HOME
DETAILS
MAL
കൊവിഡ്: പാക് സഹായം സ്വീകരിക്കുന്നതില്‍ വാജ്‌പേയിയെ ഓര്‍ക്കാം
backup
May 01 2021 | 01:05 AM
ദുരന്തങ്ങളില്‍ വിദേശങ്ങളില്‍ നിന്നും ഉണ്ടാകുന്ന സഹായങ്ങള്‍ ഇന്ത്യ സ്വീകരിക്കേണ്ടതില്ലെന്ന നയം സര്‍ക്കാര്‍ തിരുത്തിയത് ആശ്വാസകരമാണ്. കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയും ആളുകള്‍ ശ്വാസംകിട്ടാതെ പിടഞ്ഞു മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍നയം തിരുത്തിയത് സ്വാഗതാര്‍ഹം തന്നെ. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന പാരിതോഷികങ്ങള്‍, സംഭാവനകള്‍ എന്നിവ സ്വീകരിക്കേണ്ടതില്ലെന്ന നയം ഇന്ത്യ കൈകൊണ്ടത് 2005 ലാണ്. ഇന്ത്യയ്ക്ക് ആവശ്യമായ വിഭവങ്ങള്‍ ഇവിടെ തന്നെയുണ്ടെന്ന നിഗമനത്തെത്തുടര്‍ന്നായിരുന്നു അത്തരമൊരു നയപരമായ തീരുമാനം എടുത്തിരുന്നത്.
ഇന്ത്യ എല്ലാ രംഗങ്ങളിലും സ്വയം പര്യാപ്തത നേടിയിരിക്കുന്നു എന്ന സന്ദേശം വിദേശ രാജ്യങ്ങള്‍ക്ക് ഇത്തരമൊരു തീരുമാനത്തിലൂടെ നല്‍കുകയായിരുന്നു ഡോ.മന്‍മോഹന്‍ സര്‍ക്കാര്‍. മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു.പി.എ സര്‍ക്കാര്‍ ഇന്ത്യയെ പല രംഗങ്ങളിലും സ്വയം പര്യാപ്തതയില്‍ എത്തിച്ച ഒരു കാലം കൂടിയായിരുന്നു അത്. ഇന്ത്യയുടെ ആസ്തികളൊന്നും വിറ്റഴിച്ചിരുന്നുമില്ല. ഇന്ന് ഇന്ത്യ ശ്വാസം കിട്ടാതെ പിടയുമ്പോള്‍ ഇന്ത്യയുടെ സമ്പത്ത് വാരിക്കൂട്ടിയ കോര്‍പറേറ്റുകളില്‍ നിന്നും കാര്യമായ സഹായധനം ഇന്ത്യയ്ക്ക് കിട്ടുന്നില്ല. ടാറ്റ മാത്രമാണ് ഇതിനൊരപവാദം.
വിദേശരാഷ്ട്രങ്ങളില്‍ നിന്നും സഹായം സ്വീകരിക്കേണ്ടതില്ലെന്ന നയപരമായ തീരുമാനം പതിനഞ്ച് വര്‍ഷം മുന്‍പ് എടുത്തതിനെത്തുടര്‍ന്നായിരുന്നു രണ്ട് പ്രളയങ്ങള്‍ കേരളത്തെ മൂടിയിട്ടും യു.എ.ഇ അടക്കമുള്ള രാഷ്ട്രങ്ങളില്‍ നിന്നുള്ള സഹായം സ്വീകരിക്കാന്‍ സംസ്ഥാനത്തിനു കഴിയാതെ പോയത്. ഇന്ത്യയുടെ നയപരമായ തീരുമാനം കേരളത്തിനു വേണ്ടി താല്‍ക്കാലികമായിട്ടെങ്കിലും റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. കേന്ദ്ര സര്‍ക്കാരില്‍ നിന്നാകട്ടെ കാര്യമായ സഹായം സംസ്ഥാനത്തിനു കിട്ടിയതുമില്ല.
