മഹാമാരിക്കാലത്തെ സാമൂഹിക ഉത്തരവാദിത്വം
കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന സൂചനകളാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്നത്. രണ്ടാം തരംഗത്തിലെ ദയനീയ കാഴ്ചകള്‍ നമുക്ക് മുന്നിലുണ്ട്. ആളുകള്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിക്കുന്നു. ഡല്‍ഹിയില്‍ ഉള്‍പ്പെടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നു. നഗരത്തില്‍ മാത്രമല്ല, ഗ്രാമീണ മേഖലയിലേക്കും ഇത് വ്യാപിക്കുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. നമ്മുടെ കേരളത്തില്‍ പോലും ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ വരുന്നതിന്റെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ശാന്തി കവാടത്തില്‍ സംസ്‌കരിക്കാനെത്തിയ കൊവിഡ് ബാധിച്ച മൃതദേഹങ്ങളുടെ എണ്ണം 19 ആണ്.
കൊവിഡ് വ്യാപനം തടയുന്നതിനും ആരോഗ്യ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കേണ്ട, എടുത്ത നടപടികളെ പറ്റിയും സുപ്രിംകോടതി നിരീക്ഷണം നടത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഓക്‌സിജന്‍ വിതരണത്തിലെ വിഭജനരീതി പുനഃപരിശോധിക്കണമെന്നും വിവേചനരഹിത വിതരണം ആവശ്യമാണെന്നും സുപ്രിംകോടതി ജഡ്ജി ഡി.വൈ ചന്ദ്രചൂഡ് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കുകയുണ്ടായി. സംസ്ഥാന ഹൈക്കോടതികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നുണ്ട്. കൊവിഡ് നിര്‍ണയിക്കുന്നതിനുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്റെ നിരക്ക് 500 രൂപയാക്കി കേരള സര്‍ക്കാര്‍ കുറച്ചിരുന്നു. 1700 രൂപയോളം ആണ് ഇതിനുവേണ്ടി സ്വകാര്യ ലാബുകള്‍ ഈടാക്കിയിരുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ പൊതുവേ കഷ്ടത്തിലായ ജനതയെയാണ് ഉയര്‍ന്ന നിരക്ക് ഈടാക്കി സ്വകാര്യ ലാബുകള്‍ കൊള്ളയടിച്ചിരുന്നത്. അതും ഉന്നതമായ മാനവിക മൂല്യങ്ങളുണ്ടെന്ന് വിശ്വസിക്കുന്ന കേരളത്തിലാണ് എന്നത് ഇവിടെ പ്രത്യേകം എടുത്തുപറയേണ്ടതാണ്. കേരള സര്‍ക്കാരിന്റെ ശ്രദ്ധേയമായ ഇടപെടല്‍ വന്നതിനു ശേഷവും സ്വകാര്യ ലാബുകള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കാനുള്ള ശ്രമം നടത്തുകയും സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ 10 ലാബുകള്‍ ഹൈക്കോടതിയെ സമീപിക്കുകയുമുണ്ടായി. 135 മുതല്‍ 250 രൂപ വരെ മാത്രം ചെലവു വരുന്ന ടെസ്റ്റിന് ഉയര്‍ന്ന് നിരക്ക് ഈടാക്കുന്നതിനോട് ഒരു തലത്തിലും യോജിക്കാനാവുകയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ശരിവയ്ക്കുകയുമാണെന്നുമാണ് കേരള ഹൈക്കോടതി പറഞ്ഞത്. കേരളം ആവശ്യപ്പെട്ട വാക്‌സിന്‍ എന്നു ലഭ്യമാക്കുമെന്ന് അറിയിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയുണ്ടായി. ഒപ്പം വാക്‌സിന്‍ കേന്ദ്രങ്ങളിലെ തിരക്കു നിയന്ത്രിക്കാനും സാമൂഹ്യഅകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും പൊലിസിനെ നിയോഗിക്കണമെന്നും കേരള സര്‍ക്കാരിനോട് നിര്‍ദേശിക്കുകയുണ്ടായി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ ശരിയായ ദിശയില്‍ കുറച്ചുകൂടി കുറ്റമറ്റ രീതിയിലാക്കാന്‍ ജുഡിഷ്യറിയില്‍ നിന്നുള്ള ആക്ടിവിസം ഉപകരിക്കും.
