മെറ്റയിൽ നിന്ന് വീണ്ടും ഞെട്ടിക്കുന്ന വാർത്ത; ആയിരക്കണക്കിന് ജീവനക്കാർക്ക് പണി പോകും
ന്യൂയോർക്ക്: ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ഉടമയായ മെറ്റ കമ്പനി ജീവനക്കാരെ സംബന്ധിച്ച് പുതിയ തീരുമാനമെടുത്തതായി റിപ്പോർട്ട്. മെറ്റ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നതായാണ് പുതിയ റിപ്പോർട്ട്. ഈ ആഴ്ച തന്നെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടേക്കും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പുതുതായി പിരിച്ചുവിടുന്ന ജീവനക്കാരുടെ കാര്യത്തില്‍ അടുത്തയാഴ്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പിരിച്ചുവിടൽ ലിസ്റ്റിലേക്കുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ ഡയറക്ടർമാരോടും, വെസ് പ്രസിഡന്റുമാരോടും ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
പരസ്യവരുമാനത്തിൽ ഇടിവ് വന്നതിനെത്തുടർന്ന് വെർച്വൽ റിയാലിറ്റി പ്ലാറ്റ്‌ഫോമായ മെറ്റാവേഴ്‌സിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് മെറ്റ. 2023 മെറ്റ കാര്യക്ഷമത വർധിപ്പിക്കുന്ന വർഷമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സക്കർബർഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. മെറ്റയുടെ സമീപകാല പ്രകടന അവലോകനം കൂടുതൽ പിരിച്ചുവിടലുകളുടെ മുന്നോടിയായേക്കാമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ നവംബർ മാസത്തിൽ മെറ്റ കമ്പനി 11000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കൂടുതൽ കാര്യക്ഷമത വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കൂട്ടപിരിച്ചുവിട്ടലെന്നായിരുന്നു മെറ്റയുടെ വിശദീകരണം. കഴിഞ്ഞ വർഷം അവസാനം സോഷ്യൽ മീഡിയ ഭീമൻ തങ്ങളുടെ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. മെറ്റയുടെ 18 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ പിരിച്ചുവിടലുകൾ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."