തെരുവുനായ്ക്കളേക്കാള്‍ ക്രൂരരാണ് ഇവരൊക്കെ
''തെരുവുനായ കടിച്ചു മരിച്ച ഡോളിയുടെ കുടുംബത്തിന് 40,000 രൂപ കൊടുക്കണമെന്ന തീരുമാനം അംഗീകരിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ നാളെ പട്ടികടിച്ചു മരിക്കുന്നവരുടെ ബന്ധുക്കളും പരിക്കേല്‍ക്കുന്നവരുമെല്ലാം നഷ്ടപരിഹാരംചോദിച്ചു വരാന്‍തുടങ്ങും.''
ഈ വാക്കുകള്‍ ഓര്‍ക്കുന്നുണ്ടോ. മാനുഷികത അല്‍പ്പമെങ്കിലുമുള്ളവര്‍ക്കു മറക്കാന്‍ കഴിയില്ല ഈ വാക്കുകള്‍. സംസ്ഥാനസര്‍ക്കാരിനുവേണ്ടി ഹാജരായ പ്രമുഖഅഭിഭാഷകന്‍ 2106 ഏപ്രില്‍ ആറിനു സുപ്രിംകോടതിയില്‍ പറഞ്ഞതാണ് ഈ വാക്കുകള്‍. എന്നുവച്ചാല്‍ സംസ്ഥാനസര്‍ക്കാരിന്റെ നിലപാടാണിത്.
അങ്ങനെയൊരു നിലപാട് മലയാളികളെ ഭരിക്കുന്നവര്‍ എടുക്കാനുള്ള കാരണവും അതിന്റെ പശ്ചാത്തലവുംകൂടി അറിയണം. 2015 ഒക്‌ടോബറില്‍ കോട്ടയം അയര്‍കുന്നം മാഞ്ഞാമറ്റം സ്വദേശിനി ഡോളിയെന്ന വീട്ടമ്മയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. മതിയായ ചികിത്സകിട്ടാതെ അവര്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു. ഭാര്യയ്ക്കുണ്ടായ അനുഭവം മറ്റൊരാള്‍ക്കുണ്ടാവാതിരിക്കണമെന്ന ലക്ഷ്യത്തോടെ അവരുടെ ഭര്‍ത്താവ് നീതിപീഠത്തെ സമീപിച്ചു.
ഈ കേസ് പരിഗണിച്ച സുപ്രിംകോടതി ഡിവിഷന്‍ ബെഞ്ച് രണ്ടുകാര്യങ്ങളില്‍ താല്‍ക്കാലിക ഉത്തരവിട്ടു. കേരളത്തിലെ തെരുവുനായശല്യത്തെക്കുറിച്ചു പഠിച്ചു പരിഹാരം നിര്‍ദ്ദേശിക്കാന്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി സിരിജഗന്റെ നേതൃത്വത്തില്‍ മൂന്നംഗ കമ്മിഷനെ നിയോഗിച്ചു. മരിച്ച ഡോളിയുടെ കുടുംബത്തിനു 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നതായിരുന്നു രണ്ടാമത്തെ ഉത്തരവ്.
അത്ഭുതമെന്നു പറയട്ടെ, ജനങ്ങള്‍ തെരഞ്ഞെടുത്ത് അധികാരത്തിലേറിയവര്‍ക്കുവേണ്ടി അന്നു കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ സുപ്രിംകോടതിയുടെ രണ്ട് ഉത്തരവുകളെയും പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുകയായിരുന്നു. തെരുവുനായശല്യത്തെക്കുറിച്ചു സ്വതന്ത്രഏജന്‍സി അന്വേഷിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്നു തോന്നുന്നതായിരുന്നു സര്‍ക്കാരിന്റെ നിലപാട്.
രാഷ്ട്രീയലാഭം കിട്ടുമെന്നു തോന്നുന്നിടത്തു ലക്ഷക്കണക്കിനു രൂപയുടെ സഹായധനം പ്രഖ്യാപിക്കാന്‍ മടിയില്ലാത്തവര്‍ക്കു നീതിപീഠം നിര്‍ദ്ദേശിച്ച 40,000 രൂപയുടെ നഷ്ടപരിഹാരം നല്‍കാന്‍ വിമുഖത! അതിനു പറഞ്ഞ കാരണം ഈ നാട്ടിലെ ജനങ്ങളെ മുഴുവന്‍ അവഹേളിക്കുന്നതുമായിരുന്നു. തെരുവുപട്ടികളുടെ കടിയേറ്റു മരിക്കുന്നവരുടെ ബന്ധുക്കള്‍ ഭാവിയില്‍ നഷ്ടപരിഹാരത്തിനായി ശല്യപ്പെടുത്തുമെന്ന്!!
