ഉച്ചമയക്കം
സമദ് പനയപ്പിള്ളി
മഴ പെയ്ത് തോര്‍ന്ന ഒരു ഉച്ചയിലാണ് ആഗ്‌നസ് കാറോടിച്ചെന്റെ ഒരു മുറി മാത്രമുള്ള കിടപ്പാടത്തിലെത്തിയത്. എന്നെ സംബന്ധിച്ചാണെങ്കില്‍ ടി.വി കണ്ടും പാട്ടുകേട്ടും മടുത്ത ഒരുച്ചയായിരുന്നു അത്. എല്ലാ മഴപെയ്ത്തുകാലത്തും ഒന്നുരണ്ട് ദിവസം പനിച്ചുകിടക്കുന്ന പതിവുണ്ടെനിക്ക്. കുട ബാഗില്‍ കരുതിയിരുന്നാലും മഴയോടുള്ള പ്രണയംകൊണ്ട് കോരിച്ചൊരിയുന്ന മഴയിലേക്ക് ഇറങ്ങിയൊരു നടത്തമാണ്. പിന്നെ മഴനനവ് സമ്മാനിച്ച പനിപ്പിടിയില്‍ ദിവസങ്ങളോളം ജോലിക്കൊന്നും പോകാതെയിങ്ങനെ. ജോര്‍ജ് ഊണ്‍ കഴിക്കാനായി പുറത്തുപോയപ്പോള്‍ വാങ്ങി കൊണ്ടുവന്ന ചോറ് വായിലെ കയ്പുകൊണ്ട് കുറച്ചേ കഴിച്ചുള്ളൂ. അയല്‍വീട്ടിലെ ആമിനുവെന്ന വായാടി പെണ്‍കുട്ടി അവളുടെ ഉമ്മയോട് പറഞ്ഞ് ചൂടുകഞ്ഞി വെച്ച് കൊണ്ടുവന്ന് തരട്ടേയെന്ന് ചോദിച്ചപ്പോഴതും വേണ്ടെന്ന് പറഞ്ഞു.
ചൂട് വെള്ളത്തിലുള്ള കുളി. കഞ്ഞി. അതിനോടൊക്കെയെന്നും അനിഷ്ടമായിരുന്നു. എന്ത് രോഗം വന്നാലും അത് മൂര്‍ച്ഛിച്ച ശേഷമേ ഡോക്ടറെ കാണൂ. അതുവരെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നു രോഗവിവരം പറഞ്ഞു ഗുളികകള്‍ വാങ്ങികഴിക്കും. പലരും പറയാറുണ്ട്. അതപകടമാണെ
ന്ന്. എന്നാലും ഞാനീ പതിവിന് പിറകെയാണ്. ഇ.എസ്.ഐയെന്നു പറഞ്ഞ് മാസംതോറും ശമ്പളത്തില്‍ നിന്ന് കുറച്ച് പൈസ മാറികിട്ടുന്നുണ്ട്.
ഇ.എസ്.ഐയില്‍ പോയപ്പോഴൊക്കെ കാര്യങ്ങള്‍ ക്രൂരമായിരുന്നതുകൊണ്ട് ആ വഴിയിപ്പോള്‍ പോവാറില്ല. തൊഴിലാളികളെ പോക്കറ്റടിക്കാന്‍ അ
ധികാരികള്‍ ഉണ്ടാക്കുന്ന ഒാരോ വകുപ്പുകളേ.
ആഗ്‌നസിന് മറ്റുള്ളവര്‍ നിയന്ത്രിക്കുന്ന വാഹനത്തില്‍ കയറാന്‍ തന്നെ പേടിയായിരുന്നു ഈയടുത്തുവരെ. ഇപ്പോളവള്‍ സ്വയം കാറ് ഡ്രൈവ് ചെയ്താണെന്റെ കിടപ്പാടത്തില്‍ വരുന്നത്. ആഗ്‌നസ് വരുന്നതിലെനിക്കൊരു ഇഷ്ടക്കുറവുമില്ല. വന്നുകഴിഞ്ഞാല്‍ നാം ഒരിക്കലും ഓര്‍ക്കരുതെന്ന് കരുതുന്ന ഓര്‍മകളിലേക്കൊരു പിന്‍ നടത്തമുണ്ട് അവള്‍ക്ക്. അതാണേറ്റവും സങ്കടകരം.
