കണ്‍കുളിരും നീലിമയില്‍ മുങ്ങി...
തേയിലയുടെ നാടാണ് മൂന്നാര്‍. എന്നാല്‍ തേയിലയുടെ മാത്രമല്ല, പൂക്കളുടെ കൂടി നാടാണ് മൂന്നാര്‍. പൂക്കളെന്നുവച്ചാല്‍ ഓരോ ഋതുവിലും ഓരോ തരം പൂക്കള്‍. അവയങ്ങനെ പച്ചവിരിച്ച മൂന്നാറിന്റെ മലഞ്ചെരുവുകളില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കാഴ്ച വര്‍ണനാതീതമാണ്.
കൊതുകുകളെ തുരത്താന്‍ സായിപ്പ് കൊണ്ടുവന്ന സ്പാര്‍ത്തോഡിയ, കാട്ടുപൂവരശെന്നറിയപ്പെടുന്ന റോഡോഡെന്‍ഡ്രം, പ്രണയികളുടെ പ്രിയപ്പെട്ട പൂവാഗ തുടങ്ങി തേയിലമലക്കാടുകളെ നിറച്ചാര്‍ത്തണിയിക്കുന്ന പൂമരങ്ങളോരോന്നിനും നിര്‍വചനങ്ങള്‍ക്കപ്പുറത്തേക്കൊരു കാല്പനിക ഭംഗിയുണ്ട്.
ഏപ്രില്‍ വസന്തം
വേനല്‍ കടുക്കുന്ന ഏപ്രിലില്‍ മൂന്നാറില്‍ ജക്രാന്ത പൂക്കളുടെ കാലമാണ്. നീലവാഗ എന്നറിയപ്പെടുന്ന ജക്രാന്ത മരങ്ങള്‍ ഇപ്പോള്‍ മൂന്നാറില്‍ പൂത്തുലഞ്ഞുനില്‍ക്കുകയാണ്. തേയിലത്തോട്ടങ്ങളില്‍ മിക്കയിടത്തും ജക്രാന്ത മരങ്ങളുണ്ടെങ്കിലും ഏറെ ആകര്‍ഷണീയമായ കാഴ്ച മൂന്നാര്‍ മറയൂര്‍ റോഡില്‍ വാഗവരൈ എന്ന ഗ്രാമത്തിലാണ്. മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള വഴിയില്‍ ഏതാണ്ട് 25 കിലോമീറ്റര്‍ സഞ്ചരിച്ച് ടാറ്റയുടെ ടീ ഫാക്ടറിയും കടന്നാല്‍ ഒരു പ്രദേശമാകെ പടര്‍ന്നുപന്തലിച്ചു നില്‍ക്കുകയാണ് ഈ നീല പൂമരങ്ങള്‍.
ഇലകള്‍ പൊഴിച്ച് നീലപ്പൂക്കള്‍ മാത്രം പൂത്തുലഞ്ഞ് നില്‍ക്കുന്ന ജക്രാന്ത മരങ്ങള്‍ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നു. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് ജക്രാന്തയുടെ സീസണ്‍. മാര്‍ച്ച് പകുതിയോട് കൂടി മരങ്ങള്‍ നിറയെ പൂക്കള്‍ നിറയും. പിന്നീട് ഏതാണ്ട് ഏപ്രില്‍ പകുതി വരെ അങ്ങനെ തന്നെ തുടരും.
വിരുന്നെത്തിയ
വിദേശ സുന്ദരി
വിദേശിയാണ് ജക്രാന്ത, ലാറ്റിന്‍ അമേരിക്കക്കാരന്‍. കൂടാതെ വടക്കേ അമേരിക്കയിലും ആഫ്രിക്കയിലും ഈ പൂമരങ്ങളുടെ സാന്നിധ്യമുണ്ട്. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരു വിശ്വാസമുണ്ട്. വര്‍ഷാന്ത്യ പരീക്ഷയ്ക്കായി സര്‍വകലാശാലാ ഹാളിലേക്കുള്ള നീണ്ട നടത്തത്തിനിടയില്‍ ഇരുവശവും പൂത്തുലഞ്ഞ് നില്‍ക്കുന്ന ജക്രാന്ത മരങ്ങളിലെ പൂക്കള്‍ ദേഹത്ത് കൊഴിഞ്ഞ് വീണാല്‍ ഉയര്‍ന്ന മാര്‍ക്ക് ഉറപ്പാണത്രേ.
