25 ട്രൈബൽ കോളനികൾ വൈദ്യുതീകരിക്കാൻ 24.26 കോടിയുടെ പദ്ധതി<br>വൈദ്യുതീകരിക്കുന്നത് 1,009 വീടുകൾ
ബാസിത് ഹസൻ
തൊടുപുഴ • സംസ്ഥാനത്തെ 25 ട്രൈബൽ കോളനികൾ വൈദ്യുതീകരിക്കാൻ 24.26 കോടിയുടെ പദ്ധതി. തുകയുടെ 80 ശതമാനം വൈദ്യുതി ബോർഡും 20 ശതമാനം പട്ടികവർഗ വകുപ്പും വഹിക്കണം. 25 കോളനികളിലായി 1,009 വീടുകളാണ് വൈദ്യുതീകരിക്കാനുള്ളത്.
വൈദ്യുതി എത്താത്ത 101 ട്രൈബൽ കോളനികൾ സംസ്ഥാനത്തുണ്ടെന്നാണ് സർക്കാർ കണക്ക്. ഇതിൽ ഗ്രിഡ് വഴി വൈദ്യുതി എത്തിക്കാവുന്ന 65 കോളനികളാണുള്ളത്. ഇതിൽ എട്ട് കോളനികളിൽ ഗ്രിഡ് വൈദ്യുതീകരണം പൂർത്തിയായിട്ടുണ്ട്. ഒരിടത്ത് സോളാർ വൈദ്യുതീകരണവും പൂർത്തിയായി. കൂടാതെ ഒൻപത് കോളനികളിൽ അടുത്ത മെയ് 31 ഓടെ വൈദ്യുതീകരണം പൂർത്തിയാക്കാമെന്നാണ് വൈദ്യുതി ബോർഡ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ആർ.ഡി.എസ്.എസ് (റിവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്‌കീം) ൽ പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പല ട്രൈബൽ കോളനികളും വനത്താൽ ചുറ്റപ്പെട്ട മേഖലയിലാണ്. വനം വകുപ്പിന്റെ അനുമതിയില്ലാതെ ഇവിടെ ലൈൻ വലിക്കാൻ കഴിയില്ല. അതിനാൽ വനം വകുപ്പിന്റെ ഉടക്കുമൂലം പലയിടത്തും ഗ്രിഡ് വൈദ്യുതീകരണം സാധിക്കാത്ത സാഹചര്യമുണ്ട്.
ഗ്രിഡ് കണക്ഷൻ സാധ്യമായതും എന്നാൽ നിലവിൽ ഫണ്ട് അലോക്കേഷൻ ഇല്ലാത്തതുമായ 25 കോളനികളാണ് ഇപ്പോൾ വൈദ്യുതീകരണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 38 കോളനികൾ സോളാർ ഇലക്ട്രിഫിക്കേഷനായി നിർദേശിച്ചിട്ടുണ്ട്. പത്തനംതിട്ട, തൊടുപുഴ, പാലക്കാട്, ഷൊർണൂർ, നിലമ്പൂർ ഇലക്ട്രിക്കൽ സർക്കിളിന് കീഴിലാണ് പദ്ധതി നടപ്പാക്കുന്ന കോളനികൾ സ്ഥിതി ചെയ്യുന്നത്. ഇതിൽ കൂടുതൽ തൊടുപുഴ സർക്കിളിന് കീഴിലാണ്, 14 കോളനികൾ. പത്തനംതിട്ടയിലും പാലക്കാടും ഓരോ കോളനികളാണുള്ളത്. ഷൊർണൂർ സർക്കിളിന് കീഴിൽ ആറും നിലമ്പൂരിൽ മൂന്നും കോളനികളാണ് പദ്ധതിയിൽ ഉള്ളത്.
പ്രത്യേക കേസായി പരിഗണിച്ച് കെ.എസ്.ഇ.ബിയുടെ ഫണ്ട് ഉപയോഗിച്ച് പദ്ധതി വേഗത്തിലാക്കാൻ അതാത് സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർക്ക് വൈദ്യുതി ബോർഡ് നിർദേശം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."