തെരുവുനായശല്യം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാന്‍ സര്‍ക്കാരിനു മനസ്സില്ലെന്നും ഇനിയും പലരും പട്ടികളുടെ കടിയേറ്റു മരിക്കുകതന്നെ ചെയ്യുമെന്നും അത്തരം ശല്യക്കാര്‍ക്കൊന്നും നഷ്ടപരിഹാരം നല്‍കാന്‍ ഒരുക്കമല്ലെന്നും തന്നെയല്ലേ ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്. അതുതന്നെയാണ് അര്‍ഥമെന്നു പില്‍ക്കാലസംഭവങ്ങള്‍ തെളിയിക്കുന്നു. ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കു പ്രവര്‍ത്തിക്കാന്‍ അടിസ്ഥാനസൗകര്യംപോലും നല്‍കിയില്ല.
സുപ്രിംകോടതിയുടെ ഇടപെടലിനുശേഷവും ഇവിടെ സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമടക്കം നൂറുകണക്കിനാളുകളെ തെരുവുപട്ടികള്‍ കടിച്ചുകീറിക്കൊണ്ടിരുന്നു. ഏറ്റവുമൊടുവില്‍, ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം കരകുളം പുല്ലുവിള കടല്‍ത്തീരത്തുവച്ച് ശിലുവമ്മ എന്ന അറുപത്തഞ്ചുകാരിയെ ഡസന്‍കണക്കിനു പട്ടികള്‍ കടിച്ചുകൊന്നു. രക്ഷിക്കാന്‍ ഓടിയെത്തിയ അവരുടെ മകനെയും വെറുതെ വിട്ടില്ല. കടലില്‍ചാടിയതിനാല്‍ അയാള്‍ക്കു ജീവന്‍നഷ്ടപ്പെട്ടില്ല. വിഴിഞ്ഞത്തെ ഡെയ്‌സിയെന്ന സ്ത്രീയുടെ കൈയിലെയും കാലിലെയും മാംസം തെരുവുപട്ടികള്‍ കടിച്ചുപറിച്ച് അകത്താക്കി. അവരിപ്പോള്‍ ജീവന്‍നിലനിര്‍ത്താന്‍ പൊരുതുകയാണ്.
സര്‍ക്കാര്‍ അടിസ്ഥാനസൗകര്യങ്ങളൊന്നും ഒരുക്കിക്കൊടുത്തില്ലെങ്കിലും ജസ്റ്റിസ് സിരിജഗന്‍ കമ്മിഷന്‍ അന്വേഷണം നടത്തി സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. അതിലെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതാണ്. 2016 വരെ ഒരുലക്ഷത്തിലേറെ പേരെ ഈ കേരളത്തില്‍ പട്ടികള്‍ കടിച്ചുരുട്ടിയിട്ടുണ്ട്. 2015 - 16 സാമ്പത്തികവര്‍ഷത്തില്‍ മാത്രം 12 കോടി രൂപ പേപ്പട്ടി വിഷബാധയ്ക്കുള്ള പ്രത്യൗഷധത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. കേരളത്തില്‍ 25 ലക്ഷത്തിലേറെ തെരുവുപട്ടികളുണ്ട്.
ഇതിനോടു ചേര്‍ത്തുവായിക്കേണ്ടത് ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച സമയത്ത് ഹരജിക്കാരനുവേണ്ടി ഹാജരായ അഡ്വ. ബിജു നടത്തിയ പരാമര്‍ശമാണ്. ഒരോ വര്‍ഷവും പേപ്പട്ടി വിഷബാധയ്ക്കുള്ള പ്രത്യൗഷധം വാങ്ങാനായി കോടിക്കണക്കിനു രൂപ ചെലവഴിക്കുകയും അതേസമയം തെരുവുപട്ടിശല്യം ഇല്ലാതാക്കാന്‍ നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്നതില്‍ മരുന്നുമാഫിയയും ഭരണകൂടവും തമ്മിലുള്ള നിഗൂഢബന്ധമുണ്ടെന്നാണ് അഡ്വ. ബിജു നീതിപീഠത്തെ അറിയിച്ചത്. അവിശ്വസിക്കാനാവുമോ ഈ ആരോപണത്തെ. കേരളത്തിനു തൊട്ടുചേര്‍ന്നുള്ള തമിഴ്‌നാട്ടിലെ കുന്നൂരിലെ പൊതുമേഖലാ ഔഷധനിര്‍മാണസ്ഥാപനമായ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ആന്റി റാബിസ് വാക്‌സിന്‍ നിര്‍മിച്ചിരുന്നത്. വിദേശത്തേയ്ക്കുപോലും ഇവിടെനിന്ന് ഈ പ്രത്യൗഷധം കയറ്റിയയച്ചു. പണ്ടൊരു ഭിഷഗ്വരന്‍ കേന്ദ്രആരോഗ്യമന്ത്രിയായപ്പോള്‍ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള പൊതുമേഖലാ ഔഷധനിര്‍മാണസ്ഥാപനങ്ങള്‍ അടച്ചുപൂട്ടി.