'സത്യത്തില്‍ നീയായിരുന്നില്ലേ അബ്ദുള്‍ സിനിമയില്‍ എത്തേണ്ടിയിരുന്നത്. നിനക്കായിരുന്നില്ലേ അങ്ങനെയൊരാഗ്രഹം.', 'നീയന്ന് എന്നോടും ലക്ഷ്മിയോടും ലിനോ ജേക്കബിനോടുമൊക്കെ പറഞ്ഞത് സിനിമയില്‍ നീയൊരു മമ്മൂട്ടിയെങ്കിലുമാകുമെന്നാണ്' തുടങ്ങി എനിക്ക് അതൃപ്തികരമായ ഓര്‍മകളിലേക്കുള്ള അവളുടെ ഒരുതരം നിര്‍ബന്ധത്തോടെയുള്ള പിന്‍നടത്തം.
'ഓരോര്‍ത്തര്‍ക്ക് ഓരോന്നെന്ന് ദൈവം മുന്‍കൂട്ടി തീരുമാനിച്ച് വെച്ചിട്ടുണ്ട് അബ്ദുള്‍.'
പനി സൃഷ്ടിക്കുന്ന അസ്വാസ്ഥ്യങ്ങളെക്കാള്‍ കഠിനമായ അസ്വാസ്ഥ്യമാണ് ആഗ്‌നസിന്റെ സംസാരം സൃഷ്ടിക്കുന്നത്. നീയൊന്ന് ഇറങ്ങിപ്പോകുന്നുണ്ടോയെന്ന് മനസില്‍ പറയുകയായിരുന്നു ആ നേരമൊക്കെ ഞാന്‍. ആരേയും ഇതുവരെ അപമാനിച്ചിട്ടില്ല. ശത്രുക്കളെ പോലും. അതുകൊണ്ടാണ് ആഗ്‌നസിനേയും കിടപ്പാടത്തില്‍ നിന്നിറക്കിവിടാത്തത്.
അവള്‍ പറയുന്നതൊക്കെ ശരിയാണ്. അക്കാലത്തൊക്കെ പഠിക്കുന്നതിനെക്കാള്‍ താല്‍പര്യം കലാപ്രവര്‍ത്തനങ്ങളോടായിരുന്നു. ഞങ്ങള്‍ പഠിച്ച കോളജിലെ വിദ്യാര്‍ഥികള്‍ സഹകരിച്ചൊരു സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചു പിന്നീടത് നടക്കില്ലെന്നറിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞതും ആഗ്‌നസിനോടാണ്. അന്നവള്‍ക്കെന്നോട് പ്രണയമായിരുന്നുവെന്നാണ് ഞാന്‍ നിനച്ചിരുന്നത്. പിന്നീടാണ് അവള്‍ പറഞ്ഞത്. ഞങ്ങള്‍ തമ്മിലുള്ളതൊരുആങ്ങള-പെങ്ങള്‍ ബന്ധമാണെന്ന്. എനിക്ക് നാല് പെങ്ങന്മാരുണ്ട്. ഇനിയുമൊരു പെങ്ങള്‍ സ്‌നേഹം വേണ്ടെന്നും അതു വലിയ ഭാരമാകുമെന്നും പറഞ്ഞ് ഞാനവളില്‍ നിന്ന് മാറിനടന്നു.
അതിനു ശേഷമാണവള്‍ ജാസു വായിച്ചിരുന്ന പറങ്കി ഡിസൂസയുടെ കാമുകിയായത്. ഡിസൂസ ലഹരിയുടെ വെളിവുകേടില്‍ അവളുടെ ശരീരത്തെ മാത്രം പ്രണയിച്ചപ്പോഴാണ് അവളെന്നിലേക്ക് തിരികെ വന്നത്. കോളജ് വിടുംമുമ്പ് തന്നെ ആഗ്‌നസ് ചില ആര്‍ട്ട് സിനിമകളില്‍ അത്ര അപ്രധാനമല്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അതിന്റേതായ ഒരഹന്തയും അവള്‍ക്കാകാലത്തുണ്ടായിരുന്നു. ഇപ്പോള്‍ ചില സീരിയലുകളില്‍ ആഗ്‌നസ് അഭിനയിക്കുന്നുണ്ട്. ഭേദപ്പെട്ട സിനിമാക്കാരുടെ സിനിമകളിലും. കോളജില്‍ വെച്ച് നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്ന സിനിമയിലും നായികയായി ആഗ്‌നസിനെയാണ് തീരുമാനിച്ചിരുന്നത്. അന്നവള്‍ പറഞ്ഞത് അഭിനയിക്കാനൊന്നും താനില്ലെന്നും വേണമെങ്കില്‍ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കാമെന്നുമാണ്.
