സില്‍വര്‍ലൈന്‍ ബദല്‍ സംവാദം മേയ് നാലിന്: മുഖ്യമന്ത്രി പങ്കെടുക്കുമോ ? ഉറ്റുനോക്കി കേരളം
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിക്കുന്ന ബദല്‍ സംവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുമോ ? മേയ് നാലിന് തലസ്ഥാനത്ത് നടത്തുന്ന ജനകീയ സംവാദത്തിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയനെയും കെ-റെയില്‍ എം.ഡി വി.അജിത്കുമാറിനെയും സംഘാടകരായ ജനകീയ പ്രതിരോധ സമിതി ക്ഷണിച്ചിരിക്കുന്നത്.
ഈ മാസം 23 മുതല്‍ മുഖ്യമന്ത്രി ചികിത്സയുടെ ഭാഗമായി അമേരിക്കയിലാണ്. എന്നാല്‍ എത്ര ദിവസമാണ് ചികിത്സ എന്നോ എന്ന് മുഖ്യമന്ത്രി തിരിച്ചുവരുമെന്നോ ഉറപ്പായിട്ടില്ല. അതുകൊണ്ടുതന്നെയാണ് അദ്ദേഹം തിരിച്ചെത്തുമോ തിരിച്ചെത്തിയാല്‍ തന്നെ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതവരാത്തത്. ഇക്കാര്യത്തില്‍ പാര്‍ട്ടി വൃത്തങ്ങളും നിലപാട് വ്യക്തമാക്കിയിട്ടില്ല.
കെ-റെയിലിന്റെ ചര്‍ച്ചയില്‍ നിന്ന് റെയില്‍വേ റിട്ട.ചീഫ് എന്‍ജിനിയര്‍ അലോക് കുമാര്‍ വര്‍മ്മ, പരിസ്ഥിതി ഗവേഷകനായ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പിന്മാറിയ സാഹചര്യത്തിലാണ് ജനകീയ ബദല്‍ സംവാദ സദസ്സ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. അതേസമയം ബദല്‍ സംവാദത്തിന്റെ വേദിയും സമയവും തീരുമാനിച്ചിട്ടില്ല.
അലോക് കുമാര്‍ വര്‍മ്മ, മെട്രോമാന്‍ ഇ.ശ്രീധരന്‍, മുന്‍ മന്ത്രി തോമസ് ഐസക്, ഡോ.കെ.പി. കണ്ണന്‍, പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍, ജോസഫ് സി.മാത്യു, കുഞ്ചെറിയ പി. ഐസക്, ആര്‍.വി.ജി. മേനോന്‍, ട്രിവാന്‍ഡ്രം ചേംബര്‍ ഒഫ് കോമേഴ്‌സ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, സി.ആര്‍. നീലകണ്ഠന്‍, ജോണ്‍ പെരുവന്താനം. ഡോ.എം.പി. മത്തായി തുടങ്ങിയവരെയും ജനപ്രതിനിധികളെയും ജനകീയ പരിസ്ഥിതി പ്രവര്‍ത്തകരെയും സംവാദത്തിലേക്ക് ക്ഷണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."