കേന്ദ്ര സര്‍ക്കാരാണ് കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കേണ്ടത്. വാക്‌സിന്റെയും ഓക്‌സിജന്റെയും നിര്‍മാണ, വിതരണത്തെ നിയന്ത്രിക്കുന്നതിനും ക്രമപ്പെടുത്തുന്നതിനുമുള്ള മുഖ്യഏജന്‍സി കേന്ദ്ര സര്‍ക്കാരാണെന്നും അത് ശരിയാംവിധം രാഷ്ട്രീയത്തിനപ്പുറം സംസ്ഥാനങ്ങള്‍ക്ക് വിതരണം നടത്തിയുമുള്ള കോ ഓപറേറ്റീവ് ഫെഡറലിസമാണ് വേണ്ടതെന്നുമുള്ള സാമൂഹ്യശാസ്ത്രജ്ഞനായ ഗോപാല്‍ ഗുരുവിന്റെ അഭിപ്രായം ഇവിടെ പ്രസക്തമാണ്. കൊവിഡ് റിലീഫിനായി പ്രധാനമന്ത്രി കഴിഞ്ഞ വര്‍ഷം തന്നെ പി.എം കെയേര്‍സ് ഫണ്ട് രൂപീകരിക്കുകയും അതിലേക്ക് വലിയ തോതില്‍ പണം വരികയുമുണ്ടായിട്ടുണ്ട്. ഒാരോ എം.പിക്കും തന്റെ മണ്ഡലത്തില്‍ ഒരു വര്‍ഷം ചെലവഴിക്കാന്‍ നല്‍കിയിരുന്ന അഞ്ചു കോടി രൂപയുടെ ങജഘഅഉ ഫണ്ടും കൊവിഡ് റിലീഫിന്റെ പേരില്‍ നിര്‍ത്തലാക്കിയിട്ട് ഒരു വര്‍ഷമാകുന്നു. അതുകൊണ്ടുതന്നെ ഭരണഘടനാപരമായും നിലവിലെ ഭരണരീതിയുടെ അടിസ്ഥാനത്തിലും കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ ഉത്തരവാദിത്വങ്ങളുണ്ട്. അത് യഥാവിധി നിര്‍വഹക്കപ്പെടേണ്ടതുണ്ട്. കൊവിഡ് രണ്ടാം തരംഗത്തെ മുന്‍കൂട്ടി കണ്ട് വാക്‌സിനും ഓക്‌സിജനും ആരോഗ്യമേഖലയിലെ സൗകര്യങ്ങളും വര്‍ധിപ്പിച്ചിരുന്നുവെങ്കില്‍ രണ്ടാം തരംഗത്തിലെ മരണനിരക്ക് കുറയ്ക്കാനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സാധിച്ചേനെ. അതിലുള്ള വീഴ്ച സൂചിപ്പിക്കുന്നത് രണ്ടാം തരംഗം ഒരര്‍ഥത്തില്‍ മനുഷ്യനിര്‍മിതം എന്നതാണ്.