ഇങ്ങനെയൊരു ഓര്‍മയില്‍ മുഴുകവേയാണ് അവള്‍ ലിപ്സ്റ്റിക്ക് തേച്ച് ചുവന്ന ചുണ്ടിലൊരു നീളന്‍ സിഗരറ്റ് വെച്ച് ലൈറ്ററില്‍ നിന്ന് അതിലേക്ക് തീപകര്‍ന്നൊരൊറ്റ തീക്കണ്ണ് തീര്‍ത്ത ശേഷം എനിക്ക് നേരെയും ഒരു സിഗരറ്റ് നീട്ടിയത്. പുകവലി നിര്‍ത്തിയിരുന്നതാണ്. ഇനി വല്ലപ്പോഴും വലിക്കുന്നെങ്കില്‍ ഫോറിന്‍ സിഗരറ്റേ വലിക്കൂവെന്നും പ്രതിജ്ഞയെടുത്തിരുന്നു. അതുകൊണ്ടാണ് ആഗ്‌നസ് തന്ന സിഗരറ്റ് വലിച്ചത്. വലിച്ചപ്പോഴാണ് അത് നാടന്‍ സിഗരറ്റാണെന്ന് മനസ്സിലായത്. ഒരു പുകയെടുത്ത ശേഷം അതങ്ങനെ തന്നെ ആഗ്‌നസ് കാണാതെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു.
ഓര്‍മകളില്‍ വീണ്ടും ആഗ്‌നസ്. കോളജ് ഡേയിലൊക്കെ നാടകം കളിക്കാന്‍ വിളിക്കുമ്പോള്‍ തട്ടേല്‍ കയറി കളിക്കാനാണെങ്കില്‍ താനില്ലെന്ന് പറഞ്ഞിരുന്നു ആഗ്‌നസ്. ആ ആഗ്‌നസാണ് ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള താരം. കാലം ചില മനുഷ്യരില്‍ തീര്‍ക്കുന്ന വിസ്മയങ്ങള്‍. ഞാന്‍ പലരോടും നിന്റെ കാര്യം പറയുന്നുണ്ട് അബ്ദുള്‍. പക്ഷെ അവരൊന്നും അവരുടെ സിനിമയുമായി നിന്നെ സഹകരിപ്പിക്കില്ലെന്നാ പറയുന്നേ...'
ആഗ്‌നസീ കാര്യമൊന്നും ഉള്ളില്‍ തട്ടി പറയുന്നതല്ല. അവള്‍ തന്റെ നിലനില്‍പ്പ് ഭദ്രമാക്കാനല്ലേ ശ്രമിക്കൂ. അതിന് വിരുദ്ധമായതൊന്നും അവള്‍ ചെയ്യില്ലെന്ന് തീര്‍ച്ചയാണ്. അവള്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അഭിനയിക്കാന്‍ തുടങ്ങിയിരിക്കുന്നു. സിനിമാ അഭിനയം അവള്‍ക്ക് പകര്‍ന്നുകൊടുത്ത മറ്റൊരു പാഠം.
ആഗ്‌നസ് ഒരു സിനിമയുടെ പൂജയുണ്ടെന്ന് പറഞ്ഞിറങ്ങിയ ശേഷമാണെന്റെ ബാല്യകാല ചങ്ങാതിയായ ആനന്ദനെന്നെ ഫോണില്‍ വിളിക്കുന്നത്. ആഗ്‌നസ് വന്നുപോയതൊക്കെ ഞാന്‍ ആവേശപൂര്‍വം അയാളെ ഉണര്‍ത്തുമ്പോള്‍ അയാള്‍ ചോദിച്ചത് നീയിതുവരെ ഉറങ്ങുകയായിരുന്നോയെന്നും എങ്കില്‍ ആഗ്‌നസ് നിന്റെ ഡ്രീമാകുമെന്നുമാണ്.
ഇല്ല. ഞാന്‍ ആനന്ദന്‍ പറഞ്ഞതിനൊന്നും പിറകെ പോകുന്നില്ല.
