രാജ്യത്തെ സി.പി.എം കേരളത്തിലേക്ക് മാത്രമായി ചുരുങ്ങുന്നോ?; ഏറ്റവും കൂടുതല്‍ അംഗസംഖ്യ കണ്ണൂരില്‍
കേരളത്തിന് പുറമേ പല സംസ്ഥാനങ്ങളിലും സി.പി.എം പ്രാതിനിധ്യം കുറഞ്ഞ മട്ടാണ്. രാജ്യത്താകെ പാര്‍ട്ടി അംഗസംഖ്യ ചോരുന്നതിനിടെ സിപിഎമ്മിന്റെ ഒരു സംസ്ഥാന ഘടകം തന്നെ നാമാവശേഷമാകുന്നു.അടുത്തിടെ പുറത്തുവന്ന രാഷ്ട്രീയ - സംഘടനാ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി അംഗങ്ങള്‍ ഉള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇത്തവണ സിക്കിം ഇടം പിടിച്ചിട്ടില്ല. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ടില്‍ പാര്‍ട്ടിക്ക് അംഗബലം ഉള്ള സംസ്ഥാനങ്ങളില്‍ സിക്കിം ഉണ്ടായിരുന്നു. അന്നത്തെ അംഗസംഖ്യ 60 ആയിരുന്നു.
പുതിയ കണക്കുപ്രകാരം രാജ്യത്ത് ആകെ അംഗസംഖ്യയുടെ പകുതിയില്‍ കൂടുതല്‍ കേരളത്തിലാണ്. ആകെ പാര്‍ട്ടി അംഗങ്ങള്‍: 9,85,757, കേരളത്തില്‍ 5,27,174.
ഇന്ത്യയിലെ സിപിഎം എന്നാല്‍ കേരളമായി മാറുകയാണെങ്കില്‍ അതില്‍ത്തന്നെ കണ്ണൂരിന്റെ കരുത്തും അംഗസംഖ്യയില്‍ പ്രകടം. അറുപതിനായിരത്തി ലേറെ അംഗങ്ങളുള്ള കണ്ണൂര്‍ രാജ്യത്ത് സിപിഎമ്മിന് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ജില്ലയാണ്. കണ്ണൂരിനെക്കാള്‍ പാര്‍ട്ടിക്ക് അംഗസംഖ്യയുള്ളത് 2 സംസ്ഥാനങ്ങളില്‍ മാത്രമാണ്. തമിഴ്‌നാടും ബംഗാളും, ത്രിപുര പോലും (50,612) കണ്ണൂരിനു താഴെയേ വരൂ.
രാജ്യത്ത് 9 സംസ്ഥാനങ്ങളിലാണ് നിലവില്‍ സി.പി.എമ്മിന് നിയമസഭ പ്രാതിനിധ്യമുള്ളത്. അതില്‍ ഏറെയും കോണ്‍ഗ്രസ് ഉള്‍പ്പെട്ട മുന്നണിയില്‍ത്തന്നെ.എന്നാല്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യം ഇല്ലെന്നാണു പൊതുവെയുള്ള പ്രചാരണം.
ആകെ 87 എംഎല്‍എമാരാണു സിപിഎമ്മിനുള്ളത്. കേരളം (62) കഴിഞ്ഞാല്‍ ത്രിപുരയിലാണു കൂടുതല്‍ - 15. ദീര്‍ഘകാലം ത്രിപുര ഭരിച്ചിരുന്ന പാര്‍ട്ടി ഇന്ന് നാമമാത്രമായിരിക്കുകയാണ്. രാജസ്ഥാന്‍ (2), മഹാരാഷ്ട്ര (1), ഹിമാചല്‍പ്രദേശ് (1) എന്നിവിടങ്ങളിലാണു സഖ്യകക്ഷികളുടെ ബലം കൊണ്ടല്ലാതെ സിപിഎമ്മിനു ജനപ്രതിനിധികള്‍ ഉള്ളത്.
തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള 13 പാര്‍ട്ടികളുടെ സഖ്യത്തിലാണ് സിപിഎമ്മും സിപിഐയും. ഒപ്പം കോണ്‍ഗ്രസ് മാത്രമല്ല, മുസ്ലിം ലീഗും കേരളത്തില്‍ യുഡിഎഫിനൊപ്പം നില്‍ക്കുന്ന ഫോര്‍വേഡ് ബ്ലോക്കുമുണ്ട്. ഈ സഖ്യത്തിന്റെ ഭാഗമായി സിപിഎമ്മിന് തമിഴ്‌നാട്ടില്‍ 2 വീതം എം.പിമാരും എം.എല്‍.എമാരുമുണ്ട്.
ഒഡീഷയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 5 സീറ്റില്‍ മത്സരിച്ച് സിപിഎം ഒരിടത്തു ജയിച്ചു. അസമില്‍ കോണ്‍ഗ്രസും സിപിഐയും ഉള്‍പ്പെടുന്ന മഹാജ്യോത് സഖ്യത്തില്‍ സി പിഎമ്മിന് ഒരു എംഎല്‍എയുണ്ട്. ബിഹാറില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഉള്‍പ്പെട്ട മഹാസഖ്യത്തിന്റെ ഭാഗമായ സിപിഎമ്മിനുള്ളത് 2 എംഎല്‍എമാര്‍.
ബംഗാളില്‍ ലോക്‌സഭയിലും സിപിഎം വട്ടപ്പൂജ്യമാണ്. ആകെ ഉള്ള രാജ്യസഭാംഗമായ ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ ജയിച്ചതു കോണ്‍ഗ്രസ് പിന്തുണയോടെയാണ്. ഇരുപാര്‍ട്ടികളും ഒന്നിച്ചാല്‍ ഒരു രാജ്യസഭാംഗത്തെ ജയിപ്പിക്കാമെന്നു വന്നതോടെ 2020ല്‍ ഇവര്‍ കൈകോര്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."