കേരളത്തിലെ സാഹചര്യത്തില്‍ നമ്മുടെ ആരോഗ്യ സംവിധാനം മെച്ചപ്പെട്ടതാണെന്ന് പറയുമ്പോള്‍ തന്നെ ജനങ്ങളുടെ ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരികയാണ്. അതിനാല്‍ കൊവിഡ് പ്രതിരോധശേഷി എത്രത്തോളം ഓരോ വ്യക്തിയിലുമുണ്ടെന്നത് ഒരു ചോദ്യമായി നില്‍ക്കുന്നു. കൊവിഡ് പിടിപെടുന്ന പലരും മരണപ്പെടുന്നതിനു മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി കാരണമായുണ്ടെന്ന് പറയപ്പെടുന്നു. വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ചു സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. അതിനെ സ്വാഗതം ചെയ്യുന്നു. എല്ലാവര്‍ക്കും സൗജന്യം എന്നതിനു പകരം അര്‍ഹതപ്പെട്ട പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കാന്‍ മാനദണ്ഡം നിശ്ചയിക്കുകയും മറ്റുള്ളവര്‍ക്ക് ഒരു മിനിമം പ്രൈസില്‍ ലഭ്യമാക്കുകയുമാണ് വേണ്ടത്. ആ തുക ഓക്‌സിജന്‍ സൗകര്യം ഉറപ്പുവരുത്തുന്നതിലേക്ക് നീക്കിവയ്ക്കുകയും ഭാവിയിലെ പ്രതിസന്ധി മുന്നില്‍കണ്ട് ഓക്‌സിജന്‍ ഉല്‍പാദനത്തിലും വിതരണത്തിലും സൗകര്യമൊരുക്കുന്നതിലും ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിലുമാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് പൊതുസമൂഹത്തോട് ഉത്തരവാദിത്വമുണ്ടെന്ന് പറയുന്നതുപോലെ ഒരു സമൂഹ്യജീവിയെന്ന നിലയില്‍ ഓരോ മനുഷ്യനും സമൂഹത്തെ ബാധിച്ച ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ ഉത്തരാവാദിത്വമുണ്ട്. സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കാനും രോഗികള്‍ക്ക് ചികിത്സയൊരുക്കാനും മാത്രമേ സാധിക്കുകയുള്ളൂ. രോഗവ്യാപനത്തെ തടയാന്‍ ഓരോ വ്യക്തിയും സാമൂഹ്യഅകലം പാലിച്ചും മാസ്‌ക് ധരിച്ചും അനാവശ്യ ഒത്തുകൂടലില്‍ നിന്നുള്‍പ്പെടെ വിട്ടുനില്‍ക്കുകയും ചെയ്യേണ്ടതുണ്ട്. ഈ ഉത്തരവാദിത്വം ഓരോ വ്യക്തിയും പാലിക്കുകയും മറ്റുള്ളവരോട് പാലിക്കാന്‍ നിര്‍ദേശിച്ച് മാതൃകയാവുകയും ചെയ്യുമ്പോഴാണ് പ്രതിരോധം പൂര്‍ണമാകുന്നത്. കൊവിഡ് രൂക്ഷമായ സമയത്തും പതിനായിരത്തിലധികം വ്യക്തികളില്‍ നിന്നാണ് ശരിയാംവിധം മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ പിഴ ഈടാക്കേണ്ടി വന്നത്.
മഹാമാരിക്കാലത്ത് സ്ഥിരവരുമാനമുള്ള ചെറിയ ന്യൂനപക്ഷമൊഴിച്ചു മഹാഭൂരിപക്ഷവും ദുരിതത്തിലാണ്. ഈ സാഹചര്യത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കും മെഡിക്കല്‍ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള വിനിമയങ്ങള്‍ക്കും അമിത വില ഈടാക്കിയുള്ള ചൂഷണങ്ങള്‍ ചെയ്യില്ലെന്നുള്ള മൂല്യാധിഷ്ഠിത ജീവിതം ഉയര്‍ത്തിപ്പിടിക്കാം. അന്യന്റെ സങ്കടം തന്റേതുമാണെന്ന ബോധ്യത്തോടെ നമുക്കു ചുറ്റുമുള്ള കഷ്ടതയനുഭവിക്കുന്നവര്‍ക്ക് ഒരു കൈ സഹായം നല്‍കി കരുണയുള്ളവരാകാം.
സര്‍ക്കാരിന്റെ ഉചിതമായ ഇടപെടലും അതനുസരിച്ചുള്ള സാമൂഹ്യജീവിതം കൊണ്ടും മാത്രമേ ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ സാധിക്കൂ. ഓരോരുത്തരും കാണിക്കുന്ന അലംഭാവം രോഗത്തിന്റെ വ്യാപനമുണ്ടാക്കാനും നമ്മുടെ ജീവന്‍ അപഹരിക്കാനും ദൈനംദിന ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കാനുമാണ് സഹായിക്കുക. ഇതില്‍നിന്നുള്ള മോചനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ജാഗ്രതയും കരുതലുമാണ് കാലം ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."