ഈദ് ഇൻ ദുബൈ സ്റ്റാമ്പുമായി ദുബൈ വിമാനത്താവളം
ദുബൈ: ഈദ് അവധി ദിനങ്ങളിൽ ദുബൈ വിമാനത്താവളങ്ങളിൽ എത്തുന്ന സന്ദർശകരുടെ പാസ്പോർട്ടിൽ പ്രത്യേക സീൽ പതിപ്പിക്കും. ഈദ് ഇൻ ദുബൈ എന്ന് രേഖപ്പെടുത്തിയ പ്രത്യേക സീൽ പതിച്ചാണ് അധികൃതർ ദുബൈയിലേക്ക് യാത്രക്കാരെ വരവേൽക്കുന്നത്. സഞ്ചാരികളുടെ ദുബൈയിലേക്കുള്ള യാത്രയും ഈദ് ആഘോഷവും അവിസ്മരണീയമാക്കുന്നതിന്റ ഭാഗമായാണ് പാസ്പോർട്ടിൽ പ്രത്യേക മുദ്ര പതിപ്പിക്കുന്നത്. ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും ബ്രാൻഡ് ദുബൈയും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനും, അതിന്റെ ഊർജ്ജസ്വലമായ സംസ്‌കാരവും പാരമ്പര്യവും പ്രദർശിപ്പിക്കുന്നതിനുമുള്ള ദുബൈയിയുടെ പ്രതിബദ്ധതയാണ് ഈദ് ഇൻ ദുബൈ സ്റ്റാമ്പ്. ഇമിഗ്രേഷൻ പ്രക്രിയയിൽ പ്രത്യേക സ്റ്റാമ്പ് ഉൾപ്പെടുത്തുന്നതിലൂടെ, ആഘോഷ സീസണിൽ യാത്രക്കാർക്കിടയിൽ ആവേശവും വൈകാരികതയും സൃഷ്ടിക്കുക എന്നതാണ് അധികൃതർ ലക്ഷ്യമിടുന്നത്.
ദുബൈയിലേക്കുള്ള സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനും നഗരത്തില്‍ അവർ ചെലവഴിച്ച സന്ദർഭങ്ങളുടെ അതുല്യമായ ഒരു സ്മരണിക നൽകുന്നതിനുമായി രൂപപ്പെടുത്തിയ പ്രത്യേക മുദ്രയാണ് ഇതെന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർ റി വ്യക്തമാക്കി. ദുബൈയുടെ സ്വത്വത്തിന്റെ അവിഭാജ്യ മൂല്യങ്ങളായ സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും വൈവിധ്യം ആഘോഷിക്കുന്നതിന്റെയും പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
സന്ദർശകരെ സംബന്ധിച്ചിടത്തോളം ദുബൈ നഗരത്തിന്റെ ഊഷ്മളമായ ആലിംഗനത്തെയാണ് ഈ സ്റ്റാമ്പ് അടയാളപ്പെടുത്തു. ഓരോ സന്ദർശകർക്കും മറക്കാനാവാത്ത ഓർമ്മകൾ സൃഷ്ടിക്കുന്നതിന് ദുബൈ നഗരത്തിനുള്ള പ്രതിബദ്ധതയുടെ അടയാളം കൂടിയാണ് ഈ സീൽ. ഈദ് ആഘോഷങ്ങൾ നടക്കുമ്പോൾ ലോകമെമ്പാടുമുള്ള യാത്രക്കാരെ ആഘോഷത്തിൽ പങ്കുചേർക്കുക എന്ന ഉദ്ദേശ്യവും ഈ സീലിനുണ്ട്. നഗരഹൃദയത്തിൽ- ഈദിന്റെ മാസ്മരികാനുഭൂതി സന്ദർശകരിലേക്ക് പകരാനും ദുബൈ ലക്ഷ്യം വെക്കുന്നുണ്ട് ഇത്തരം നടപടികളിലൂടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."