ജോര്‍ജ്ജ് തോമസിന്റെ ലൗജിഹാദ് പരാമര്‍ശം നാക്കുപിഴയായി കണക്കാക്കിയാല്‍ മതിയെന്ന് സി.പി.എം
കോഴിക്കോട്: കോഴിക്കോട് കണ്ണോത്ത് മേഖലാ ഡി.വൈ.എഫ്.ഐ സെക്രട്ടറി ഷെജിന്‍ എം.എസിന്റെയും ജോയ്‌സനയുടെയും വിവാഹം ലൗജിഹാദിനു സമാനമാണെന്ന തരത്തിലുള്ള ജോര്‍ജ്ജ് തോമസിന്റെ പരാമര്‍ശം നാക്കു പിഴയായി കണക്കാക്കിയാല്‍ മതിയെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍.സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ ജോര്‍ജ്ജ് തോമസ് തനിക്ക് പശക് പറ്റിയെന്ന് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലൗജിഹാദ് പ്രചാരണം ആര്‍.എസ്.എസിന്റേത്. ലൗജിഹാദ് എന്ന ഒരു സംഭവമേ ഇല്ല. കോടഞ്ചേരി സംഭവത്തില്‍ സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടന്നു. ഇതൊന്നും പാര്‍ട്ടി അനുവദിക്കില്ലെന്നും മോഹനനന്‍ കൂട്ടിച്ചേര്‍ത്തു.
കോടഞ്ചേരി മിശ്ര വിവാഹത്തില്‍ അസ്വാഭാവികത ഇല്ല. നമ്മുടെ രാജ്യത്ത് നിലവിലുള്ള നിയമമനുസരിച്ച് ഏത് മതത്തില്‍ പെട്ട ആളുകള്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ അവരിഷ്ടപ്പെട്ടവരെ വിവാഹം കഴിക്കാനും ഒരുമിച്ച് ജീവിക്കാനും അവകാശമുണ്ട്. അതവരുടെ വ്യക്തിപരമായ കാര്യമാണ്. ഒളിച്ചോടി എന്നാണ് പത്രങ്ങള്‍ പറയുന്നത്. അത് വേണ്ടിയിരുന്നില്ല. കുടുംബങ്ങളെ സമ്മതിപ്പിച്ച് വിവാഹം നടത്താമായിരുന്നു. അതൊരു ചെറിയ കാര്യമാണ്. എന്നാല്‍ തട്ടിക്കൊണ്ടു പോകല്‍ പോലുള്ള കാര്യങ്ങള്‍ പാര്‍ട്ടി ഒരു നിലക്കും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."