സി.പി.എം സംഘടനാ റിപ്പോർട്ട് പുറത്ത് ; പി.ബിക്കും വീഴ്ച
ബംഗാളിലും ത്രിപുരയിലും
പ്രവർത്തകർ ബി.ജെ.പിയിലേ
ക്കൊഴുകി
ശബരിമല നിലപാടും
തിരിച്ചടിയായി
പ്രത്യേക ലേഖകൻ
കണ്ണൂർ
ചുമതലകൾ നിർവഹിക്കുന്നതിൽ പോളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര സെന്ററിനുമുണ്ടായ പരാജയം പാർട്ടിക്കുണ്ടായ വൻ തിരിച്ചടിക്ക് കാരണമെന്ന് സി.പി.എം സംഘടനാ റിപ്പോർട്ട്.
പശ്ചിമ ബംഗാളിലും ത്രിപുരയിലും ബി.ജെ.പിയിലേക്ക് പാർട്ടി പ്രവർത്തകരുടെ ഒഴുക്കുണ്ടായിയെന്നും 23ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനിരിക്കുന്ന സംഘടനാ റിപ്പോർട്ടിൽ പറയുന്നു.ഈ സംസ്ഥാനങ്ങളിൽ ആർ.എസ്.എസിന്റെ സ്വാധീനവും ബി.ജെ.പിയുടെ വളർച്ചയും പാർട്ടിക്ക് തിരിച്ചറിയാനായില്ല. പശ്ചിമ ബംഗാളിൽ പാർട്ടി തകർന്നടിഞ്ഞു.
ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും ഒരുപോലെയാണെന്നും അവർക്കിടയിൽ ഒത്തുകളിയുണ്ടെന്നും പ്രചരിപ്പിച്ചത് തിരിച്ചടിയായി. കേന്ദ്രകമ്മിറ്റിയുടെ നിർദേശം ലംഘിച്ച് കോൺഗ്രസും ഐ.എസ്.എഫും ഉൾപ്പെട്ട സംയുക്ത മുന്നണിയുണ്ടാക്കിയതും തിരിച്ചടിക്ക് കാരണമായി.
പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായി. പശ്ചിമ ബംഗാളിലാണ് ഏറ്റവും വലിയ ഇടിവ്. അവിടെ അംഗസംഖ്യ 1,60,827 ആയി ഇടിഞ്ഞു. എന്നാൽ കേരളത്തിൽ അംഗബലം വർധിച്ചു.
പാർട്ടി സെന്ററിന്റെ ചുമതലയിൽ 10 പി.ബി അംഗങ്ങളും 20 കേന്ദ്ര കമ്മിറ്റി അംഗങ്ങളുമുണ്ടായിട്ടും ഫലപ്രദമായി പ്രവർത്തിക്കാനായില്ല. പ്രാദേശിക പ്രക്ഷോഭങ്ങൾ വളർത്താനായില്ല.
സംസ്ഥാനങ്ങളിൽ ഇടതു- ജനാധിപത്യ കൂട്ടായ്മകൾ ഉണ്ടാക്കാനുമായില്ല. പി.ബി അംഗങ്ങളുടെ പ്രവർത്തനം രണ്ടു വർഷത്തിലൊരിക്കൽ വിലയിരുത്തണമെന്ന തീരുമാനം നടപ്പായില്ല. വർഗബഹുജന സംഘടനകളുടെ വിലയിരുത്തൽ നടക്കുന്നില്ല. കേന്ദ്ര സെക്രട്ടേറിയറ്റ് രൂപീകരിക്കാതിരുന്നത് വലിയ പിഴവാണ്. ഇക്കാര്യങ്ങളിലെല്ലാം അടുത്ത കേന്ദ്ര കമ്മിറ്റി ശക്തമായ തിരുത്തൽ നടപടികൾ സ്വീകരിക്കണം.
പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനു പകരം ദൈനംദിന സംഭവങ്ങളോട് പ്രതികരിക്കാനാണ് നേതാക്കൾ കൂടുതൽ ശ്രദ്ധിച്ചത്. പല സംസ്ഥാനങ്ങളിലും ബി.ജെ.പിക്കു പകരം മറ്റ് പാർട്ടികളെ എതിർത്തതും തിരിച്ചടിക്കു കാരണമായി.
പാർലമെന്ററി വ്യാമോഹവും പിന്തിരിപ്പൻ രീതികളും നേതാക്കളിൽ വ്യാപകമായി. മേധാവിത്വ ഗ്രൂപ്പുകളെയോ സമുദായങ്ങളെയോ പിണക്കാതിരിക്കാൻ സമരങ്ങൾ നടത്താതിരിക്കുന്ന പ്രവണതയും വ്യാപകമാണ്. പാർട്ടിയും വർഗബഹുജന സംഘടനകളും ഭരണത്തിന്റെ അനുബന്ധങ്ങളാകരുത്. നേതാക്കളും പ്രവർത്തകരും വിനയത്തോടെ പെരുമാറണം.
ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാട് അടിസ്ഥാന വോട്ടർമാരെ പാർട്ടിയിൽനിന്ന് അകറ്റി. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായി. പാർട്ടിക്ക് ദേശീയതലത്തിൽ ബി.ജെ.പിയെ നേരിടാനാവില്ലെന്ന് മതന്യൂനപക്ഷങ്ങൾ വിലയിരുത്തിയതും തിരിച്ചടിയായി. പിന്നോക്ക ജാതിവിഭാഗങ്ങളെ കൂട്ടിച്ചേർത്തുള്ള തെലങ്കാന പരീക്ഷണവും പരാജയമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."