ജ്ഞാൻവ്യാപി മസ്ജിദ് ; പള്ളി പരിശോധിച്ച് വിഡിയോ ചിത്രീകരിക്കുന്നതിനെതിരായ ഹരജി തള്ളി
പള്ളിക്കുള്ളിൽ വിഗ്രഹമുണ്ടോയെന്നാണ് പരിശോധിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി
ന്യൂഡൽഹി
കാശിയിലെ ജ്ഞാൻവ്യാപി മസ്ജിദും പരിസരവും കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ പരിശോധിച്ച് വീഡിയോ ചിത്രീകരിക്കുന്നതിന് എതിരായ ഹരജി അലഹാബാദ് ഹൈക്കോടതി തള്ളി. ബാബരി കേസിന് സമാനമായി കാശിയിലെ ജ്ഞാൻവ്യാപി മസ്ജിദും അനുബന്ധഭൂമിയും കാശിവിശ്വനാഥ ക്ഷേത്രത്തിന്റെതാണെന്ന അവകാശവാദവുമായി ബന്ധപ്പെട്ട കേസിലാണ് ഹരജി.
പള്ളിക്കുള്ളിൽ മാ ഗൗരി, ഗണപതി, ഹനുമാൻ എന്നീ വിഗ്രഹങ്ങളുണ്ടെന്നും അവിടെ പൂജ നടത്താൻ അനുമതി വേണമെന്നും ആവശ്യപ്പെട്ട് രാഖി സിങെന്ന വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകനും മറ്റു എട്ടു പേരും നൽകിയ കേസിൽ സിവിൽ കോടതിയാണ് 2021 ഒാഗസ്റ്റ് 18ന് അഭിഭാഷക കമ്മിഷനെ നിയോഗിച്ചത്.
പള്ളിയും പരിസരവും കമ്മിഷൻ പരിശോധിക്കുകയും വീഡിയോ ചിത്രീകരിക്കുകയും വേണമെന്നും ഹരജിക്കാരന്റെ അവകാശവാദം ശരിയാണോയെന്ന് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
ഇതിനെതിരേയാണ് പള്ളി പരിപാലിക്കുന്ന അൻജുമാൻ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജിയാണ് ജസ്റ്റിസ് ജെ.ജെ മുനീർ തള്ളിയത്.
പള്ളിക്ക് 600 വർഷത്തിലധികം പഴക്കമുള്ളതും മുസ് ലിംകൾ നിസ്കാരം നടത്തിപ്പോരുന്നതുമാണെന്നാണ് പള്ളിക്കമ്മിറ്റി കോടതിയെ അറിയിച്ചത്.
ഹരജിക്കാരുടെ അവകാശവാദം ശരിയാണോയെന്ന് പരിശോധിക്കാനാണ് കമ്മിഷനെ നിയോഗിച്ചതെന്നും കമ്മിഷൻ്റെ റിപ്പോർട്ട് കോടതിക്ക് തെളിവായി സ്വീകരിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."