വിദേശകുത്തകകള്‍ക്ക് ഇവിടെ ആന്റി റാബിസ് വാക്‌സിനുള്‍പ്പെടെയുള്ള ജീവന്‍രക്ഷാ ഔഷധങ്ങള്‍ വിറ്റഴിക്കാനുള്ള വിപണിയാക്കി ഇന്ത്യയെ മാറ്റി. അവര്‍ തോന്നിയ വിലയ്ക്കു മരുന്നു വിറ്റഴിച്ചു. ഏതൊരു കച്ചവടക്കാരനും ഉല്‍പ്പന്നം കൂടുതല്‍ വിറ്റഴിക്കാനുള്ള പോംവഴി തേടുമല്ലോ. ഇവിടെ തെരുവുപട്ടികള്‍ പെരുകിയാലേ കൊള്ളലാഭം കുന്നുകൂടൂ. അതിനു വഴിയൊരുക്കാന്‍ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെട്ടിമിടുക്കുള്ളവര്‍ ചെയ്യുമല്ലോ. തല്‍ക്കാലം അത്രയേ പറയുന്നുള്ളൂ. തെരുവുപട്ടികളെ കൊല്ലുന്നതിനു നിയമതടസ്സമുണ്ടെങ്കില്‍ അവയെ നാട്ടില്‍ അഴിഞ്ഞാടാന്‍ വിടുകയാണോ ചെയ്യേണ്ടത്. പിടിച്ചുകൊണ്ടുപോയി പ്രത്യേകസ്ഥലങ്ങളില്‍ പുനരധിവസിപ്പിക്കണം. അതു ഭരണകൂടത്തിന്റെ ചുമതലയാണ്. അതു നടപ്പാക്കുന്നുണ്ടോ. ഇല്ലെങ്കില്‍ കുറ്റക്കാര്‍ ഭരണകൂടംതന്നെയാണ്.
തെരുവുപട്ടികളെ വന്ധീകരിക്കുന്ന പദ്ധതിയെക്കുറിച്ചു പറയാന്‍ തുടങ്ങിയിട്ടു കാലംകുറേയായി. വാര്‍ത്ത വരുത്താന്‍ ചില പരിപാടികള്‍ അരങ്ങേറി. പിന്നെ പട്ടികള്‍ ഒരുവഴിക്കും സ്റ്റെറിലൈസേഷന്‍ പരിപാടികള്‍ മറ്റൊരു വഴിക്കുമായി. കേരളത്തിലെ എല്ലാ പട്ടികളെയും വന്ധീകരിച്ചുവെന്നു കണക്കെഴുതിവിടുന്നുണ്ടോ ആവോ. അതും ഒരു ബിസിനസ്സാണല്ലോ.
ഭക്ഷ്യമാലിന്യം തെരുവോരത്തു പെരുകുന്നതുകൊണ്ടാണ് തെരുവുപട്ടിശല്യം ഇത്ര വര്‍ദ്ധിക്കാന്‍ കാരണമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും മൈക്കിലൂടെയല്ലാതെ ശാസ്ത്രീയമായ മാലിന്യസംസ്‌കരണം ഇവിടെ നടക്കുന്നില്ല. നടത്തുന്നില്ല എന്നു പറയുന്നതാകും ഉചിതം. മൃഗങ്ങളോടുള്ള മോശമായ പെരുമാറ്റത്തിനുള്ള ശിക്ഷയുടെ കാഠിന്യം അമേരിക്കയില്‍ വര്‍ദ്ധിപ്പിച്ചതിനെക്കുറിച്ച് മൃഗസ്‌നേഹികൂടിയായ കേന്ദ്രമന്ത്രി മനേകഗാന്ധി കുറച്ചുനാള്‍ മുന്‍പ് എഴുതിയ ഒരു ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: 'നേരത്തേ ഗ്രൂപ്പ് ബിയില്‍പ്പെടുത്തിയിരുന്ന ഈ കുറ്റം എഫ്.ബി.ഐ ഇപ്പോള്‍ ഗ്രൂപ്പ് എ യില്‍പ്പെടുത്തിയിരിക്കുന്നു. നമ്മളും ഈ നിലയിലേയ്ക്കു വരേണ്ടിയിരിക്കുന്നുവെന്നാണ് ഇത് അര്‍ഥമാക്കുന്നത്.'
എന്നാല്‍, മനേകാഗാന്ധി ഊന്നല്‍ കൊടുക്കാത്ത ഒരുകാര്യം ഈ ലേഖനത്തിലുണ്ട്. ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്തുകൊണ്ട് ഇത്രയും കടുത്തനിലപാടെടുത്തുവെന്നതാണത്. മനുഷ്യരോടുള്ള അക്രമസംഭവത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്നവരില്‍ 80 ശതമാനവും മൃഗങ്ങളോടുള്ള ക്രൂരതയോടെയാണ് കുറ്റകൃത്യത്തിന്റെ വഴിയില്‍ അരങ്ങേറ്റം നടത്തിയത്. ക്രൂരതയുടെ ബാലപാഠത്തില്‍നിന്ന് അവരെ മുക്തരാക്കാനാണ് അവിടെ അത്തരം നടപടികള്‍.
പ്രഥമപരിഗണന മനുഷ്യജീവനാണെന്നര്‍ഥം. ഇവിടെയോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."