണ്ണ്

  
backup
April 03 2022 | 04:04 AM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%8d

മൊയ്തു അഴിയൂര്‍

പുറത്ത് ജീവിതം തേടി പോകുന്നവരെ ആദ്യകാലത്ത് മലബാറുകാര്‍ അഭിസംബോധന ചെയ്തിരുന്നത് 'സഫറുകാര്‍' എന്നായിരുന്നു. പൊന്നുമായി ബന്ധപ്പെടുത്തിയായിരുന്നു ഗള്‍ഫ് പ്രവാസികളെക്കുറിച്ച് പൊതുസമൂഹം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നത്. 'പൊന്ന് വിളയുന്ന', 'പൊന്ന് കായ്ക്കുന്ന മരമുള്ള' എന്നൊക്കെയായിരുന്നു ഗള്‍ഫിനോട് ചേര്‍ത്തു പറയുന്ന വിശേഷണങ്ങള്‍. സ്വര്‍ണം അന്നും ഇന്നും നാം ഇന്ത്യക്കാരുടെ ദൗര്‍ബല്യമാണല്ലോ. അതുകൊണ്ട് തന്നെ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ഒരു കൊച്ചു ബിസ്‌കറ്റെങ്കിലും കൊണ്ടുവരാത്ത ഗള്‍ഫ് പ്രവാസി അത്യപൂര്‍വതയായിരുന്നു.


അസൂയ ഉള്ളിലൊളിപ്പിച്ച് ഒരുതരം കൃത്രിമ വീരാരാധനയോടെയായിരുന്നു ആദ്യകാല ഗള്‍ഫ് പ്രവാസികളെ പൊതുസമൂഹം സ്വീകരിച്ചിരുന്നത്. ഓര്‍ക്കാപ്പുറത്ത് കൈവന്ന സാമ്പത്തിക സുഭിക്ഷത പലരിലും ധാരാളിത്തമായി, ആഡംബരമായി, പൊങ്ങച്ചമായി മാറി. പഴികളുടെ പെരുമഴയായിപിന്നെ.
''വില പേശാതെ പറഞ്ഞ പൈസയ്ക്ക് മീന്‍ വാങ്ങി കൊണ്ടുപോകുന്നതുകൊണ്ട് മറ്റുള്ളവര്‍ക്ക് അത് കിട്ടുന്നില്ല'', ''നാട്ടിലെ നാടന്‍ പണിക്കാര്‍ക്ക് കൂലി കൂട്ടി കൊടുക്കുന്നു.'', ''കാതുകുത്തടിയന്തിരത്തിനാണവര്‍ ആടിനെ അറുക്കുന്നത്ത്.'', ''വന്ന കാറില്‍ നിന്നിറങ്ങില്ല, പോകുന്ന അന്നു വരെ.'' അങ്ങനെയങ്ങനെ.


മുന്തിരി പുളിക്കുന്ന കുറുക്കന്റെ അസൂയയുടെ അനുരണനമുണ്ടായിരുന്നു ഒരുപരിധിവരെ ഈ ആരോപണങ്ങള്‍ക്കെല്ലാം. ഒന്നുറപ്പിച്ചു പറയാം. എല്ലായിടത്തും പ്രവാസി വല്ലാതെ ചൂഷണംചെയ്യപ്പെട്ടിരുന്നു. ബോംബെ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ടേബിള്‍ മുതലിതു തുടങ്ങുന്നു. ഓരോ ഗള്‍ഫ് പ്രവാസിക്കും അതൊരു ബേജാറിന്റെ 'മഹ്ശറ'യായിരുന്നു. അന്ന് തിരുവനന്തപുരത്തല്ലാതെ കേരളത്തില്‍ മറ്റെവിടെയും അന്താരാഷ്ട്ര വിമാനത്താവളമുണ്ടായിരുന്നില്ല.
പൊന്നൊന്നും വേണ്ട; ഒരല്‍പം തുണിത്തരങ്ങള്‍ മാത്രം മതി, ബോംബെയിലെ എല്ലാം വാരിവലിച്ചുള്ള കസ്റ്റംസിന്റെ കൈക്കൂലിക്കും നികുതിചുമത്തലിനും. മഹ്ശറയില്‍ നിന്നുള്ള രക്ഷയ്ക്കായി മൊയ്തീന്‍മാല നേര്‍ച്ച നേര്‍ന്നത് പോലുള്ള പല തമാശക്കഥകളും ഇതുമായി ബന്ധപ്പെടുത്തി പ്രചാരത്തിലുണ്ടായിരുന്നു.
കച്ചവടക്കാര്‍ മുതല്‍ ഭിക്ഷക്കാര്‍ വരെ, അങ്ങനെ ആയിരം മുഖങ്ങളുണ്ടായിരുന്നു ചൂഷണങ്ങള്‍ക്ക്. പാടിപ്പതിഞ്ഞ കത്തുപാട്ടിലെ വിരഹത്തിന്റെ കദനം കിനിയുന്ന കഥയറിയാന്‍ പൂന്താനം പാടിയത് പോലെ ''തന്നതില്ലല്ലോ നരനുപായമൊന്നുമീശ്വരന്‍.''


