അജ്മലിന് സ്നേഹവീടൊരുങ്ങുന്നു
കൂത്തുപറമ്പ്: സുമനസ്സുകള്‍ ഒന്നിച്ച് കൈകോര്‍ത്തതോടെ വേങ്ങാട് ഊര്‍പ്പള്ളിയിലെ മുഹമ്മദ് അജ്മലിന്റെ സ്നേഹവീടിന്റെ നിര്‍മാണ പ്രവൃത്തികള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു.
2015 ല്‍ അമേരിക്കയില്‍ നടന്ന സ്പെഷല്‍ ഒളിംപിക്സില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യന്‍ ഹാന്‍ഡ്ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു അജ്മല്‍. എന്നാല്‍ കിടന്നുറങ്ങാന്‍ ഒരു വീടില്ലെന്നുള്ളത് അജ്മലിനും കുടുംബത്തിനും തീരാവേദനയായിരുന്നു. ഇക്കാര്യം മനസ്സിലാക്കിയ വേങ്ങാട് ഇ.കെ നായനാര്‍ സ്മാരക ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റാണ് സ്നേഹവീട് പദ്ധതിയിലുള്‍പ്പെടുത്തി അജ്മലിന് വീടു നിര്‍മിക്കാന്‍ മുന്നിട്ടിറങ്ങിയത്. പിന്തുണയുമായി സുമനസ്സുകളും കൈകോര്‍ത്തതോടെ പ്രവൃത്തികള്‍ വേഗത്തിലായി. .ഇന്നലെ വീടിന്റെ സണ്‍ഷേഡിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. വീടുനിര്‍മാണ വാര്‍ത്ത നവമാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തളിപ്പറമ്പിലെ ഏയ്റോസിസ് കോളജ് മാനേജിങ് ഡയറക്ടര്‍ ഷാഹുല്‍ ഹമീദ് ഇന്നലെ സ്ഥലത്തെത്തുകയും പ്രവൃത്തിക്ക് അന്‍പതു ചാക്ക് സിമന്റ് നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. കൂടാതെ സ്നേഹവീടിന്റെ നിര്‍മാണം കാണാന്‍ ബംഗളുരു എഫ്.സി ക്ലബ്ബ് താരം വിനീത്, അജ്മലിനൊപ്പം ഒളിംപിക്സ് ടീമിലെ അംഗമായിരുന്ന ലബാന്‍, മാതാവ് ഡോറിസ് ലബാന്‍ തുടങ്ങി ഒട്ടേറെ പേര് ഇന്നലെ എത്തിയിരുന്നു. വീട് നിര്‍മാണ ഫണ്ടിലേക്ക് തുക നല്‍കിയും തുടര്‍സഹായങ്ങള്‍ വാഗ്ദാനം ചെയ്തുമാണ് വിനീത് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."