HOME
DETAILS
MAL
കടലാക്രമണം രൂക്ഷം താഴ്ന്ന ഇടങ്ങളില്‍ വെള്ളം കയറി
backup
May 15 2021 | 04:05 AM
ന്യൂനമര്‍ദം തീവ്രമായതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും കടലാക്രമണം രൂക്ഷമായി. താഴ്ന്ന ഇടങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനുമുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ ഒന്‍പത് സംഘങ്ങളെ കേരളത്തിലെ വിവിധ ജില്ലകളില്‍ വിന്യസിച്ചു.
വ്യാഴാഴ്ച അര്‍ധരാത്രിയോടെ തിരുവനന്തപുരം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. കരമനയാറും കിള്ളിയാറും കരകവിഞ്ഞൊഴുകിതോടെ കാലടി, ജഗതി പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. പൊഴിയൂര്‍, പൂന്തുറ ചേരിയാമുട്ടം എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമായി. ജില്ലയില്‍ 263 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ തീരദേശമേഖലയില്‍ കടലാക്രമണം രൂക്ഷമായി. ചാലിയം, കോതി നൈനാംവളപ്പ്, തോപ്പയില്‍, പുതിയകടവ്, കൊയിലാണ്ടി, വടകര എന്നിവിടങ്ങളില്‍ രണ്ടുദിവസമായി കടലാക്രമണം രൂക്ഷമാണ്. കടല്‍ഭിത്തിക്കു മുകളിലൂടെ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങി എത്തുന്നതാണ് വീടുകള്‍ക്ക് ഭീഷണിയാവുന്നത്.
തൃശൂര്‍ ജില്ലയിലെ ചാവക്കാട്ട് കടല്‍ക്ഷോഭം ശക്തമായതോടെ കടപ്പുറം പഞ്ചായത്തിലെ തീരമേഖലയില്‍നിന്ന് നിരവധി വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമുയുണ്ടായ കടല്‍ ക്ഷോഭം ഇടക്കൊന്ന് ശമിച്ച് വെള്ളിയാഴ്ച ഉച്ചയോടെയാണ് ശക്തി പ്രാപിച്ചത്. പുന്നയൂര്‍ പഞ്ചായത്തിലെ മന്ദലാംകുന്ന് ബീച്ച്, അകലാട്, എടക്കഴിയൂര്‍ ബീച്ചുകളിലും കടലാക്രമണം ശക്തമാണ്.
എറണാകുളം ജില്ലയില്‍ തീരമേഖലയായ ചെല്ലാനം, വൈപ്പിന്‍ പ്രദേശങ്ങളില്‍ സ്ഥിതി ഗുരുതരമായി. പുലര്‍ച്ചെ മുതലുള്ള തോരാമഴയും കടല്‍ക്ഷോഭവും മൂലം ആദ്യം വടക്കേ ചെല്ലാനവും ഉച്ചയോടെ പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളും വെള്ളത്തിലായി. വൈപ്പിന്‍ കരയിലും രാത്രി വൈകിയും കടല്‍കയറ്റം തുടരുകയാണ്. വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ മുറ്റത്ത് കൂടെ ശക്തമായ ഒഴുകിയ കടല്‍ വെള്ളത്തിലേക്ക് കാല്‍വഴുതി വീണ് വയോധികന്‍ മരിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഭൂതത്താന്‍കെട്ട് ഡാമിന്റെ നാല് ഷട്ടറുകള്‍ ഭാഗികമായി തുറന്നു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
നിലയ്ക്കാത്ത മഴയും ശക്തമായ കടലാക്രമണവും ആലപ്പുഴയില്‍ കനത്ത നാശം വിതച്ചു. കുട്ടനാട്ടിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. കാവാലത്തും ചമ്പക്കുളത്തും മടവീഴ്ചയുണ്ടായി. പുഞ്ചകൃഷിയുടെ കൊയ്ത്തിനെയും സംഭരണത്തെയും മഴ ബാധിച്ചു. കടലാക്രമണം ശക്തമായതോടെ ആറാട്ടുപുഴ, വലിയഴീക്കല്‍ പ്രദേശത്ത് വീടുകളില്‍ വെള്ളം കയറുകയും തെങ്ങുകള്‍ കടപുഴകി വീഴുകയും ചെയ്തു.
കനത്ത മഴയിലും കാറ്റിലും കൊല്ലം ജില്ലയില്‍ വന്‍ നാശനഷ്ടമുണ്ടായി. തീരദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. പലയിടത്തും ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആറു കപ്പലുകള്‍ കൊല്ലം തുറമുഖത്ത് അടുപ്പിച്ചു. വ്യാഴാഴ്ച രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ഇടുക്കി എന്നിവിടങ്ങളിലാണ് ദേശീയ ദുരന്തനിവാരണ സേനയുടെ സംഘങ്ങളെ വിന്യസിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."