ഭാര്യയെ കാണാതെ, മക്കളെ കാണാതെ, മാതാപിതാക്കളെ കാണാതെ, ശബ്ദംപോലും ശ്രവിക്കാനാവാതെ രണ്ടും മൂന്നും വര്‍ഷവും ചിലപ്പോള്‍ അതിലധികവും വിരഹത്തിന്റെ വിഷാദവീചികളില്‍ വിലയംപ്രാപിച്ചവര്‍. ഏസിയും ഫ്രിഡ്ജും എന്തെന്നറിയാതെ കൊടും ചൂടില്‍ തീയലകള്‍ പൊട്ടി വിടരുന്ന ടെറസില്‍ അന്തിയുറങ്ങിയവര്‍. പ്രാതല്‍ മറന്ന് ഉച്ചഭക്ഷണം ഖുബ്ബൂസിലും തൈരിലും ഒതുക്കി ദാല്‍ഫ്രൈയില്‍ അത്താഴം സമൃദ്ധമാക്കിയവര്‍. ഡ്യൂട്ടി ടൈമും ഓവര്‍ടൈമും കഴിഞ്ഞ് പിന്നെ പാര്‍ട്ട് ടൈം പണിയന്വേഷിച്ച് നടന്നവര്‍.


പറഞ്ഞു കേട്ട കഥയല്ലിത്. അനുഭവിച്ചറിഞ്ഞ പച്ചയായ ജീവിതത്തിന്റെ പരിച്ഛേദം. സ്വപ്‌നങ്ങളുണ്ടായിരുന്നു, അവര്‍ക്കും. ചില ചെറിയ വലിയ സ്വപ്‌നങ്ങള്‍.
ചോരുന്ന ഓലപ്പുരയുള്ളേടത്ത് ഓടിട്ട, അല്ലെങ്കില്‍ കോണ്‍ക്രീറ്റില്‍ പണിത നല്ലൊരു വീട്. പുര നിറഞ്ഞുനില്‍ക്കുന്ന പെങ്ങളൂട്ടിയെ മതിയായ പൊന്നും പണവും നല്‍കി കെട്ടിച്ചയക്കല്‍. മോഹങ്ങളുടെ കുതിര ചിലപ്പോള്‍ കടിഞ്ഞാണ്‍ പൊട്ടിച്ച് പിന്നെയും മുമ്പോട്ട് ഗമിച്ചിട്ടുണ്ടാവാം. അത് മനുഷ്യസഹജം. സ്വാഭാവികം. ഒരിക്കല്‍ എന്‍.വി കൃഷ്ണവാരിയരും വൈക്കം ചന്ദ്രശേഖരന്‍ നായരും ബഹ്‌റൈനില്‍ വന്നു. രണ്ട് മലയാളി സംഘടനകളുടെ സംയുക്തതയില്‍ അവര്‍ക്കൊരു സ്വീകരണം നല്‍കി. ഒന്ന് ബഹ്‌റൈന്‍ കേരളീയ സമാജം. വേറൊന്ന് കേരള മുസ്്‌ലിം ജമാഅത്ത്. ഒരല്‍പം സങ്കുചിത മനസ്ഥിതിയുള്ള പ്രസംഗകരില്‍ ഒരാള്‍ ഒട്ടൊരു അസൂയയോടെ മലബാറുകാരെ പൊതുവില്‍ ഉദ്ദേശിച്ച് യോഗത്തില്‍ ഇങ്ങനെ പറഞ്ഞു:
''അക്ഷരം കൂട്ടിവായിക്കാനറിയാത്തവന്‍ ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ വര്‍ഷങ്ങളേറെ പഠിച്ച് ബിരുദവുമായി വന്നവന്‍ അറബികളുടെ കാലുഴിഞ്ഞ് കാലം കഴിക്കുന്നു.'' ഈ വാക്കുകളുടെ ദ്വയാര്‍ഥ പ്രയോഗം തിരിച്ചറിഞ്ഞ എന്‍.വി തിരിച്ചടിച്ചത് ഇങ്ങനെ:
''അസൂയപ്പെട്ടിട്ട് കാര്യമില്ല മോനേ. നൂറ്റാണ്ടുകളായി കച്ചവടം ചോരയില്‍ അലിഞ്ഞുചേര്‍ന്നവരാണ് മലബാറിലെ മാപ്പിളമാര്‍. അതവരുടെ ജനിതക സിദ്ധിയാണ്. അതില്‍ പരിഭവിച്ചിട്ടോ അസൂയപ്പെട്ടിട്ടോ കാര്യമില്ല.''
1975കളില്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബ് ബഹ്‌റൈനില്‍ വന്നു.
'അല്‍ അഹ്‌ലി ക്ലബ്ബി'ന്റെ അതിവിശാലമായ ഓഡിറ്റോറിയത്തില്‍ നിറഞ്ഞുകവിഞ്ഞ സദസ്സിനോടായി അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''കുവൈത്തില്‍ ഞാന്‍ കാക്കകളെ കണ്ടില്ല. ബഹ്‌റൈനിലുമില്ല കാക്കകള്‍. പക്ഷെ രണ്ടിടത്തും മലബാറിലെ കാക്കമാര്‍ ധാരാളമുണ്ട്.'' വര്‍ക്ക് സൈറ്റില്‍ താബൂഖ് ചുമന്ന് കറുത്ത് കരുവാളിച്ച കാക്കയുടെ മുഖത്ത് നോക്കി സി.എച്ച് തുടര്‍ന്നു: ''ഗള്‍ഫ് രാജ്യങ്ങളുടെ വാതിലുകള്‍ നിങ്ങള്‍ക്ക് എന്നും തുറന്നുകിട്ടില്ല. മുണ്ട് മുറുക്കി ചെലവ് ചുരുക്കുക. ഏതെങ്കിലും ഒരിനത്തില്‍ നിങ്ങള്‍ക്ക് അധിക ചെലവ് ചെയ്യാമെങ്കില്‍ അത് മക്കളുടെ വിദ്യാഭ്യാസ ഇനത്തില്‍ മാത്രമാണ്.''Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."