ആശങ്കയ്ക്ക് വിരാമം; ചൈനയുടെ റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു
ബീജിങ്: ഭീതിയുടെ മണിക്കൂറുകള്‍ക്കു വിരാമമിട്ട് ചൈനയുടെ റോക്കറ്റ് ഭാഗം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു.
ലോക രാജ്യങ്ങളെ പേടിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ചൈനയുടെ ബഹിരാകാശ റോക്കറ്റിന്റെ 18 ടണ്ണോളം ഭാരമുള്ള അവശിഷ്ടമാണ് ഇന്നലെ രാവിലെ കടലില്‍ പതിച്ചത്. ഏപ്രില്‍ 29ന് ചൈന വിക്ഷേപിച്ച ലോങ് മാര്‍ച്ച് 5 ബിയുടെ ഭാഗമാണ് രാവിലെ ഇന്ത്യന്‍ സമുദ്രത്തില്‍ മാലെ ദ്വീപിന് സമീപം പതിച്ചത്. ചൈനയുടെ ബഹിരാകാശ വിഭാഗമാണ് ഇത് സ്ഥിരീകരിച്ച് റിപോര്‍ട്ടുകള്‍ പുറത്തു വിട്ടത്. റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുമെന്ന് യു.എസ് സൈന്യത്തിന്റെ 18 സ്‌പേസ് കണ്‍ട്രോള്‍ സ്‌ക്വാഡ്രന്‍ വിഭാഗം പ്രവചിച്ചിരുന്നു.
ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ അന്തരീക്ഷത്തില്‍ പ്രവേശിച്ച റോക്കറ്റ് അക്ഷാംശം 2.65 ഡിഗ്രിക്കും രേഖാംശം 72.47 ഡിഗ്രിക്കും ഇടയില്‍ ഒന്‍പതു മണിയോടെയാണ് പതിച്ചത്. റോക്കറ്റിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ വച്ചു തന്നെ കത്തിനശിച്ചതായും ചൈന സ്‌പേസ് എന്‍ജിനീയറിങ് ഓഫിസ് അറിയിച്ചു.
ചൈനയുടെ സ്വപ്‌നപദ്ധതിയായ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രധാനഭാഗമായ ടിയാന്‍ഹെ മൊഡ്യൂളിനെയാണ് ഏപ്രില്‍ 29നു റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചത്. ശേഷം തിരിച്ചിറക്കുന്നതിനിടെ റോക്കറ്റിനു നിയന്ത്രണം വിടുകയായിരുന്നു. സാധാരണഗതിയില്‍ തിരിച്ചിറങ്ങുന്ന കോര്‍ സ്റ്റേജ് 'ഡീ ഓര്‍ബിറ്റ്' ബേണ്‍ എന്ന പ്രക്രിയയിലൂടെ കൃത്യസ്ഥലത്ത് ഇറക്കാന്‍ കഴിയും. എന്നാല്‍ ലോങ് മാര്‍ച്ചിന്റെ കാര്യത്തില്‍ റോക്കറ്റിനെ നിയന്ത്രിക്കാന്‍ അവര്‍ക്കായില്ല.
ഇതോടെ നിയന്ത്രണം വിട്ട റോക്കറ്റ് ഭൂമിയില്‍ എവിടെയും പതിക്കാമെന്നും അപകടമുണ്ടാക്കാമെന്നുമുള്ള ഭീതിയുണ്ടായി.സ്‌പെയിന്‍, ഇസ്‌റാഈല്‍, ആസ്‌ത്രേലിയ, ന്യൂസിലാന്റ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ അവശിഷ്ടം വീഴാന്‍ സാധ്യത ഏറെയാണെന്നും റിപ്പോര്‍ട്ടുകളെത്തി. ലോകമാധ്യമങ്ങളും ഇക്കാര്യത്തില്‍ വാര്‍ത്തകള്‍ നല്‍കി. മെയ് 8ന് ഭൂമിയില്‍ പതിക്കുമെന്നായിരുന്നു കരുതിയിരുന്നത്. തുടക്കത്തില്‍ ചൈന ഇക്കാര്യത്തില്‍ വ്യക്തമായ പ്രതികരണങ്ങള്‍ നല്‍കാതിരുന്നതും ആശങ്ക വര്‍ധിപ്പിച്ചിരുന്നു.
തിരികെയെത്തുന്ന റോക്കറ്റ് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അവശിഷ്ടത്തിന്റെ ഭൂരിഭാഗവും കത്തി നശിച്ചിട്ടുണ്ടാകുമെന്നായിരുന്നു ചൈനയുടെ പ്രതികരണം.നാശനഷ്ടമുണ്ടാക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെബിനും പ്രതികരിച്ചിരുന്നു.
100 അടി ഉയരവും 22 ടണ്‍ ഭാരവുമുണ്ട് 5ബി റോക്കറ്റിന്. ഇതിന്റെ 18 ടണ്‍ ഭാരമുള്ള ഭാഗമാണ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിച്ചത്.ഇതിന്റെ കൃത്യമായ സ്ഥലവും അവശിഷ്ടങ്ങളുടെ കാര്യങ്ങളുമെല്ലാം ഇനിയും പുറത്തുവരേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."