ജെ.ഡി.എസ് മന്ത്രിസ്ഥാനം പങ്കിടും; ആദ്യതവണ ആരെന്നു തര്‍ക്കം
കോഴിക്കോട്: രണ്ടാം പിണറായി മന്ത്രിസഭയില്‍ ജനതാദള്‍ എസിനു ലഭിക്കുന്ന മന്ത്രിസ്ഥാനം പങ്കിടാന്‍ ധാരണ. ആദ്യടേമില്‍ ആരു മന്ത്രിയാകണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. രണ്ട് എം.എല്‍.എമാരുള്ള പാര്‍ട്ടിക്ക് ഒരു മന്ത്രിസ്ഥാനം നല്‍കാമെന്ന് ധാരണയായിട്ടുണ്ട്. നിലവിലുള്ള മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും മുന്‍മന്ത്രി മാത്യു ടി.തോമസുമാണ് ഇത്തവണ ജയിച്ചിട്ടുള്ളത്. ഇവര്‍ രണ്ടുപേരുമാണ് മന്ത്രിസ്ഥാനത്തിനുവേണ്ടി രംഗത്തുള്ളത്.
നാലു സീറ്റില്‍ മല്‍സരിച്ച പാര്‍ട്ടി രണ്ടു മണ്ഡലങ്ങളില്‍ പരാജയപ്പെടുകയായിരുന്നു. നീലലോഹിതദാസന്‍ നാടാര്‍ കോവളത്തും ജോസ് തെറ്റയില്‍ അങ്കമാലിയിലുമാണ് പരാജയപ്പെട്ടത്. ആദ്യ ടേമില്‍ തന്നെ മന്ത്രിയാക്കണമെന്ന നിലപാടിലാണ് സംസ്ഥാന പ്രസിഡന്റകൂടിയായ മാത്യൂ ടി.തോമസ്. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ കൃഷ്ണന്‍കുട്ടിക്ക് മന്ത്രിസ്ഥാനം കൈമറാമെന്ന് അദ്ദേഹം പറയുന്നു.
തുടര്‍ഭരണത്തിലേക്കു പോകുന്ന സര്‍ക്കാറില്‍ മന്ത്രിയായി ആദ്യ ടേമില്‍ തന്നെ തുടരണമെന്ന നിലപാടിലാണ് കെ.കൃഷ്ണന്‍കുട്ടി. ആദ്യ രണ്ടര വര്‍ഷം
അവസരം നല്‍കണമെന്നും അതുകഴിഞ്ഞാല്‍ സ്ഥാനം ഒഴിയാമെന്നുമാണ് കൃഷ്ണന്‍കുട്ടി മൂന്നോട്ടുവച്ച നിര്‍ദേശം. ഇനി മല്സരരംഗത്തേക്കില്ലെന്നും രണ്ടര കൊല്ലം കഴിഞ്ഞാല്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി മാത്രം നില്‍ക്കാമെന്നും അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ആദ്യ ടേമില്‍ മാത്യൂ ടി.തോമസ് മന്ത്രിയായാല്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം മറ്റൊരാര്ക്ക് കൈമാറിയേക്കും.
രണ്ട് എം.എല്‍.എമാരും തങ്ങളുടെ നിലപാട് ദേശീയ പ്രസിഡന്റ് എച്ച്.ഡി ദേവെഗൗഡയെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം മറുപടിയൊന്നും പറഞ്ഞിട്ടില്ല. നാളെ വൈകിട്ട് മൂന്നിന് ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി യോഗം ഓണ്‍ലൈനായി നടക്കുന്നുണ്ട്. മന്ത്രിമാരുടെ കാര്യത്തില്‍ യോഗത്തില്‍ ചര്‍ച്ച നടക്കുമെങ്കിലും അന്തിമ തീരുമാനം ദേവെഗൗഡയുടെതായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."