വിശ്വാസത്തിന്റെ യുക്തിയെത്രയെന്ന് ആലോചിച്ച് തല പുണ്ണാക്കുന്നവര്‍ക്ക് വാഗവരൈയിലേക്ക് വരാം, എത്രയധികം സംഘര്‍ഷഭരിതമായ മനസിനേപ്പോലും നിമിഷനേരം കൊണ്ട് ശാന്തമാക്കാന്‍ കഴിയുന്നൊരു അപാരത ജക്രാന്തയുടെ വിശാലനീലിമയ്ക്കുണ്ട്.
പ്രിട്ടോറിയ നഗരത്തെ നീലക്കടലാക്കുന്ന ആ ജക്രാന്ത വസന്തത്തിന്റെ ഒരു ചെറുപതിപ്പ് കടലും കടന്ന് മൈലുകള്‍ക്കിപ്പുറം നമ്മുടെ മൂന്നാറില്‍ കാഴ്ചയുടെ വിരുന്നൊരുക്കുമ്പോള്‍ അത് നഷ്ടപ്പെടുത്താനാവാത്ത കാഴ്ച തന്നെയാണ്. ചിലതൊക്കെ കാണുമ്പോള്‍ മനുഷ്യന്‍ സ്വയം മറക്കുമെന്ന് പറയാറില്ലേ, അതുപോലെ... വാഗവരൈയില്‍ നാം ഭാരമില്ലാത്തവരാകും. ആഴങ്ങളിലേക്ക് ഊളിയിട്ട്, പിന്നെ ഉയര്‍ന്ന് പൊങ്ങി, അങ്ങനെ നീല പൂങ്കുലകള്‍ക്കിടയിലൂടെ...
മൂന്നാറിലെത്തിയത്
ഇങ്ങനെ...
ജക്രാന്തയുടെ മലയാളം നീലവാഗയെന്നാണെന്ന് പറഞ്ഞല്ലോ. 'വരൈ' എന്നാല്‍ തമിഴില്‍ പാറക്കൂട്ടങ്ങളെന്നുമാണര്‍ഥം. വാഗവരൈ എന്ന പേര് ആ ഗ്രാമത്തിന് സമ്മാനിച്ചതപ്പോള്‍ ഈ പൂമരമാണെന്ന് വാമൊഴി. പേരിനു പിന്നിലെ കഥയെന്തായാലും തേയില നട്ട സായിപ്പിന്റെ സംഭാവനയാണ് ജക്രാന്തയും. 1870കള്‍ മുതല്‍ മുതല്‍ തോട്ടം കൃഷിയുമായി ബന്ധപ്പെട്ട് ബ്രിട്ടീഷുകാരുടെ സാന്നിധ്യം മൂന്നാറില്‍ ഉണ്ട്. തേയിലത്തോട്ടങ്ങള്‍ വ്യാപകമായതോടെ എസ്റ്റേറ്റ് മാനേജര്‍മാര്‍ക്ക് ഉള്‍പ്പെടെ താമസിക്കാനും മറ്റുമായി നിര്‍മിച്ച ബംഗ്ലാവുകള്‍ക്കും ടീ ഫാക്ടറികള്‍ക്കും ഭംഗി കൂട്ടാനാണ് ജക്രാന്ത മരങ്ങളെ സായിപ്പ് മൂന്നാറിലേക്ക് കൊണ്ടുവരുന്നത്. സായിപ്പ് കാലം പോകെ മണ്ണായി മാറി. തോട്ടങ്ങള്‍ക്ക് മോടി കൂട്ടാന്‍ തൂത്തുക്കുടിയില്‍ കപ്പലിറങ്ങിയ ജക്രാന്ത തൈകള്‍ പക്ഷേ, മൂന്നാറിലെ മണ്ണിലങ്ങനെ വേരാഴ്ത്തി പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നുണ്ട്.
ഇലകളില്ല, പൂക്കള്‍... നീല പൂക്കള്‍...
ഒരു പ്രദേശമാകെ പൂക്കള്‍ മാത്രം...
ഇത് ഏപ്രിലിന്റെ സമ്മാനമാണ്... മൂന്നാറിന്റെ പ്രണയാര്‍ദ്രമായ ചേര്‍ത്തുപിടിക്കലാണ്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."