സെന്‍ട്രല്‍ വിസ്ത പദ്ധതി: ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: കൊവിഡ് പരക്കുന്നതിനാല്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട ഹരജിയില്‍ ഇടപെടാന്‍ സുപ്രിംകോടതി വിസമ്മതിച്ചു.
നിലവില്‍ കേസ് ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ വിനീത് സരണ്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ഹരജിക്കാരന് ആവശ്യപ്പെട്ടതനുസരിച്ച് കേസ് വേഗത്തില്‍ പരിഗണിക്കാന്‍ ഡല്‍ഹി ഹൈക്കോടതിക്ക് സുപ്രിംകോടതി നിര്‍ദേശവും നല്കി.
ലോക്ക് ഡൗണായിട്ടും അടിയന്തരമായി പൂര്‍ത്തിയാക്കേണ്ട നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നൂറുകണക്കിന് തൊഴിലാളികളുടെ ജീവന് അപകടത്തിലാക്കുന്നതാണിതെന്ന് ചൂണ്ടിക്കാട്ടി അന്യ മല്‍ഹോത്ര, സൊഹൈല്‍ ഹാഷ്മി എന്നിവരാണ് ആദ്യം ഹൈക്കോടതിയെയും പിന്നാലെ സുപ്രിംകോടതിയെയും സമീപിച്ചത്. നോട്ടിസുപോലും അയക്കാതെ ഈ മാസം 17ലേക്ക് കേസ് നീട്ടിയതിനെ തുടര്‍ന്നാണ് ഹരജിക്കാര്‍ സുപ്രിംകോടതിയിലെത്തിയത്.
വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും ഐ.പി.എല്‍ പോലും നിര്‍ത്തിവച്ചെന്നും പണി ആറാഴ്ചത്തേക്ക് നിര്‍ത്തിയാല്‍ ഒരു കുഴപ്പവുമുണ്ടാകില്ലെന്നും ഹരജിക്കാരുടെ അഭിഭാഷകന് സിദ്ധാര്‍ഥ് ലുത്ര വാദിച്ചു. കേസൊന്നു നീട്ടിവച്ചതിന് സുപ്രിംകോടതിയെ സമീപിക്കുന്നത് ശരിയായ നടപടിയല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."