സംസ്ഥാനത്തിന്റെ ഇച്ഛാശക്തി കൊണ്ടും ഒറ്റക്കെട്ടായ ജനങ്ങളുടെ നിലപാടുകളാലും രണ്ട് പ്രളയങ്ങളെയും അതിജീവിക്കാന്‍ കേരളത്തിനു കഴിഞ്ഞു. എന്നാല്‍ അതല്ല ഇപ്പോഴത്തെ ഇന്ത്യന്‍ അവസ്ഥ. 2020ല്‍ ഇന്ത്യയില്‍ പടരാന്‍ തുടങ്ങിയ കൊറോണ വൈറസ് 2021 ല്‍ എത്തുമ്പോള്‍ അതിന്റെ ഉഗ്രരൂപം പൂണ്ടിരിക്കുകയാണ്. അതിതീവ്ര വ്യാപനശേഷിയുള്ള ഈ രണ്ടാം തരംഗത്തില്‍ ദിനേനയെന്നോണം നിരവധി ആളുകളാണ് ശ്വാസം കിട്ടാതെ മരിക്കുന്നത്. രണ്ടാം തരംഗത്തില്‍ രോഗം ഏറെയും ബാധിക്കുന്നത് ശ്വാസകോശങ്ങളെയാണ്. പുറത്തേക്ക് കാര്യമായ ലക്ഷണങ്ങള്‍ പ്രകടമാക്കാത്ത രണ്ടാം തരംഗത്തില്‍ രോഗം ഗുരുതരാവസ്ഥയില്‍ എത്തുമ്പോഴാണ് രോഗിപോലും അറിയുന്നത്. ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുന്നു.
കിടക്കകള്‍ എവിടെയും ഒഴിവില്ല. ഓക്‌സിജന്‍ സിലിണ്ടറുകള്‍ കണികാണാന്‍ പോലും കിട്ടുന്നില്ല. കുറെയേറെ മെച്ചപ്പെട്ട കേരളത്തില്‍ പോലും കൊവിഡ് ബാധിതരേയും കൊണ്ട് ചികിത്സയ്ക്കായി സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കയറി ഇറങ്ങേണ്ടി വരുന്ന അവസ്ഥയില്‍ ബന്ധുക്കള്‍ എത്തിയിരിക്കുകയാണ്. ഇത്തരമൊരു പരിതസ്ഥിതിയില്‍ മരുന്നും മെഡിക്കല്‍ ഉപകരണങ്ങളുമടക്കമുള്ള സഹായങ്ങള്‍ വിദേശത്ത് നിന്നും സ്വീകരിക്കാമെന്ന സര്‍ക്കാരിന്റെ തീരുമാനം ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ മരണനിരക്ക് ഗണ്യമായ തോതില്‍ കുറച്ചുകൊണ്ടുവരാന്‍ കഴിയും.
നേരത്തെ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രസര്‍ക്കാരിനും മാത്രമായിരുന്നു വിദേശ രാഷ്ട്രങ്ങളില്‍ നിന്നും സഹായം സ്വീകരിക്കാന്‍ വിലക്കുണ്ടായിരുന്നത്. റെഡ്‌ക്രോസ് പോലുള്ള ഏജന്‍സികള്‍ക്ക് സഹായം സ്വീകരിച്ച് അത് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊവിഡ് സംബന്ധമായ സഹായങ്ങള്‍ സര്‍ക്കാരിനു നേരിട്ടു സ്വീകരിക്കാന്‍ കഴിയും. ഏജന്‍സികളുടെ മരുന്നുവിതരണത്തിലും ഓക്‌സിജന്‍ വിതരണത്തിലും വിവേചനവും പക്ഷപാതിത്വവും ഉണ്ടായേക്കാം എന്ന അനുമാനത്തെത്തുടര്‍ന്നാണ് സഹായം നേരിട്ടു സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്.
കേന്ദ്രസര്‍ക്കാരില്‍ നിന്നും വിവേചനം ഉണ്ടാവില്ലെന്ന് ഉറപ്പിക്കാനാവില്ല. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്ന സഹായങ്ങളില്‍ അതു പ്രകടമാണ്. സംസ്ഥാന വ്യത്യാസമില്ലാതെ ആളുകള്‍ ജീവവായു കിട്ടാതെ മരിച്ചു കൊണ്ടിരിക്കുമ്പോള്‍, ഓക്‌സിജന്‍ വിതരണ രംഗത്ത് കടുത്ത വിവേചനമാണ് കേന്ദ്ര സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്. ഡല്‍ഹി സര്‍ക്കാരിന് ആവശ്യത്തിനു ഓക്‌സിജന്‍ നല്‍കാതിരിക്കുകയും മധ്യപ്രദേശ് സര്‍ക്കാരിനു ചോദിച്ചതിലും കൂടുതല്‍ നല്‍കുകയും ചെയ്തു കേന്ദ്രസര്‍ക്കാര്‍. ഈ വിവേചനത്തിനെതിരേ ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി നിശിതമായ ഭാഷയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതും കഴിഞ്ഞ ദിവസമാണ്.
