പാർട്ടി 'ഫ്യൂസ് ഊരി'; സമരം നിർത്തി യൂനിയൻ
കെ.എസ്.ഇ.ബി സമരത്തിന്
പിന്തുണയില്ലെന്ന്
കോടിയേരി
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
സി.ഐ.ടി.യു സംഘടനയായ ഓഫിസേഴ്‌സ് അസോസിയേഷൻ വൈദ്യുതി ഭവനു മുന്നിലെ സത്യഗ്രഹ സമരം അവസാനിപ്പിച്ചു. വർക്കേഴ്‌സ് സംഘടനകളുടെ ഹിതപരിശോധന പരിഗണിച്ചാണ് താൽകാലികമായി സമരം നിർത്തിയതെന്നാണ് വിശദീകരണം.
നേതാക്കൾക്കെതിരായ അച്ചടക്കനടപടികൾ പൂർണമായി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ അസോസിയേഷൻ നേതൃത്വത്തിൽ വൈദ്യുതി ഭവൻ വളയൽ സമരം നടത്തിയിരുന്നു. സമരം ചെയ്താൽ സർവിസ് ചട്ടലംഘനത്തിനു പ്രത്യേക നടപടിയുണ്ടാകുമെന്ന ഉത്തരവ് ലംഘിച്ചായിരുന്നു കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പ്രതിനിധികൾ വൈദ്യുതി ഭവൻ വളഞ്ഞത്.
രാവിലെ ഒൻപതു മണി മുതൽ തന്നെ അസോസിയേഷൻ പ്രവർത്തകർ വൈദ്യുതി ഭവനു മുന്നിലെത്തി. സമരക്കാരെ പൊലിസ് തടഞ്ഞു.
ഓഫിസേഴ്‌സ് അസോസിയേഷൻ നേതാക്കൾ കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടു കാര്യങ്ങൾ വിശദീകരിച്ചിരുന്നു. എന്നാൽ സമരം പിൻവലിക്കണമെന്നും ബോർഡ് എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
സമരത്തെ ഇന്നലെ കോടിയേരി പരസ്യമായി തള്ളിപ്പറഞ്ഞു. ട്രേഡ് യൂനിയനുകൾ നടത്തുന്ന സമരത്തിന് പാർട്ടി പിന്തുണ ഉണ്ടെങ്കിലും കെ.എസ്.ഇ.ബിയിലെ സമരത്തിന് പിന്തുണയില്ലെന്ന് കോടിയേരി പറഞ്ഞു.
നേതാക്കളുടെ സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ വൈദ്യുതി ഭവൻ വളയൽ സമരം നടത്തിയത്. അസോസിയേഷൻ നേതാക്കളുടെ സസ്‌പെൻഷൻ പിൻവലിച്ച സാഹചര്യത്തിൽ അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടുവെന്ന നിലപാടിലാണ് വൈദ്യുതി മന്ത്രിയും മാനേജ്‌മെന്റും.
പാർട്ടിയും മുന്നണി നേതൃത്വവും കൈവിട്ടതോടെയാണ് സമരം നിർത്താൻ അസോസിയേഷൻ നിർബന്ധിതമായത്. പ്രക്ഷോഭ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് യൂനിയൻ തീരുമാനം. മെയ് രണ്ടിന് കാസർകോടുനിന്നും 13 ന് തൃശൂരിൽനിന്നും രണ്ട് മേഖലാ ജാഥകൾ സംഘടിപ്പിക്കും. ജാഥകൾ 16ന് സമാപിച്ച ശേഷവും പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലങ്കിൽ അനിശ്ചിതകാല സമരവും ചട്ടപ്പടി സമരവും തുടങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു.
അതേസമയം കെ.എസ്.ഇ.ബിയിലെ ഹിത പരിശോധനയ്ക്ക് മുന്നോടിയായി ബോർഡിലെ അംഗീകൃത ട്രേഡ് യൂനിയനുകളുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഇന്ന് ചർച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."