സന്തോഷ് ട്രോഫി സെമി; കേരളം കർണാടകക്ക് എതിരെ
യു.എച്ച് സിദ്ദീഖ്
മഞ്ചേരി
സന്തോഷ് ട്രോഫി 75 ാമത് പതിപ്പ് സെമി ഫൈനൽ പോരാളികളുടെ ചിത്രം തെളിഞ്ഞു. രണ്ടു ഗ്രൂപ്പുകളിലായി ഫൈനൽ റൗണ്ടിലേക്ക് പന്തുതട്ടിയത് 10 ടീമുകൾ. കേരളവും മണിപ്പൂരും ബംഗാളും കർണാടകയും സെമി സന്തോഷം പങ്കിട്ടു. ആറു ടീമുകൾക്ക് മടക്ക ടിക്കറ്റ്. സെമിയിൽ ഗ്രൂപ്പ് എ ചാംപ്യന്മാരായ കേരളം ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ കർണാടകയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ബി ചാംപ്യന്മാരായ മണിപ്പൂർ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ ബംഗാളിനെയും നേരിടും. കേരളം - കർണാടക സെമി 28നും മണിപ്പൂർ - ബംഗാൾ പോരാട്ടം 29നും പയ്യനാട് മൈതാനത്ത് നടക്കും. കേരളവും മണിപ്പൂരും ബംഗാളും നേരത്തെ സെമി ഉറപ്പിച്ചിരുന്നു. സർവിസസിനോട് ഒഡിഷ തോറ്റതോടെയാണ് മണിപ്പൂർ ഗ്രൂപ്പ് ബി ചാംപ്യന്മാരായതും കർണാടക സെമി ഉറപ്പിച്ചതും.
സർവാധിപതി കേരളം
ഗ്രൂപ്പ് എ ചാംപ്യന്മാരായാണ് സെമിയിലേക്കുള്ള കേരളത്തിന്റെ വരവ്. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിൽ മൂന്ന് ജയവും ഒരു സമനിലയുമായി കേരളം പത്ത് പോയിന്റ് നേടി. ആദ്യ ഗ്രൂപ്പ് പോരിൽ രാജസ്ഥാനെ 5-0ന് തകർത്തു. ബംഗാളിനെ 2-0 ന് വീഴ്ത്തിയ കേരളം മേഘാലയയോട് 2-2ന്റെ സമനില വഴങ്ങി. നാലാം പോരിൽ 2-1ന് പഞ്ചാബിനെയും കീഴടക്കി സെമി ഉറപ്പിച്ചു. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഒഡിഷയോട് 3-3ൻ്റെ സമനില വഴങ്ങിയായിരുന്നു കർണാടകയുടെ തുടക്കം. 1-0 ന് സർവിസസിനെ മറികടന്ന കർണാടക മണിപ്പൂരിനോട് 3-0ന് തോറ്റു. ഒടുവിൽ 4-0ന് ഗുജറാത്തിനെയും വീഴ്ത്തി. നാല് കളികളിൽ നിന്നായി രണ്ട് ജയവും ഒരോ സമനിലയും തോൽവിയുമായി ഏഴു പോയിൻ്റ് നേട്ടം. ഗോൾ ശരാശരിയിൽ ഒഡിഷയെ മറികടന്ന് സെമിയിൽ.
മണിപ്പൂർ x ബംഗാൾ
ഗ്രൂപ്പ് ഘട്ടത്തിൽ നാലിൽ മൂന്ന് ജയമടക്കം ഒമ്പത് പോയിന്റ് നേട്ടവുമായി മണിപ്പൂർ ഗ്രൂപ്പ് ബി ചാംപ്യൻമാരായി സെമിയിൽ എത്തി. സർവിസസിനെ 3-0ന് തകർത്തായിരുന്നു മണിപ്പൂർ ഗ്രൂപ്പ് ബിയിൽ പോരാട്ടത്തിന് തുടക്കമിട്ടത്. ഒഡിഷയോട് 1-0ന് തോറ്റ മണിപ്പൂർ 2-0ന് ഗുജറാത്തിനെ വീഴ്ത്തി. 3-0ന് കർണാടകയെ തോൽപ്പിച്ചാണ് സെമി ഉറപ്പിച്ചത്.
നാലിൽ മൂന്ന് ജയമടക്കം ഒമ്പത് പോയിന്റുമായാണ് ബംഗാൾ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായി സെമി പിടിച്ചത്. 1-0 ന് പഞ്ചാബിനെ കീഴടക്കി കുതിപ്പ് തുടങ്ങിയ ബംഗാൾ കേരളത്തിന് മുന്നിൽ 2-0ന് വീണു. 4-3ന് മേഘാലയത്തെ കീഴക്കിയപ്പോൾ 3 -0ന് ദുർബലരായ രാജസ്ഥാനെയും തോൽപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."