ഇരുപതോളം രാജ്യങ്ങളാണ് ഇന്ത്യയെ സഹായിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നത്. മരുന്നുകളും ഓക്‌സിജന്‍ കോണ്‍സന്‍ട്രേഷനുകളും മറ്റു മെഡിക്കല്‍ ഉപകരണങ്ങളും ഇതുവഴി വന്‍തോതില്‍ ഇന്ത്യയ്ക്ക് ലഭിക്കും. അമേരിക്ക, യു.കെ, യു.എ.ഇ, റഷ്യ എന്നീ പ്രമുഖ രാഷ്ട്രങ്ങളില്‍ നിന്നാണ് തുടക്കത്തില്‍ സഹായ വാഗ്ദാനം ഉണ്ടായത്. അതിര്‍ത്തിതര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്ന ചൈനയില്‍ നിന്നുപോലും സഹായം സ്വീകരിക്കാന്‍ ഇന്ത്യ സന്നദ്ധമായിരിക്കുകയാണ്. എന്നാല്‍ പാകിസ്താന്‍ സഹായം ഇന്ത്യ നിരസിച്ചിട്ടുമുണ്ട്. ഈ സമയത്ത് എടുക്കേണ്ട യുക്തിപരമായ ഒരു തീരുമാനമായോ അത്.
1990 ഫെബ്രുവരി 20ന് അതിര്‍ത്തിയുടെ സ്വരമെന്നര്‍ഥം വരുന്ന ഉര്‍ദു ഭാഷയില്‍ എഴുതപെട്ട സദാ എ സര്‍ഹദ് എന്ന ലക്ഷ്വറി ബസില്‍ വാഗാ അതിര്‍ത്തി കടന്ന് പാകിസ്താന്‍ മണ്ണില്‍ കാലെടുത്തുവച്ചു കൊണ്ട് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി പറഞ്ഞ വാക്കുകള്‍ ഇന്നും പ്രസക്തമാണ്. തന്നെ സ്വീകരിക്കാന്‍ കാത്തുനിന്ന പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ കരംഗ്രഹിച്ച്, അദ്ദേഹത്തെ ആലിംഗനം ചെയ്തു കൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി തന്റെ സ്വതസിദ്ധമായ കാവ്യാത്മകമായ ശൈലിയില്‍ പറഞ്ഞു. 'ശത്രുതക്കായി നമ്മള്‍ ഏറെക്കാലം ചെലവിട്ടില്ലേ ഇനി സൗഹൃദത്തിനു ഒരവസരം കൊടുത്തുകൂടെ'. ഇരു രാഷ്ട്രങ്ങളുടെയും അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തും ഉണ്ടായിരുന്ന ഇന്ത്യക്കാരും പാകിസ്താനികളും ഹര്‍ഷാരവത്തോടെയായിരുന്നു വാജ്‌പേയിയുടെ വാക്കുകള്‍ സ്വീകരിച്ചതെന്നു ഈ സമയത്ത് നമുക്കോര്‍ക്കാം.
ഇന്ത്യ ശ്വാസം കിട്ടാതെ പിടഞ്ഞുകൊണ്ടിരിക്കുമ്പോള്‍ എ.ബി വാജ്‌പേയിയുടെ ഈ വാക്കുകള്‍ ഇന്ന് ഏറെ പ്രസക്തമാണ്. ശത്രുതക്കായി സമയം പാഴാക്കേണ്ട സമയമല്ല ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മുന്‍ഗാമിയുടെ വാക്കുകള്‍ ഓര്‍ത്തുകൊണ്ട്, ഈ ആപല്‍ഘട്ടത്തില്‍ പാകിസ്താന്‍ നീട്ടുന്ന സഹായഹസ്തം തട്ടിക്കളയില്ലെന്നു പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."