ഒരാള്‍ അനുഭവിച്ച യാഥാര്‍ഥ്യത്തെ അതേ തീവ്രതയോടെ മറ്റേയാളും അനുഭവിക്കണമെന്നില്ലല്ലോ. ഇനി ആഗ്‌നസ് ആനന്ദന്റെ പ്രണയം നിരാകരിച്ച ഒരുവളാണെങ്കിലോ? കിട്ടാത്ത മുന്തിരിങ്ങ പുളിക്കുമെന്നു കുറക്കന്‍ പറഞ്ഞത് ചാടി ചാടി കാല്‍മുട്ടു വേദനിച്ചതുകൊണ്ടും ആ വേദനയ്ക്ക് പുരട്ടാനുള്ള ലേപനത്തെ കുറിച്ചുള്ള അജ്ഞതകൊണ്ടുമാകാമെങ്കില്‍ ആഗ്‌നസിനെ പോലുള്ളവര്‍ ഒരു യാഥാര്‍ത്ഥ്യം പോലുമല്ലെന്ന് ആനന്ദന്മാര്‍ പറയുന്നത് ആയുസില്‍ പാതിയും ധൂര്‍ത്ത്‌ചെയ്ത് മറ്റേതൊരു ക്രിയചെയ്യുന്നതിലും സൂക്ഷ്മമായി തീര്‍ത്ത പ്രണയമതിലും ചാടികടന്നവര്‍ പോയത് കൊണ്ടാകുമെന്ന് വിശ്വസിക്കുന്നതാണ് ഇക്കാലത്ത് നമ്മുടെ മനോനിലയ്ക്കും ശാരീരികസ്വസ്ഥതയ്ക്കും നല്ലത്. ആനന്ദന്‍ ഇതൊന്നും അറിയേണ്ടാട്ടോ.
അറിഞ്ഞാലോ? നിങ്ങളുടെ തലയുടച്ച് അയാള്‍ കായലിലോ കടലിലോ ഒഴുക്കും. തീവണ്ടിയിടിച്ചു ചിതറിയ മാതിരി റെയിലിലും കിടത്തും. അതിന് ആണ്‍-പെണ്‍ ഭേദമെന്നൊന്നുമില്ല. അത്രയ്ക്കുണ്ട് ആനന്ദന് ആഗ്‌നസിനോടുള്ള പ്രതികാരദാഹമെന്നാ കേള്‍വി. എന്നിട്ടാണോ മുഖത്ത് ആസിഡ് ഒഴിക്കാത്തത്? തെരുവിലിട്ടു വെട്ടി കൊല്ലാത്തത്. അതുകൂടെ സംഭവിച്ചാലേയിത് പൂര്‍ണമാകൂവല്ലേ? ആനന്ദനെ കാണട്ടെ. അയാളിപ്പോള്‍ നാട്ടുകാരുടെ കണ്‍വെട്ടത്തൊന്നും പ്രത്യക്ഷപ്പെടുന്നില്ലാത്രെ. പറയാന്‍ പറ്റില്ല. ചിലപ്പോ നിങ്ങളീ പറഞ്ഞതൊക്കെ അയാള്‍ റിഹേഴ്‌സല്‍ ചെയ്യുകയാണെങ്കിലോ.
ആഴ്ചകള്‍ക്ക് മുമ്പ് ടൗണിലെ കളിപ്പാട്ട കടയില്‍ നിന്നയാള്‍ രണ്ടുമൂന്നു വലിയ പാവകളെ വാങ്ങി പോകുന്നത് കണ്ടവരുണ്ട്. അവിവാഹിതനായ ആനന്ദനെന്തിനാണീ പാവകളെന്ന് കണ്ടവര്‍ അതിശയിച്ചത്രേ.
ടൗണിലെത്തന്നെയൊരു കടയില്‍നിന്നയാള്‍ കത്തി വാങ്ങിയതിനും തെളിവുണ്ട്. ഫോണില്‍ കുറച്ച് നാടനും വിദേശീയവുമായ ക്രൈം സിനിമകളും അയാള്‍ ലോഡ് ചെയ്തിട്ടുണ്ട്.
അപ്പോ ടി.വിയിലെ ക്രൈം പംക്തികളിലും പത്രത്താളിലുമൊക്കെ ആനന്ദനെ ഇനി താമസിയാതെ കാണാമല്ലേ. ആനന്ദന്‍ ആളെങ്ങനെയാ? ഗ്ലാമറാണോ?
അതൊക്കെ കണ്ടറിയുക. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണ്ടല്ലോ? അപ്പോ അതിനായി കാത്തിരിക്കുകയല്ലേ? അതെ. അതേയിപ്പോള്‍ നിവര്‍ത്തിയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."