വിദേശ ഹാജിമാര്‍ക്ക് ഈ വര്‍ഷവും അവസരം നല്‍കില്ല
റിയാദ്: സഊദി അറേബ്യ വിദേശ ഹാജിമാരെ ഈ വര്‍ഷവും അനുവദിക്കില്ലെന്ന് വിവരം.
പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആഗോളതലത്തില്‍ പുതിയ കൊവിഡ് വകഭേദങ്ങളുടെ ആവിര്‍ഭാവത്തെക്കുറിച്ച് ആശങ്കകള്‍ ഉയരുന്നതിനെ തുടര്‍ന്നാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വിദേശ ഹാജിമാരെ പങ്കെടുപ്പിക്കേണ്ടെന്ന തീരുമാനമുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സഊദിയിലെ രണ്ട് സോഴ്‌സുകളെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് വിവരം പുറത്തുവിട്ടതെങ്കിലും സഊദി അറേബ്യ ഔദ്യോഗികമായി ഇതു സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടില്ല.
വിദേശത്തുനിന്നുള്ള തീര്‍ഥാടകരെ സ്വീകരിക്കാനുള്ള പദ്ധതികള്‍ അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും തീര്‍ഥാടനത്തിന് ആറുമാസം മുന്‍പെങ്കിലും വാക്‌സിനേഷന്‍ എടുക്കുകയോ കൊവിഡ്-19ല്‍നിന്ന് സുഖം പ്രാപിക്കുകയോ ചെയ്ത ആഭ്യന്തര തീര്‍ഥാടകരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പങ്കെടുക്കുന്നവരുടെ പ്രായത്തിലും നിയന്ത്രണങ്ങള്‍ ബാധകമാക്കാനും സാധ്യതയുണ്ട്.
തുടക്കത്തില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച തീര്‍ഥാടകരെ വിദേശത്തുനിന്ന് അനുവദിക്കാനായിരുന്നു പദ്ധതികള്‍.
എന്നാല്‍ പലതരം വാക്‌സിനുകള്‍, അവയുടെ ഫലപ്രാപ്തി, പുതിയ വകഭേദങ്ങളുടെ ആവിര്‍ഭാവം എന്നിവയെക്കുറിച്ചുള്ള ആശയക്കുഴപ്പം ഉദ്യോഗസ്ഥരെ പുനര്‍വിചിന്തനം ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."