ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി ; ജ്യോതിലാലിന് വീണ്ടും പൊതുഭരണവകുപ്പിന്റെ ചുമതല
ശിവശങ്കറിന് കൂടുതൽ ചുമതല
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനെത്താൻ ഗവർണർക്കു വേണ്ടി മാറ്റിനിർത്തിയ അഡീ. ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാലിനെ പൊതുഭരണവകുപ്പിൽ തിരിച്ചെത്തിച്ച് സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനവും പൊതുഭരണവകുപ്പിനൊപ്പം വഹിക്കും.
മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് മൃഗസംരക്ഷണത്തിന്റെയും ഡയറി ഡെവലപ്‌മെന്റിന്റെയും അധിക ചുമതലകൂടി നൽകി.
തദ്ദേശവകുപ്പ് അഡീ. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് നഗരമാലിന്യനിർമാർജനം, ഊർജപദ്ധതികൾ എന്നിവയുടെ അധിക ചുമതല നൽകി.
ഐ.ടി സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് വകുപ്പിന്റെ ചുമതല നൽകി.
പ്ലാനിങ് ബോർഡ് മെമ്പർ സെക്രട്ടറിയുടെ ചുമതലയും ഇദ്ദേഹം വഹിക്കും.
കേന്ദ്ര സർവിസിലെ ഡപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ കെ.എസ് ശ്രീനിവാസിനെ ഫിഷറീസ് വകുപ്പിന്റെ പുതിയ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.
ടിങ്കു ബിസ്വാളിനെ ഭക്ഷ്യ, സിവിൽ സപ്ലൈസ് പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. തുറമുഖ വകുപ്പിന്റെ അധിക ചുമതലയും ഇവർ വഹിക്കും. കേന്ദ്ര സർവിസിലെ ഡപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ അജിത് കുമാറാണ് പൊതുമരാമത്ത് വകുപ്പിന്റെ പുതിയ സെക്രട്ടറി. അവധി കഴിഞ്ഞ് തിരിച്ചെത്തിയ ജി പ്രിയങ്കയെ വനിതാ ശിശുക്ഷേമവകുപ്പ് ഡയറക്ടറായും നിയമിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അതൃപ്തിയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 17നാണ് ജ്യോതിലാലിനെ പൊതുഭരണവകുപ്പിൽനിന്നു സർക്കാർ മാറ്റിയത്. ഗവർണറുടെ പഴ്‌സണൽ സ്റ്റാഫിൽ ബി.ജെ.പി നേതാവായ ഹരി എസ്.കർത്തയെ സർക്കാർ നിയമിച്ചത് അതൃപ്തിയോടെയാണെന്നു വ്യക്തമാക്കി ജ്യോതിലാൽ രാജ്ഭവനിലേക്കു കത്തയച്ചതാണ് ഗവർണറെ ചൊടിപ്പിച്ചത്.
മുഖ്യമന്ത്രി പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്തശേഷം ജ്യോതിലാലിനെ മാറ്റി ശാരദ മുരളീധരനെ പൊതുഭരണ വകുപ്പ് സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ തയാറാവാതിരുന്ന ഗവർണർ ജ്യോതിലാലിനെ മാറ്റിയ ശേഷമാണ് സഭാസമ്മേളന നടപടികളോട് സഹകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."